-->
സ്ത്രീ സുരക്ഷയെക്കുറിച്ചും സ്ത്രീകളുടെ പുരോഗതിയെക്കുറിച്ചും നിരന്തരം ചര്‍ച്ചകള്‍ നടക്കുന്ന ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. സ്ത്രീ സ്വതന്ത്രയാണ്, അവള്‍ക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാമെന്ന് അലമുറയിട്ട് പറയുമ്പോഴും ഈ കാലഘട്ടത്തിലെ ഒരു പെണ്‍കുട്ടിക്ക് രാത്രി തനിച്ച് റോഡിലൂടെ പേടിയില്ലാതെ നടന്നു പോകാന്‍ കഴിയില്ല. ഇന്ത്യയുടെ സാഹചര്യത്തില്‍ ഒട്ടം സാധ്യമാകുന്ന കാര്യമല്ലത്. മറ്റുള്ള രാജ്യങ്ങളിലെ അവസ്ഥയും ഒട്ടും പിറകിലല്ല എന്നു വേണം പറയാന്‍.
എന്നാല്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായ ദുബായില്‍ സ്ത്രീകള്‍ക്ക് ഏതു സമയത്തും ആരെയും പേടിയില്ലാതെ സഞ്ചരിക്കാം. തിരിഞ്ഞു നോക്കി മനസ്സില്‍ ഭീതി നിറച്ച് നടക്കുന്നതിന് പകരം ഒട്ടം ഭയമില്ലാതെ ശാന്തമായി താമസിക്കുന്നയിടത്ത് എത്തിച്ചേരാം.
ഇപ്പോഴിതാ ഇത് സത്യമാണെന്ന് അടിവരയിടുന്ന ഒരു വീഡിയോയാണ് ഇന്ത്യന്‍ യുവതി സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുന്നത്. പുലർച്ചെ 2.30ക്ക് ശേഷം ചിത്രീകരിച്ച വീഡിയോയാണെന്ന് യുവതി പറയുന്നത്. ദുബായ് നഗരത്തിലൂടെ ഒരു ഇന്ത്യൻ യുവതി പുലർച്ചെ ഒറ്റയ്ക്ക് നടന്നുപോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. തൃഷാ രാജ് എന്ന യുവതിയാണ് വൈറലായ ഈ വീഡിയോയിലുള്ളത്. പുലർച്ചെ രണ്ടരയ്ക്ക് ദുബൈയിലെ തെരുവുകളിലൂടെ ഒറ്റയ്ക്ക് നടക്കുമ്ബോള്‍ സുരക്ഷിതത്വം തോന്നിയതിനെക്കുറിച്ചാണ് അവർ വീഡിയോയില്‍ സംസാരിക്കുന്നത്. ഇപ്പോള്‍ സമയം പുലര്‍ച്ചെ 2.37 ആയെന്നും താന്‍ റോഡിലൂടെ തനിച്ച് നടക്കുകയാണെന്നും തൃഷ വീഡിയോയില്‍ പറയുന്നു.
‘‘ഇന്ത്യയിൽ ഒരു പെൺകുട്ടിയായി വളർന്നപ്പോൾ, എനിക്ക് എപ്പോഴും നിയന്ത്രണങ്ങൾ അനുഭവപ്പെട്ടു, പ്രത്യേകിച്ച് രാത്രിയിൽ പുറത്തുപോകുമ്പോൾ. സുരക്ഷിതത്വം അനുഭവിക്കാൻ ഞങ്ങൾക്ക് നമ്മുടെ സഹോദരങ്ങളോ ആൺസുഹൃത്തുക്കളോ ആവശ്യമായിരുന്നു. എന്നാൽ ദുബായിൽ കാര്യങ്ങൾ വളരെ വ്യത്യസ്തമാണ്.
ഇക്കഴിഞ്ഞ ദിവസം രാത്രി കഴിഞ്ഞ് പുലർച്ചെ 2:37 ന് ഞാൻ ഒറ്റയ്ക്ക് നടന്നു. വീട്ടിലേക്ക് മടങ്ങുമ്പോൾ എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒന്നായി ഈ യാത്ര മാറി. നിങ്ങൾക്കറിയാമോ? എനിക്ക് ഭയം തോന്നിയില്ല, ഞാൻ തല താഴ്ത്തി നടന്നില്ല. എനിക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും സ്വതന്ത്രതയും തോന്നി.
പെൺകുട്ടികളേ, നിങ്ങൾ എപ്പോഴെങ്കിലും ഒരു സ്വതന്ത്ര ജീവിതം സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഭയമില്ലാതെ രാത്രി ആസ്വദിക്കാൻ കഴിയുന്നിടം, ദുബായ് നിങ്ങൾക്ക് കൃത്യമായി അത് നൽകുന്നു...’’ എന്നാണ് വീഡിയോയില്‍ യുവതി പറയുന്നത്.
നിമിഷ നേരം കൊണ്ട് വൈറലായ വീഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് ദുബായ് എന്നതിന്റെ തെളിവാണ് ഈ വീഡിയോയിലൂടെ പലരും കണ്ടത്. സ്വന്തം രാജ്യമായ ഇന്ത്യയുമായി താരതമ്യം ചെയ്താണ് തൃഷാ രാജ് ദുബായിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുന്നത്.
ഇന്ത്യയില്‍ ഒരു സമയം കഴിഞ്ഞാല്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് അപകടകരമായ കാര്യമാണ്. വിവിധ നഗരങ്ങളിലെ സുരക്ഷയെ കുറിച്ചുള്ള തങ്ങളുടെ അനുഭവങ്ങള്‍ പലരും കമന്‍റിലൂടെ കുറിക്കുന്നുണ്ട്. ഒപ്പം ദുബായിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് പലരും അഭിനന്ദിക്കുന്നുമുണ്ട്.