-->
സിനിമ സീരിയൽ താരം വീണ നായരുടെ മുൻ ഭർത്താവും ആർജെയും നർത്തകനുമെല്ലാമായ അമൻ ഭൈമിയുടെ വിവാഹം രണ്ടാം വിവാഹം കഴിഞ്ഞ ദിവസം മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് നടന്നിരുന്നു. ഏറെ നാളുകളായി പ്രണയത്തിലായിരുന്ന അടുത്ത സുഹൃത്ത് റീബ റോയിയെയാണ് അമൻ വിവാഹം ചെയ്തത്. വളരെ ലളിതമായി നടന്ന വിവാഹത്തിനുശേഷം അടുത്ത സുഹൃത്തുക്കളെ അമനും റീബയും ഒരുമിച്ച് സന്ദർശിച്ചിരുന്നു.
വിവാഹവും സുഹൃത്തുക്കളുമായുള്ള ഒത്തുചേരലിനുമെല്ലാം ശേഷം അമൻ ഭാര്യയ്ക്കൊപ്പം തിരിച്ച് ദുബായിലേക്ക് മടങ്ങി. രണ്ടുപേരും ഏറെ നാളുകളായി ദുബായിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. തിരികെ പോകും മുമ്പ് ഏക മകൻ അമ്പാടിക്കൊപ്പം അമൻ സമയം ചിലവഴിച്ചിരുന്നു.
ഇപ്പോഴിതാ റീബയ്ക്കും അമ്പാടിക്കും ഒപ്പം അമൻ പങ്കിട്ട ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. മൂന്നാളും ഒരുമിച്ചുള്ള ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയായിട്ടാണ് അമൻ പങ്കിട്ടത്. ‘‘പ്രതീക്ഷിച്ചതിനേക്കാള്‍ പക്വതയുള്ള ഒരു മകനെ ലഭിച്ചതില്‍ ഞാൻ ഭാഗ്യവാനാണ്. നിന്നില്‍ എപ്പോഴും ദയ നിലനില്‍ക്കട്ടെ. സത്യം മാത്രമേ നിന്റെ ചുവടുകളെ നയിക്കൂ...’’ എന്നാണ് അമൻ ചിത്രം പങ്കുവെച്ച് കുറിച്ചത്. അമ്പാടിക്ക് പരിചിതമായ മുഖമാണ് റീബയുടേത്. ഇടയ്ക്കിടെ അമനൊപ്പം താമസിക്കാനായി അമ്പാടി ദുബായില്‍ എത്താറുണ്ട്. വിവാഹശേഷം റീബയുമായി അമ്പാടിയെ കാണാൻ പോയതിന്റെ സന്തോഷം സോഷ്യല്‍മീഡിയ വഴി അമൻ പങ്കുവെച്ചിട്ടുണ്ട്. തന്നെ മനസിലാക്കുന്ന കുഞ്ഞിനെയാണ് മകനായി ലഭിച്ചത് എന്നത് അമൻ ക്യാപ്ഷനിലൂടെ പറയാതെ പറയുന്നു.
രണ്ടാം വിവാഹം കഴിഞ്ഞുവെന്ന സന്തോഷം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചപ്പോള്‍ ആശംസകളേക്കാള്‍ വിമർശനമാണ് അമന് നേരിടേണ്ടി വന്നത്. കൂടുതല്‍ ഹേറ്റ് കമന്റും കുഞ്ഞുമായി ബന്ധപ്പെടുത്തിയായിരുന്നു. ‘ഇവനൊക്കെ മനുഷ്യനാണോയെന്നും വിവാഹബന്ധം തകരുമ്പോൾ ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്നത് കുഞ്ഞുങ്ങളാണെന്നും’ ചിലർ വിമർശിച്ച് കുറിച്ചിരുന്നു. എല്ലാത്തിനുമുള്ള മറുപടിയാണ് ഒറ്റ ഫോട്ടോയിലൂടെ അമൻ നല്‍കിയത്. അമനോടുള്ള അതേ അടുപ്പവും സ്നേഹവും വീണയുടെ മകന് റീബയോടുമുണ്ടെന്നതും ഫോട്ടോയില്‍ നിന്നും വ്യക്തമാണ്. മകനൊപ്പമാണ് ഇത്തവണ അമൻ ഓണം ആഘോഷിച്ചത്.
മകൻ എല്ലാ കാര്യങ്ങളെയും മനസിലാക്കുന്ന രീതി തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അവന്റെ പക്വത തന്റെ ജോലി എളുപ്പമാക്കാറുണ്ടെന്ന് മുമ്പ് വീണയും പറഞ്ഞിട്ടുണ്ട്. താൻ ഷോകളും ഷൂട്ടുമായി വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ട സാഹചര്യം വരുമ്പോൾ അമനാണ് കുഞ്ഞിനെ പരിപാലിക്കുന്നതെന്ന് വീണ തന്നെ പലപ്പോഴായി പറഞ്ഞിരുന്നു.
അമന്റെ രണ്ടാം വിവാഹത്തിന്റെ ഫോട്ടോകള്‍ പുറത്ത് വന്നപ്പോള്‍ വീണ നായർ പങ്കിട്ട പോസ്റ്റും ചർച്ചയായി മാറിയിരുന്നു. വർഷങ്ങളോളം പ്രണയിച്ചശേഷം വിവാഹം ചെയ്ത വീണയും അമനുമായുള്ള ദാമ്പത്യം അവസാനിച്ചത് പ്രേക്ഷകർക്കും ഞെട്ടലായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ ദാമ്പത്യം നിയമപരമായി അവസാനിപ്പിച്ചത്. ബിഗ് ബോസില്‍ മത്സരാർത്ഥിയായി എത്തിയപ്പോള്‍ വീണ ഏറ്റവും കൂടുതല്‍ സംസാരിച്ചതും അമനേയും കുഞ്ഞിനെയും കുറിച്ചായിരുന്നു. കണ്ണേട്ടൻ എന്ന് വീണ വിളിക്കുന്നതടക്കം ബിഗ് ബോസ് പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. ഭർത്താവാണ് ലോകമെന്ന് പറഞ്ഞ് കഴിഞ്ഞിരുന്ന ആളാണ് വീണ. വീണയുടെ ദാമ്പത്യം തകർന്നുവെന്നത‍് പ്രേക്ഷകർക്കും അവിശ്വസനീയമായിരുന്നു.