-->
നടിയെ ആക്രമിച്ച കേസില്‍ കേരള ജനത ഉറ്റുനോക്കിയിരുന്ന വിധി വന്നത് ഇന്നലെയാണ്. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയ വാര്‍ത്ത നിമിഷനേരം കൊണ്ടാണ് മാധ്യമങ്ങളില്‍ നിറഞ്ഞത്. തന്റെ പേരില്‍ ആരോപിക്കപ്പെട്ട ഗൂഢാലോചനയെന്ന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതെ പോയതാണ് ദിലീപിനെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കാനുള്ള കാരണം.
എന്നാല്‍ ദിലീപിനെ കോടതി വെറുതെ വിട്ടതോടെ രണ്ട് ഭാഗങ്ങളായി തിരിഞ്ഞ് കേരള ജനത അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഇരയ്ക്ക് നീതി കിട്ടിയില്ലെന്നും കാശെറിഞ്ഞ് ദിലീപ് നിയമം വിലയ്ക്ക് വാങ്ങിയെന്നും അഭിപ്രായപ്പെടുന്നവരാണ് അവരില്‍ ഭൂരിഭാഗവും. എന്നാല്‍ ഒരു കൂട്ടര്‍ സത്യം ജയിച്ചുവെന്നും കുറ്റം ചെയ്യാത്ത ആള്‍ ശിക്ഷിക്കപ്പെടേണ്ട കാര്യമില്ലെന്നും ദിലീപങ്ങനെ ചെയ്യില്ലെന്ന് അറിയാമെന്ന് കുറിക്കുന്നവരുമുണ്ട്.
ഇപ്പോഴിതാ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ പ്രതികരണം കുറിക്കുകയാണ് അഭിനേത്രിയായ വീണാ നായര്‍. താൻ ഇരയ്ക്കൊപ്പമാണെന്നും എന്നാല്‍ തെറ്റ് ചെയ്യാത്തവർക്കും നീതി ലഭ്യമാക്കണമെന്നും വിജയത്തിന്റെ ദിവസമല്ല, സമാധാനത്തിന്റെ ദിവസമാണിതെന്നുമാണ് വീണാ നായർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘‘ഒരു മാറ്റവുംമില്ലാതെ പറയട്ടെ
ഞാനും ഇരക്കൊപ്പമാണ് പീഡിപ്പിക്കപ്പെടുന്ന ഓരോ ഇരക്കൊപ്പവും. ...
തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടുമ്പോൾ തെറ്റ് ചെയ്യാത്തവർക്ക് നീതി കിട്ടണ്ടേ? ???
വിജയം നേടിയ ദിവസം അല്ല സമാധാനത്തിന്റെ ദിവസമാണ് ഇന്ന്...ഒരു മനുഷ്യൻ സമാധാനത്തോടെ ശ്വാസം എടുക്കുന്ന ദിനം...പ്രാർത്ഥിച്ചവർക്കു പുഞ്ചിരിക്കാൻ കഴിയുന്ന ദിനം....അയാൾ ഒരു നടൻ ആയതുകൊണ്ടല്ല , പ്രശസ്തനായതുകൊണ്ടുമല്ല ഒരു മനുഷ്യനായി, തന്റെ സത്യം കേൾക്കപ്പെട്ടതിൽ ഞാനും സന്തോഷിക്കുന്നു കാരണം അയാളും ഒരു ഇര ആണ് .
മോശമായ വാക്കുകളും, മാധ്യമ വിചാരണ വിധികളും, ആരോപണങ്ങളും അയാൾ കേട്ടു.ജീവിതത്തിൽ ഇരുട്ടിൽ നിന്നപ്പോഴും അയാൾ പുഞ്ചിരിച്ചു. ... കുടുംബത്തെയും സുഹൃത്തുക്കളെയും സംരക്ഷിച്ചു....വീണ്ടും സിനിമകൾ ചെയ്തു നമ്മളെയും സന്തോഷിപ്പിച്ചു...പരാജയങ്ങൾ വീണ്ടും വീണ്ടും സംഭവിക്കുമ്പോഴും കരിയര്‍ അവസാനിച്ചെന്നു എല്ലാരും വിധി എഴുതുമ്പോഴും അയാളും അതിജീവിച്ചു....നിയമത്തെ അങ്ങേ അറ്റം ആദരിച്ചു വിശ്വസിച്ചു. ...
അത് വലിയ ധൈര്യം ആണ്....താൻ തെറ്റ് ചെയ്തിട്ടില്ലാന്നുള്ള വിളിച്ചു പറയൽ കൂടിയായിരുന്നു....ഇന്ന് കോടതി അത് ബോധ്യമാകുമ്പോൾ ഞാൻ ആ പ്രക്രിയയിലും ന്യായത്തിലും വിശ്വസിക്കുന്നു.
കാരണം സത്യം ഉയർന്നാൽ, ഒരു ഇരുട്ടിനും അതിനെ പിടിച്ചു നിർത്താൻ കഴിയില്ല....’’ എന്നാണ് ദിലീപിന്റെ പുഞ്ചിരിക്കുന്ന ചിത്രം പങ്കിട്ട് വീണാ നായര്‍ കുറിച്ചത്. വീണയുടെ പോസ്റ്റിനു താഴെയും നിരവധി പേര്‍ വിമര്‍ശിച്ചും പിന്തുണച്ചും കമന്റുകള്‍ കുറിക്കുന്നുണ്ട്.