-->
മലയാളസിനിമയില്‍ ഈയടുത്ത കാലത്തായി ഉണ്ടായ ചില നഷ്ടങ്ങള്‍ ഒരിക്കലും നികത്താനാവാത്ത വിടവുകളാണ് വരുത്തിയത്. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു പോയ ഈ ബഹുമുഖപ്രതിഭകള്‍ സമ്മാനിച്ചത് എന്നും മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്ന കഥാപാത്രങ്ങളാണ്. കാലമെത്ര കഴിഞ്ഞാലും മാധുര്യം ഒട്ടും കുറയാത്ത കഥാപാത്രങ്ങള്‍.
മറ്റൊരു ലോകത്തേക്ക് യാത്ര പോയവരില്‍ ഏറ്റവുമവസാനത്തെ പേര് തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശ്രീനിവാസന്റേതാണ്. കേരളക്കരയെയും മലയാളികളെയും തീരാനൊമ്പരത്തിലാഴ്ത്തിയാണ് ശ്രീനിവാസന്‍ വിട പറഞ്ഞത്. സഹപ്രവര്‍ത്തകരും സഹതാരങ്ങളുമടക്കം നിരവധി പേരാണ് അവരുടെ സ്വന്തം ശ്രീനിയുടെ വിടവാങ്ങലില്‍ കണ്ണീരണിഞ്ഞത്.
ഇപ്പോഴിതാ അക്കൂട്ടത്തില്‍ പെടുകയാണ് സിനിമ സീരിയല്‍ താരം വീണ നായര്‍. മലയാളസിനിമയ്ക്ക് നഷ്ടപ്പെട്ട ഒരു കൂട്ടം കലാകാരന്മാരുടെ ചിത്രങ്ങളും പങ്കിട്ടാണ് വീണയുടെ കുറിപ്പ്. മലയാള സിനിമാപ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുകയും പിന്നീടെപ്പോഴോ തങ്ങളുടെ ഗദ്ഗദങ്ങളിലൂടെ നൊമ്പരപ്പെടുത്തുകയും ഇടയ്ക്ക് വില്ലന്‍ വേഷങ്ങളടക്കം ചെയ്ത് അത്ഭുതപ്പെടുത്തുകയും ചെയ്ത സ്വഭാവ നടീനടന്മാരുടെ ചിത്രങ്ങളുടെ കൊളാഷിനൊപ്പമാണ് വീണയുടെ പോസ്റ്റ്.
‘‘അരങ്ങൊഴിഞ്ഞ പ്രിയപ്പെട്ടവർ...മാറ്റിവെക്കാൻ പറ്റാത്ത നഷ്ടങ്ങള്‍... സിനിമയെ സ്നേഹിക്കാൻ പഠിപ്പിച്ചവർ... വേർപാടുകൾ പലതും സിനിമക്ക് മാത്രമല്ല നമ്മളുടെ മനസിലും വേദന ആണ്, നഷ്ടമാണ്... തിരിച്ചു കിട്ടാത്ത മറ്റൊരു നഷ്ടം കൂടെ ...’’ എന്നാണ് വീണ കുറിച്ചത്. താരം പങ്കുവച്ച കൊളാഷില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലുള്ളത് നെടുമുടി വേണു, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ഇന്നസെന്റ്, തിലകന്‍, ഫിലോമിന, കെ.പി.എ.സി ലളിത, കല്പന, സുകുമാരി, കലാഭവണ്‍ മണി, കൊച്ചിന്‍ ഹനീഫ, മാമുക്കോയ എന്നിവരാണ്. കൂട്ടത്തില്‍ ഏറ്റവുമവസാനമായി ശ്രീനിവാസന്റെ ചിത്രവുമുണ്ട്.