-->
സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ താരമാണ് വീണ നായര്‍. വീണയിലൂടെയാണ് പ്രേക്ഷകര്‍ ആർജെയും നർത്തകനുമായ അമൻ ഭൈമി എന്ന സ്വാതി സുരേഷിനെ പ്രേക്ഷകര്‍ കൂടുതലറിഞ്ഞത്. താരത്തിന്റെ മുന്‍ ഭര്‍ത്താവായിരുന്നു അമന്‍. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന അമന്‍ തന്റെ സ്വരമാധുരിയിലൂടെ ഒരുപാട് കാഴ്ച്ചക്കാരുടെ മനസ്സ് കീഴടക്കിയിട്ടുണ്ട്.
ഇപ്പോഴിതാ അമൻ ഭൈമി തന്റെ പ്രണയിനി റീബ റോയിയെ വിവാഹം ചെയ്ത സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ്. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അമനും റീബയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും ദുബായില്‍ ലിവിംഗ് റിലേഷനിലായിരുന്നു. പിന്നീട് അമന്‍ തന്നെ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. ‘‘നമ്മുടെ ഓരോ ലഘുവായ ആലിംഗനങ്ങളെയും, ഒരുമിച്ചുള്ള യാത്രയിലെ ഓരോ ചുവടുവയ്പ്പിനെയും വിലമതിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അമന്‍ തന്റെ വിവാഹസന്തോഷം പങ്കിട്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വിവാഹച്ചടങ്ങുകളുടെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ആര്യ ബഡായ് അടക്കമുള്ളവര്‍ ദമ്പതിമാര്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ‘എന്റെ ഹൃദയം നിങ്ങളോടൊപ്പമുണ്ടായിരുന്നു, എന്റെ എല്ലാ സ്നേഹവും പ്രാർത്ഥനകളും. നിങ്ങൾ രണ്ടുപേരും എല്ലാ സന്തോഷവും സമാധാനവും അർഹിക്കുന്നു...’ എന്നാണ് ആര്യ നല്‍കിയിരിക്കുന്ന കമന്റ്.
ഏറെക്കാലത്തെ പ്രണയത്തിനുശേഷമാണ് 2014 ല്‍ ആണ് അമനും വീണയും തമ്മില്‍ വിവാഹം ചെയ്തത്. കലോത്സവ വേദികള്‍ മുതലുള്ള പരിചയം പ്രണയത്തിലും പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഇവര്‍ക്ക് ധൻവിന് എന്ന ഒരു മകനുണ്ട്. ദാമ്പത്യജീവിതത്തില്‍ വിള്ളലുകള്‍ വന്നതോടെ വീണയും ഭൈമിയും 2025 ഫെബ്രുവരിയില്‍ വേർപിരിഞ്ഞിരുന്നത്. അമാൻ വിവാഹിതനായതിനു പിന്നാലെ വീണ പങ്കിട്ട പോസ്റ്റും ചര്‍ച്ചകളില്‍ പെടുന്നുണ്ട്. ‘‘നമ്മുടെ ജീവിത്തിലത്തിൽ രണ്ടുചിത്രങ്ങളെ നമ്മൾ കാണുന്നു സ്നേഹിക്കുന്നു. ഒന്ന് നമ്മുടെ പ്രതിബിംബം മറ്റൊന്ന് നമ്മുടെ യഥാർത്ഥ സ്വത്വം. ഞാൻ എന്റെ യഥാർത്ഥ 'എന്നിലേക്ക്' പടിപടിയായി നടക്കുന്നു... ലോകാ സമസ്താ സുഖിനോ ഭവന്തു ലവ് യൂ ഓൾ...’’ എന്നായിരുന്നു വീണയുടെ കുറിപ്പ്. ഒപ്പം മനോഹരമായ ഒരു യാത്രാ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
വീണയുടെ പോസ്റ്റിന് പിന്തുണയും കരുത്തും ആരാധകര്‍ കുറിക്കുന്നുണ്ട്. ‘മറ്റൊരു മഞ്ജു വാര്യർ ആയി കാണിക്കുക. വീണ വിഷമിക്കണ്ട എന്ന് പറയുന്നില്ല ഈ അവസ്ഥയും മറി കടക്കും മോൻ ഇല്ലേ ജീവിക്കാൻ ഒരു പ്രേരണ ആയി, ഈ സമയവും കടന്നു പോകും, ദൈവവും അമ്മയും അച്ഛനും എപ്പോഴും കൂട്ടിനായി ഉണ്ട്,ഇതെല്ലാം കാണുന്നവരുടെ മുന്നിൽ ജീവിച്ച് കാണിക്കണം ചേച്ചി അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം കൂടെ ഉള്ളടത്തോളം ആരുടെ മുന്നിൽ തോൽക്കില്ല...’ എന്നതടക്കമാണ് കമന്റുകള്‍.