-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അടിയന്തിര പ്രമേയം അനുവദിക്കാത്ത സാഹചര്യത്തില്‍ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോ. ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയനോട്ടീസ് അനുവദിക്കാതിരുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു അടിയന്തിരപ്രമേയ നോട്ടീസ് നല്‍കിയത്.
ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാവും സ്പീക്കറും ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാഗ്വാദവും ഉണ്ടായി. കീഴ്‌വഴക്കമാണ് ചര്‍ച്ച ചെയ്യണമെന്നും മുമ്പും ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചെങ്കിലും ചട്ടപ്രകാരമാണ് നടപടിയെന്ന് വ്യക്തമാക്കിയാണ് സ്പീക്കര്‍ ഷംസീര്‍ നോട്ടീസ് തള്ളിയത്. ശബരിമലയില്‍ നാലുകിലോ സ്വര്‍ണ്ണം കാണാതായതും ശബരിമല ഭക്തരെ വിഷമത്തില്‍ ആക്കിയ സംഭവവും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയില്‍ സ്വര്‍ണ്ണം മോഷ്ടിക്കപ്പെട്ട കേസാണ് ഇതെന്നും ചര്‍ച്ച ചെയ്യുന്നില്ലെങ്കില്‍ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം കീഴ്‌വഴക്കമല്ല ചട്ടങ്ങള്‍ അനുസരിച്ചാണ് തീരുമാനമെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി ചട്ടങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം ചെയര്‍ അനുവദിക്കില്ല എന്നറിഞ്ഞുകൊണ്ടു തന്നെ വിഷയം ഉന്നയിക്കുന്നത് കഴിഞ്ഞദിവസങ്ങളില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയങ്ങളെല്ലാം ചര്‍ച്ചയ്ക്ക് എടുത്തതിന്റെയും ആഗോള അയ്യപ്പസംഗമം തടയാനുള്ള ശ്രമം പാളിയതിലെയും ജാള്യത തീര്‍ക്കാനാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസവും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചകളെല്ലാം സഭ ചര്‍ച്ചയ്ക്ക് എടുത്തിരുന്നു. പോലീസ് കസ്റ്റഡിമര്‍ദ്ദനവും രണ്ടാംദിവസം മസ്തിഷ്‌ക്ക ജ്വരവും മൂന്നാമത്തെ ദിവസം വിലക്കയറ്റവുമായി ബന്ധപ്പെട്ട വിഷയവും ചര്‍ച്ച ചെയ്തിരുന്നു.