Saturday, March 14, 2026 Last Updated 27 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 19 Sep 2025 10.07 AM

സഹപ്രവര്‍ത്തകയായ അതിജീവിതയുടെ കാര്യത്തില്‍ അന്ന് മിണ്ടിയില്ലല്ലോ? രമേഷ് പിഷാരടിക്ക് വിമര്‍ശനവുമായി വനിതാനേതാവ്

uploads/news/2025/09/801653/ramesh-pisharody.jpg

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പിന്തുണ നല്‍കി രംഗത്ത് വന്ന സിനിമാനടന്‍ രമേഷ് പിഷാരടിയുടെ എംഎല്‍എയ്ക്ക് എതിരേ പരാതിയില്ലല്ലോ എന്ന പ്രതികരണത്തിന് എതിരേ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് വനിതാനേതാവ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയിലെ തന്നെ അതിജീവിതയുടെ പ്രമാദമായ കേസില്‍ അന്ന് രമേഷ് പിഷാരടി അഭിപ്രായം പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ കാരണം തല ഉയര്‍ത്തി നടക്കാന്‍ കഴിയാതെ പോകുന്ന കോണ്‍ഗ്രസിന്റെ യുവജനനേതാക്കളില്‍ ഒരാളാണ് താനുമെന്നും ആത്മാഭിമാനമുള്ള ഒരു വനിതാ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പൊതുസമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്താന്‍ കഴിയുന്നില്ല എന്നതാണ് അവസ്ഥയെന്നും പറയുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയന്‍ രമേഷ് പിഷാരടിയ്ക്ക് എഴുതിയ തുറന്ന കത്തില്‍ വിമര്‍ശനം നടത്തിയിരിക്കുന്നത്. ഇനിയും നിശബ്ദത പാലിച്ചാല്‍ പല കഴുകന്മാരുടെയും കണ്ണുകള്‍ പുതിയ നിരയിലെ പെണ്‍കൊടികള്‍ക്ക് നേരെ തിരിയും എന്ന ബോധ്യം കൊണ്ട് തന്നെയാണ് ഇതെഴുതുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് സധൈര്യം വിളിച്ചു പറയാന്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന് എന്തുകൊണ്ട് ഇപ്പോഴും സാധിക്കുന്നില്ലെന്ന് വളരെ ആശങ്കയോടെ നോക്കിക്കാണുന്ന ഒരു സഹപ്രവര്‍ത്തകയാണ് താന്‍. വ്യക്തികേന്ദ്രീകൃതമായി സംസാരിക്കാതെ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്ക് വില കല്‍പിക്കണം. എന്തായാലും താങ്കളെ പോലുള്ളവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മിസ്റ്റര്‍ രമേശ് പിഷാരടി,
താങ്കള്‍ ഒരു സുപ്രസിദ്ധനായ താരം എന്നതിലുപരി കോണ്‍ഗ്രസുകാരനായ താരം എന്നതില്‍ ഏറെ അഭിമാനിച്ചവരാണ് ഞാനടക്കമുള്ള കോണ്‍ഗ്രസുകാര്‍. പക്ഷേ, താങ്കളുടെ ഇന്നത്തെ പരാമര്‍ശം ഒരു കോണ്‍ഗ്രസ് അനുഭാവിയുടേതല്ലാത്തതായി മാറി. പാര്‍ട്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ക്കെതിരെ നടപടി എടുത്ത കാര്യങ്ങള്‍ എല്ലാം താങ്കള്‍ക്കും അറിവുള്ളതാണല്ലോ?... പാര്‍ട്ടിയുടെ അച്ചടക്ക നടപടി എന്ന് പറയുന്നത് കേവലം പോലീസ് സ്റ്റേഷനില്‍ വീഴുന്ന ഒരു എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലോ, കോടതിയില്‍ ശിക്ഷിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തിലോ, മാധ്യമ വിചാരണയിലോ അല്ല. മറിച്ചു, പാര്‍ട്ടിക്ക് ലഭിക്കുന്ന പരാതികളുടെയും നേതാക്കളുടെ ബോധ്യപ്പെടലുകളുടെയും അടിസ്ഥാനത്തില്‍ ആണ്. ഈ വിഷയത്തില്‍ അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്ക് വ്യക്തമായ ബോധ്യമുള്ളതിനാലാവണം നേതൃത്വം ഇത്തരം അച്ചടക്ക നടപടിയിലേക്ക് കടന്നത് എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ഒരു യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ് എന്ന നിലയില്‍ ഞങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ താങ്കള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല. പൊതുസമൂഹത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് ഞങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. ഞങ്ങളുടെ പ്രസ്ഥാനത്തില്‍ ഉള്ള ഓരോരുത്തര്‍ക്കും നേരെ ഉയരുന്ന ആരോപണങ്ങള്‍ ഞങ്ങളെയും ബാധിക്കുന്നതാണ് എന്ന് നിങ്ങള്‍ ഓര്‍ക്കണം.രാഹുല്‍ മാങ്കൂട്ടം ഈ ആരോപണങ്ങള്‍ ഒന്ന് നിഷേധിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് തല ഉയര്‍ത്തി നടക്കാമായിരുന്നു.

ഇപ്പോള്‍ ആത്മാഭിമാനമുള്ള ഒരു വനിതാ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പൊതുസമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്താന്‍ കഴിയുന്നില്ല എന്നതാണ് അവസ്ഥ.അഭിനയം രാഷ്ട്രീയം ആക്കുന്നവര്‍ക്ക് ഇത് പ്രശ്‌നമല്ല. പക്ഷെ രാഷ്ട്രീയം സാമൂഹ്യസേവനം ആക്കുന്നവര്‍ക്ക് സമൂഹത്തെ അഭിമുഖീകരിക്കേണ്ടിവരും. സിനിമ മേഖലയില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ നിങ്ങള്‍ എല്ലാവരെയും ബാധിക്കുന്നത് പോലെ തന്നെയാണ് പൊതുപ്രവര്‍ത്തന രംഗത്തും.
ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ കാണിച്ച താല്പര്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തം സഹപ്രവര്‍ത്തകയായ ഒരു അതിജീവിതയുടെ പ്രമാദമായ കേസില്‍ എന്തുകൊണ്ട് താങ്കള്‍ കാണിച്ചില്ല. താങ്കള്‍ അടക്കമുള്ളവര്‍ മൗനം പാലിച്ചത് എന്തിന് വേണ്ടിയായിരുന്നു. ഇത് കോണ്‍ഗ്രസ് പാര്‍ട്ടി എടുത്ത തീരുമാനമാണ്. ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് സധൈര്യം വിളിച്ചു പറയാന്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ക്ക് എന്തുകൊണ്ട് ഇപ്പോഴും സാധിക്കുന്നില്ല എന്ന് വളരെ ആശങ്കയോടെ നോക്കിക്കാണുന്ന ഒരു സഹപ്രവര്‍ത്തകയാണ് ഞാന്‍. വ്യക്തികേന്ദ്രീകൃതമായി സംസാരിക്കാതെ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്ക് വില കല്പിക്കണം. എന്തായാലും താങ്കളെ പോലുള്ളവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണം.സഹപ്രവര്‍ത്തക സ്‌നേഹയ്ക്കും ഉമാ തോമസ് MLA യ്ക്കും എന്തിനേറെ പ്രിയപ്പെട്ട കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ എംപി യുടെ പത്‌നിയ്ക്ക് നേരെ പോലും ഉണ്ടായ സൈബര്‍ അറ്റാക്കുകള്‍ കണ്ട് ഭയന്നു തന്നെയാണ് ഇത്രയും നാള്‍ വനിതകള്‍ മൗനിയായത്. ഇനിയും നിശബ്ദത പാലിച്ചാല്‍ പല കഴുകന്മാരുടെയും കണ്ണുകള്‍ പുതിയ നിരയിലെ പെണ്‍കൊടികള്‍ക്ക് നേരെ തിരിയും എന്ന ബോധ്യം കൊണ്ട് തന്നെയാണ് ഇതെഴുതുന്നത്. സ്ത്രീപക്ഷത്ത് തന്നെയാണ് എന്റെ കോണ്‍ഗ്രസ്സും നേതാക്കളും.

വിധി വരട്ടെയെന്ന് പറയാന്‍ രാഹുലിന്റെ വിഷയത്തില്‍ ഒരു പരാതി പോലുമില്ലെന്നും രാഹുലിനെ സ്ഥാനങ്ങളില്‍ നിന്നും നീക്കേണ്ട കാര്യമില്ലെന്നും പ്രതിഷേധങ്ങള്‍ സ്വാഭാവികമായി ഉണ്ടാകുമെന്നും രമേശ് പിഷാരടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ രാഹുലിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ രണ്ടര വര്‍ഷം പല രീതിയില്‍ പ്രതിഷേധങ്ങളുണ്ടായതാണെന്നും രമേശ് പിഷാരടി പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW