-->
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ നെറ്റിസന്‍സിനെ അമ്പരപ്പിച്ചിരിക്കുന്നത്. ഒരു കൂറ്റന്‍ പാത്രത്തില്‍ തിളച്ച് കൊണ്ടിരിക്കുന്ന സബ്ജി ജെസിബി കൈ വച്ച് ഇളക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു അത്.
വീഡിയോയില്‍ വലിയൊരു പാത്രത്തില്‍ നന്നായി മഞ്ഞള്‍ ചേര്‍ത്ത സബ്ജി തിളയ്ക്കുന്നു. ആ പാത്രത്തിലേക്ക് ഒരു ജെസിബി കൈ ഇറക്കുകയും സബ്ജി കോരി മറ്റൊരു പാത്രത്തിലേക്ക് മാറ്റുകയും ചെയ്യുന്നത് കാണാം. സമീപത്ത് സമാനമായ രീതിയില്‍ മറ്റൊരു വലിയ പാത്രത്തിലും സബ്ജി തിളയ്ക്കുന്നു. സമീപത്ത് ചില ലോറികള്‍ വലിയ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. അസാധാരണമായ വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളെ ആകര്‍ഷിച്ചു. അവര്‍ രണ്ട് തട്ടില്ലായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതോടെ വീഡിയോ കൂടുതല്‍ കാഴ്ചക്കാരെ നേടി.
ജെസിബിയുടെ പുതിയ ഉപയോഗത്തില്‍ ചിലര്‍ അന്തംവിട്ടു, മറ്റ് ചിലര്‍ അഭിനന്ദിച്ചു. പക്ഷേ, സുരക്ഷാ ഭീഷണി ഉയര്‍ത്തി രംഗത്തെത്തിയവരും കുറവല്ല. ഇതിനിടെ വീഡിയോ പത്ത് ലക്ഷത്തിലേറെ പേര്‍ ലൈക്ക് ചെയ്തു. ഇത്തരം നിരവധി വീഡിയോകള്‍ ഈ അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ഏതോ പ്രാദേശിക ഉത്സവത്തിനായി ഭക്ഷണം പാചകം ചെയ്യുകയോ അതല്ലെങ്കില്‍ ദുരിത ബാധിത പ്രദേശത്തെക്കുള്ള ഭക്ഷണമോ ആണ് പാചകം ചെയ്യുന്നത്. എവിടെയാണെന്നോ എന്താണ് സംഭവമെന്നോ കൃത്യമായ വിവരങ്ങള്‍ വീഡിയോയില്‍ പറയുന്നില്ല.