-->
യൂത്ത്കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വന്ന ഗുരുതര ആരോപണങ്ങളും അതിനെത്തുടര്‍ന്നുണ്ടായ രാഹുലിന്റെ രാജിയുമായിരുന്നു കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. മുൻ മാധ്യമപ്രവർത്തകയും മോഡലുമായ റിനി ആൻ ജോർജ്ജും പേരു പറയാതെ യുവനേതാവിനെക്കുറിച്ച് സംസാരിച്ചതിന് പിന്നാലെയാണ് യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തില്‍ രാഹുലിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നത്.
പല സ്ത്രീകളുടെയും പരാതികളുടെ അടിസ്ഥാനത്തില്‍ ലൈംഗികാരോപണങ്ങളില്‍ പെട്ട രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനു ശേഷം കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ശക്തമായ എതിര്‍പ്പ് തള്ളി രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തിയിരുന്നു. അതിന് പിന്നാലെ തന്നെ സഭ വിടുകയും ചെയ്തു.
ഇപ്പോഴിതാ അതിനു പിന്നാലെ ലൈംഗികാരോപണങ്ങളില്‍പ്പെട്ട് പ്രതിരോധത്തിലായ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി വീണ്ടും രാഹുല്‍ ഈശ്വർ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. നിയമസഭയിലെത്തിയ രാഹുലിനെക്കുറിച്ചാണ് രാഹുല്‍ ഈശ്വറിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭാ പ്രസംഗം ലീക്കായി എന്ന തരത്തില്‍ ഫേസ്ബുക്കില്‍ പങ്കിട്ട രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ് ചര്‍ച്ചയായി മാറുന്നുമുണ്ട്. മോഹൻദാസ് കരം ചന്ദ് ഗാന്ധിയുടെ ടീം തയ്യാറാക്കിയത് എന്ന പേരിലാണ് രാഹുല്‍ ഈശ്വര്‍ പ്രസംഗം പങ്കുവെച്ചിരിക്കുന്നത്.
‘‘കേരളം ഞെട്ടും - രാഹുലിന്റെ ലീക്ക് ആയ പ്രസംഗം: നിയമസഭ :16 സെപ്റ്റംബര്‍, 2025, തയ്യാറാക്കിയത് - മോഹൻദാസ്. കെജി & ടീം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കായി | നിയമസഭക്ക്, പൊതുജനത്തിന്...
‘‘നമസ്കാരം പ്രിയപ്പെട്ടവരേ, ഞാൻ രാഹുൽ മാങ്കൂട്ടത്തിൽ, പാലക്കാടിന്റെ എംഎല്‍എ ആയി ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകൻ ആണ്. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു കഴിഞ്ഞ 25 ദിവസം. ഞാൻ കടന്നു പോയ വേദന, പ്രതിസന്ധികൾ എന്നെ ഒരുപാട് മാറ്റി, തിരിച്ചറിവുകൾ തന്നു. നിങ്ങൾക്ക് ആദ്യം തന്നെ ഞാൻ ഒരു ഉറപ്പു തരട്ടെ - ഇന്ത്യൻ ഭരണഘടന ലംഘിക്കുന്ന, നിയമ വിരുദ്ധമായ ഒന്നും തന്നെ ഞാൻ ചെയ്തിട്ടില്ല. എന്റെ സ്വകാര്യത, വ്യക്തികളുടെ സ്വകാര്യത നമ്മുടെ ഭരണഘടനാ നൽകുന്ന മൗലിക അവകാശമാണ്.
എന്നോട് യാതൊരു ഇഷ്ടവും ഇല്ലാത്ത ശ്രീ പിണറായിയുടെ സർക്കാർ ആണല്ലോ ഇപ്പോൾ ഉള്ളത്. അവർ അന്വേഷിക്കട്ടെ, നമ്മുടെ നിയമ സംവിധാനം, കോടതികൾ ഒരു തരത്തിലും ഉള്ള രാഷ്ട്രീയ വേട്ടയാടൽ അനുവദിക്കില്ല എന്ന് എനിക്കുറപ്പുണ്ട്. ജനങ്ങൾ വേട്ടയാടലുകളെ പ്രതിരോധിക്കും, അനീതിയെ എതിർക്കും എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് എന്റെ തിരിച്ചുവരവ്, സാധാരണ ജനങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ അടക്കം എനിക്ക് നൽകിയ പിന്തുണ. ഒരുപാടു അമ്മമാരുടെ പ്രാർത്ഥന, സഹോദരങ്ങളുടെ പിന്തുണ കാരണമാണ് ഞാൻ തിരിച്ചു വന്നത്. കൂടെ നിന്ന എല്ലാവർക്കും നന്ദി.
ഈ അവസരത്തിൽ എന്റെ പുതിയ തിരിച്ചറിവുകളും, എനിക്ക് പറ്റിയ ചില തെറ്റുകളും ഏറ്റു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളിൽ ചിലർ സംശയിക്കാം - എനിക്കെതിരെ ഇങ്ങനെ ഒരു സോ കോള്‍ഡ് ലൈംഗിക വിവാദം വന്നത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ പറയുന്നതെന്ന്...
നിങ്ങൾ ഒട്ടും സംശയിക്കേണ്ട, അത് കൊണ്ട് തന്നെയാണ് .. ഞാൻ ഒന്ന് കൂടെ പറയുന്നു - എനിക്കെതിരെ വന്ന പ്രോപഗണ്ട, വ്യാജ പ്രചാരണങ്ങൾ കൊണ്ട് തന്നെയാണ് എനിക്ക് ഈ തിരിച്ചറിവുകൾ വന്നത്. ആ തിരിച്ചറിവുകൾ പുസ്തകങ്ങൾ വായിച്ചോ, അക്കാഡമിക് പഠനത്തിലൂടെയോ, മാധ്യമ സംവാദങ്ങളിലൂടെയോ കിട്ടിയതല്ല - ജീവിതം എന്നെ മഹാ ഗുരു എന്നെ പഠിപ്പിച്ചതാണ്.
ആ തിരിച്ചറിവിന്റെ ഭാഗമായി 2 പേരോട് എനിക്ക് ക്ഷമ പറയാനുണ്ട് - അതിൽ ആദ്യത്തേത് നമ്മുടെ എതിരാളികളായ സിപിഎം ന്റെ എംഎല്‍എ ശ്രീ മുകേഷിനോടാണ്. അദ്ദേഹത്തിന് എതിരെ കുറെ ആരോപണങ്ങൾ വന്നപ്പോൾ ശ്രീ മുകേഷ് ഗോവിന്ദ ചാമിയാണ് എന്ന് വരെ ഞാൻ പറഞ്ഞു. അദ്ദേഹത്തിന് എന്ത് വേദനിച്ചു കാണും എന്ന് ഇന്ന് എനിക്ക് മനസിലാകും. അന്നെനിക്ക് അത് മനസിലായില്ല - ക്യാമറയുമായി നിൽക്കുന്ന മാധ്യമങ്ങൾക്കു പഞ്ച് ഡയലോഗ് കൊടുക്കാനുള്ള തിരക്കിൽ അത് ശ്രീ മുകേഷിനെ ഞാൻ പറയുന്നത് എങ്ങനെ ബാധിക്കുമെന്ന് ഞാൻ ചിന്തിച്ചില്ല.
എനിക്ക് 35 വയസ്സായി, ശ്രീ മുകേഷിന്റെ സിനിമ ജീവിതത്തിനു പോലും എന്നേക്കാൾ പ്രായം ഉണ്ട്. 40 വർഷത്തോളം. സിപിഎമ്മിനോടുള്ള രാഷ്ട്രീയ എതിർപ്പ്, മുകേഷ് എന്ന വ്യക്തിയോട് തീർത്തപ്പോൾ, കൂടെ നിൽക്കുന്നവരുടെ കയ്യടിയുടെ ശബ്ദത്തിൽ, വേറൊരാളുടെ ആത്മാവിൽ കത്തി കയറ്റുമ്പോൾ ഉള്ള നിലവിളി ഞാൻ കേൾക്കാതെ പോയി. കോടതികൾ മുകേഷിന് അനുകൂലമായി ആണ് നിന്നതെന്ന വസ്തുത ഞാൻ വിസ്മരിച്ചു കൊണ്ടാണ്, കൊടും ക്രിമിനൽ എന്ന് കോടതി കണ്ടെത്തി ശിക്ഷിച്ച ഗോവിന്ദച്ചാമിയോട് ഞാൻ അദ്ദേഹത്തെ കൂട്ടികെട്ടിയതു. അത് തെറ്റായി പോയി, മുകേഷേട്ടൻ ക്ഷമിക്കണം.
ഇത് പോലെ തന്നെ സഖാവ് പിണറായി വിജയനോടുള്ള എതിർപ്പ്, കോടതി നിരപരാധി എന്ന് കണ്ടെത്തിയ പിണറായി സഖാവിന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയോടും ഞാനും എന്റെ സുഹൃത്തുക്കളും തീർത്തിട്ടുണ്ട്. അങ്ങനെ കോൺഗ്രസ്, സിപിഎം, ബിജെപി ഭേദമന്യേ എതിർ പാർട്ടിയിലെ എല്ലാ രാഷ്ട്രീയക്കാരെയും ‘സന്ദേശത്തിലെ ശങ്കരാടി ലോജിക്’ ഉപയോഗിച്ച് എതിരാളികളെ അധിക്ഷേപിച്ചു, നാണം കെടുത്തിയിട്ടുണ്ട്. നമ്മൾ കോണ്‍ഗ്രസ് സിപിഎം ബിജെപി മുസ്ലീം ലീഗ് അടക്കം എല്ലാ പാർട്ടികളും ആത്മ പരിശോധന നടത്തി, സ്വയം തിരുത്തണം.
കാരണം എനിക്ക് നേരെ വ്യാജ പ്രൊപഗാണ്ട വന്നപ്പോൾ എനിക്ക് പൊള്ളി, തിരിച്ചു പൊളിക്കണം എന്നല്ല, വ്യാജ പ്രചാരണങ്ങൾ വഴി ആർക്കും പൊള്ളൽ ഏൽക്കരുത് എന്ന തിരിച്ചറിവിലേക്ക് അത് എന്നെ എത്തിച്ചത്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, യേശു ക്രിസ്തുവിന്റെ ജീവിതം മനസിലാക്കി പറയും പോലെ - കണ്ണിനു കണ്ണ് എന്ന പ്രതികാര മനോഭാവം, ലോകത്തെ മുഴുവൻ അന്ധമാക്കും. എന്നെ പ്രതിരോധിക്കാൻ സിപിഎം, ബിജെപി ക്കെതിരെ തിരിച്ചു വ്യാജ ലൈംഗിക ആരോപണം ഉന്നയിക്കരുത്... അവർ എന്നെ പറയുന്നെങ്കിൽ പറഞ്ഞോട്ടെ, പക്ഷെ മഹാത്മാ ഗാന്ധിയുടെ പാർട്ടിയായ നമ്മൾ .. കോടതി സത്യമാണെന്നു കണ്ടെത്താത്ത വ്യാജ ആരോപണങ്ങൾ തിരിച്ചു ഉന്നയിക്കരുത്. അതാണ് ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്ന സത്യാഗ്രഹം.
ആദ്യ ക്ഷമ ചോദിക്കേണ്ടത് ശ്രീ മുകേഷിനോടാണെങ്കിൽ രണ്ടാമത്തെ ക്ഷമ ചോദിക്കേണ്ടത് എന്റെ പാർട്ടിയിലെ എൽദോസ് കുന്നപ്പള്ളിയോടാണ്. എൽദോസിനെതിരെ വ്യാജ പരാതി വന്നു, ആ പരാതിക്കാരി 49 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് ഹൈകോടതി വരെ ഞെട്ടൽ രേഖപ്പെടുത്തി. കേസ് വ്യാജമാണെന്ന് കോടതി തന്നെ സൂചിപ്പിച്ചു. പക്ഷെ എൽദോസിനു പിന്തുണ കൊടുക്കാൻ ഞാനും എന്റെ പല പാർട്ടി സുഹൃത്തുക്കളും തയ്യാറായില്ല. എൽദോസിന്റെ പ്രശ്നം എൽദോസിനു... പുള്ളി പോയാൽ വേറൊരാൾക്ക് സ്ഥാനം കിട്ടും എന്നുള്ള ചിന്ത എത്ര മാത്രം ഒരാളെ വേദനിപ്പിക്കും എന്ന് എന്നെ ചിലർ തള്ളിപ്പറഞ്ഞപ്പോൾ എനിക്ക് മനസിലായി. പാർട്ടി ഒരു കുടുംബമാണ്, കൂടെ നിൽക്കുന്നവനെ ചവിട്ടിയിട്ടല്ല, വീണു പോകുന്നവനെ തള്ളിക്കളഞ്ഞിട്ടല്ല നമ്മൾ മുന്നോട്ടു കുതിക്കേണ്ടത്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കോടതി കണ്ടെത്തി ശിക്ഷിക്കട്ടെ, സദാചാര പോലീസ് ആകാനുള്ള അധികാരം, ശ്രീ രാഹുൽ ഗാന്ധി ഉയർത്തിപിടിക്കണം എന്ന് നമ്മളെ പഠിപ്പിച്ച ഭരണഘടനാ നമുക്ക് തരുന്നില്ല.
ആണിനെ വ്യാജ പരാതി വച്ച് വേട്ടയാടുകയും, സ്ത്രീയെ ബോംബ് ആയി ഉപയോഗിക്കുകയും ചെയുന്നത് ആണ് ഏറ്റവും വലിയ മനുഷ്യ വിരുദ്ധമായ കാര്യം. കാരണം - വ്യാജ പരാതികൾ ആണിനെ തകർക്കും, സ്ത്രീകൾ വ്യാജ പരാതി വച്ച് മുതലെടുക്കുമ്പോൾ നാളെ യഥാർത്ഥ വനിത പരാതിക്കാർക്കു നീതി കിട്ടാതെയുമാകും. എൽദോസിനു അടക്കം ഉള്ള നിരപരാധികൾക്കു പിന്തുണ കൊടുക്കാൻ കഴിയാത്തതിൽ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു.
ഉമ്മൻ ചാണ്ടി സർ അടക്കം ഉള്ളവരെ വ്യാജ പരാതികളിൽ വേട്ടയാടിയപ്പോൾ ആരും അദ്ദേഹത്തെ പിന്തുണചില്ല എന്നുള്ളത് എത്ര മാത്രം പേടിപ്പെടുത്തുന്നതാണ്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ മുഖ്യമന്ത്രിക്കു പോലും നീതി കൊടുക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ സാധാരണക്കാരന്റെ ദുരവസ്ഥ എന്തായിരിക്കും. അത് കൊണ്ട് രാഷ്ട്രീയത്തിന് അതീതമായി നമ്മൾ രാഷ്ട്രീയക്കാർ ചില നിലപാടുകൾ എടുക്കണം. എനിക്ക് പൊള്ളിയാണ്, വേദനിച്ചാണ് ഞാൻ പഠിച്ചത്... നിങ്ങൾക്ക് വേദനിക്കാതെ, പൊള്ളാതെ ആ ജീവിത പാഠം ഉണ്ടാകട്ടെ.
തയ്യാറാക്കിയത് -
മോഹൻദാസ് കരം ചന്ദ്
ഗാന്ധിയുടെ ടീം. ഒപ്പ്...’’ എന്നാണ് രാഹുല്‍ ഈശ്വര്‍ കുറിച്ചിരിക്കുന്നത്. ഒപ്പം തന്റെ അഭിപ്രായങ്ങളും നിലപാടുകളുമടങ്ങിയ വീഡിയോയും രാഹുല്‍ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിനു താഴെ നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘തുടക്കം മുതൽക്ക് തന്നെ വ്യാജ പരാതിയാണെന്ന് പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിനോട് ആത്മാർത്ഥമായി കൂടെ നിന്ന ശ്രീ രാഹുൽ ഈശ്വറിനോട് വളരെ ബഹുമാനമുണ്ട്, രാഹുൽ താങ്കൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ്, രാഷ്ട്രീയം അങ്ങോട്ടും ഇങ്ങോട്ടും ചളി വാരി എറിയും, അത് വൈകി ആണേലും തിരിച്ചറിഞ്ഞതിൽ സന്തോഷം...’ എന്നും ‘ എത്ര വെള്ളപൂശിയാലും അവൻ ഗർഭിണിയാക്കി ഭീഷണി പെടുത്തിയതും കോൺഗ്രസ്സ് നേതാക്കൾക്ക് പരാതി കൊടുത്ത പെൺകുട്ടികളും അനുഭവിച്ച വേദന ഇല്ലാതാവുന്നില്ല, നിങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചില്ലേ ഈ പറയപ്പെട്ട മുകേഷും മറ്റുള്ളവരും ഒക്കെ നിരപരാധികളാണ് എന്ന് കോടതി പറഞ്ഞിട്ടുണ്ടോ...’ എന്നുമാണ് കമന്റുകള്‍.