-->
മാംസ ഭോജികളായ നിരവധി മൃഗങ്ങളെക്കുറിച്ചും ജീവികളെക്കുറിച്ചും നാം കേട്ടിട്ടുണ്ടാകും. എന്നാല്‍ ലോകത്തിലെ ഏറ്റവും ഭീമാകാരനായ മാംസഭോജി കടലാന അഥവാ ആനത്തിമിംഗലമാണ്. ഒരു കാറിനേക്കാള്‍ വലിപ്പമുള്ള 3600 കിലോഗ്രാം ഭാരമുള്ള ഈ ജീവി ലോകത്തിലെ ഏറ്റവും വലിയ മാംസഭോജി ആയി അറിയപ്പെടുന്നു. വലിയ നീലത്തിമിംഗലങ്ങള്‍ മാംസഭുക്കുകളാണെങ്കിലും അവ കാര്‍ണിവോറ കുടുംബത്തില്‍പ്പെടുന്നില്ല. തുമ്പിക്കൈ പോലെ തോന്നിക്കുന്ന നീണ്ട മുഖവും ആനയെപ്പോലെ വലുപ്പവും ഉള്ളതിനാലാണ് ഇവയ്ക്ക് കടലാന എന്ന് പേര് ലഭിച്ചത്.
വടക്കന്‍ പസഫിക് മഹാസമുദ്രത്തില്‍, ഉത്തര അമേരിക്കയുടെ തീരങ്ങളിലും ദക്ഷിണമേഖലയിലെ ഫാക്ലന്‍ഡ് ദ്വീപിനു ചുറ്റുമുള്ള കടലിലുമാണ് ഇവയെ ഏറ്റവുമധികം കാണപ്പെടുന്നത്. പെണ്‍ വിഭാഗത്തില്‍പെട്ടവയുടെ ഭാരം ഏകദേശം 900 കിലോഗ്രാം വരെയാണ്. എന്നാല്‍ ആണ്‍ കടലാനക്ക് ശരാശരി 3,600 കിലോഗ്രാം ഭാരം ഉണ്ടാകും. ചിലപ്പോള്‍ ഇത് ചെറിയ കാറുകളുടെ ഭാരത്തിന്റെ ഇരട്ടിയിലധികം വരും. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രകാരം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ കടലാനയ്ക്ക് ഏകദേശം 4,000 കിലോഗ്രാം ഭാരവും 6.8 മീറ്റര്‍ നീളവും ആയിരുന്നു.
ഇവയ്ക്ക് കരയില്‍ സഞ്ചരിക്കാന്‍ കഴിയുമെങ്കിലും മന്ദഗതിയിലേ മുന്നോട്ടു നീങ്ങാന്‍ സാധിക്കൂ. കടലോരത്തെ മണല്‍പ്പുറത്ത് പകല്‍ കിടന്നുറങ്ങുകയും രാത്രിയില്‍ ആഹാരസമ്പാദനത്തിന് കടലില്‍ ഇറങ്ങുകയുമാണ് ഇവയുടെ രീതി. ചില പ്രത്യേകയിനം മത്സ്യങ്ങള്‍, കണവ, ചെറു തിരണ്ടികള്‍, സ്രാവുകള്‍ എന്നിവയാണ് ഇവയുടെ മുഖ്യ ഭക്ഷണം. കടല്‍പ്പായലുകളും ഭക്ഷിക്കാറുണ്ട്. പല്ലുകള്‍ അകന്നതും ചവയ്ക്കാന്‍ പറ്റാത്ത തരത്തിലുമായതിനാല്‍ ഭക്ഷണസാധനം ഒന്നായി വിഴുങ്ങാന്‍ മാത്രമേ ഇവയ്ക്കു കഴിയൂ. മനുഷ്യനെ അധികം ഭയമില്ലാത്ത ജീവികളാണിവ. കൂട്ടങ്ങളായി കഴിയുന്ന ഇവയെ വളരെ വേഗം വലയിലകപ്പെടുത്താന്‍ സാധിക്കും.