-->
മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാമിലി ത്രില്ലറായിരുന്നു ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം. ഇന്ത്യൻ സിനിമയില്‍ തന്നെ ഏറെ പ്രശംസ നേടിയ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ റീമേക്കുകളും ഹിറ്റായിരുന്നു. ബ്ലോക്ക്ബസ്റ്റര്‍ നേടിയ സിനിമയുടെ രണ്ടാം ഭാഗം ഒടിടി റിലീസായിരുന്നെങ്കിലും മികച്ച പ്രതികരണമാണ് നേടിയത്.
അന്നുമുതല്‍ ദൃശ്യം 3 എന്നാണ് വരുക എന്ന ചോദ്യമാണ് പ്രേക്ഷകര്‍ക്കുണ്ടായിരുന്നത്. അടുത്തിടെ ജീത്തുവും സിനിമയുടെ അണിയറപ്രവര്‍ത്തകരും ആ സസ്പെന്‍സ് പൊളിച്ചിരുന്നു. ദൃശ്യം സ്ക്രിപ്റ്റ് എഴുതിക്കഴിഞ്ഞു എന്ന് സംവിധായകന്‍ ജീത്തു തന്നെ പറഞ്ഞിരുന്നു. അതോടെ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായി പ്രേക്ഷകര്‍.
ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി മീനയുടെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ഹാപ്പി ബര്‍ത്ത്ഡേ മീന മാം...’ എന്ന ക്യാപ്ഷന്‍ നല്‍കി മീനയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് നിർമാതാക്കളായ ആശീർവാദ് സിനിമാസിന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. ‘ഞങ്ങളുടെ റാണിക്ക് പിറന്നാളാശംസകള്‍...’ എന്ന് കുറിച്ചാണ് മീനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുന്നത്. ‘ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല...’ എന്ന ടാഗ്ലൈനോടെയാണ് ദൃശ്യം ത്രീ ടൈറ്റില്‍ എഴുതിയിരിക്കുന്നത്.
തിരക്കഥയുടെ ആദ്യഡ്രാഫ്റ്റ് എഴുതി പൂർത്തിയാക്കിയെന്നും ശാരീരികമായും മാനസികമായും ഏറെ തളർന്നുവെന്നും ജീത്തു ജോസഫ് മുൻപ് പറഞ്ഞിരുന്നു. ‘‘ജോർജ് കുട്ടിയ്ക്ക് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കം. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഹെവി ഇന്റലിജെന്റ് സിനിമയാവില്ല മൂന്നാം ഭാഗം..’’ എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.
ഇതിനു മുൻപ് ദൃശ്യം ആദ്യഭാഗത്തിലെ ജോര്‍ജുകുട്ടിയുടെ കണ്ണിന്റെ ക്ലോസ് അപ് ഷോട്ടില്‍ തുടങ്ങുന്ന റീലിനൊപ്പം മൂന്നാംഭാഗത്തിന്റെ അപ്ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ‘ദൃശ്യം 3 ഉടന്‍ വരുന്നു...’ എന്ന് പറയുന്ന റീലില്‍ ജീത്തു ജോസഫ്, മോഹന്‍ലാല്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ പരസ്പരം കൈകൊടുത്തും ആലിംഗനംചെയ്തും അഭിവാദ്യം ചെയ്യുന്നതുമുണ്ടായിരുന്നു.