-->
ബ്രസീലിന്റെ ദേശീയ വൃക്ഷമാണ് പോബ്രസീലിയ എക്കിനാറ്റ അഥവാ ബ്രസീല്‍വുഡ്. ഇപ്പോഴിതാ ഈ മരം മുറിക്കുന്നതിനും രാജ്യാന്തര കച്ചവടം ചെയ്യുന്നതിനുമെതിരെ രാജ്യാന്തര നയം ആവശ്യപ്പെടുകയാണ് ബ്രസീല്‍. ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെ രാജ്യാന്തര വാണിജ്യം നിയന്ത്രിക്കുന്ന സൈറ്റ്‌സ് കണ്‍വന്‍ഷനോട് ഈ മരത്തിനെ ഏറ്റവും സുരക്ഷ വേണ്ട അപ്പന്‍ഡിക്‌സ് 1 പട്ടികയിലാക്കാന്‍ ബ്രസീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഇതില്‍ തീരുമാനമാകും.
എന്നാല്‍ ഇത് സംഗീതോപകരണ നിര്‍മാതാക്കളെ പ്രത്യേകിച്ച് യുഎസിലെ വയലിന്‍ നിര്‍മാതാക്കളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ അറ്റ്‌ലാന്റിക് വനമേഖലയില്‍ കാണപ്പെടുന്നതാണ് ബ്രസീല്‍വുഡ്. ഇന്ന് ഈ വൃക്ഷം കടുത്ത പ്രതിസന്ധി നേരിടുകയാണ്. വയലിന്‍ പോലുള്ള സംഗീത ഉപകരണങ്ങളുണ്ടാക്കാനായാണ് ഈ മരം വ്യാപകമായി മുറിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ഒരു മരമായി ഇന്ന് ബ്രസീല്‍വുഡ് മാറിയിരിക്കുന്നു. അംഗീകൃതമായ രീതിയില്‍ മുറിക്കുന്നതിനു വിലക്കുകള്‍ വന്നതോടെ അനധികൃത വേട്ട ഇതു നില്‍ക്കുന്ന മഴക്കാടുകളില്‍ തകൃതിയാണ്. ഈ മരങ്ങള്‍ വ്യാപകമായി വച്ചുപിടിപ്പിക്കാനും പ്രകൃതിസ്‌നേഹികളുടെ ശ്രമങ്ങളുണ്ട്.
നിരവധി ചരിത്രമുള്ള മരമാണ് ബ്രസീല്‍വുഡ്. സംഗീതോപകരണങ്ങളുണ്ടാക്കുന്നതിനും മുന്‍പ് ഇതിനു ഒരു ഉപയോഗമുണ്ടായിരുന്നു. ഓറഞ്ചും ചുവപ്പും കലര്‍ന്ന നിറമുള്ള കാതലാണ് ഈ മരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതില്‍ നിന്നുള്ള ഏറ്റവും സവിശേഷതയുള്ള ഉത്പന്നംഒരു ചായമാണ്. ബ്രസീലിന്‍ എന്ന ചുവന്ന ചായം. ബ്രസീലില്‍ ആധിപത്യം ഉറപ്പിച്ച പോര്‍ച്ചുഗീസുകാരാണ് ഈ മരത്തെ കണ്ടെത്തിയതും അതിനു പേര് നല്‍കിയതും അതിന്റെ വിപണന സാധ്യത തിരിച്ചറിഞ്ഞതും. യൂറോപ്പില്‍ വെല്‍വെറ്റ് പോലുള്ള തുണിത്തരങ്ങള്‍ നിര്‍മിക്കാനായി ഈ ചായത്തിനു വലിയ ഡിമാന്‍ഡ് വന്നു. വളരെ വിലപിടിപ്പുള്ള ഒരു വസ്തുവായി ബ്രസീല്‍വുഡ് മാറി.
തുടര്‍ന്നു പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ വ്യാപകമായി ബ്രസീല്‍വുഡ് മരങ്ങള്‍ ബ്രസീലിയന്‍ കാടുകളില്‍ നിന്നു മുറിച്ച് പോര്‍ച്ചുഗലിലേക്കു കയറ്റി അയച്ചു. വളരെ പ്രക്ഷുബ്ധമായിരുന്നു ഈ കടത്തല്‍. പലപ്പോഴും ഈ തടികളുമായി പോയ പോര്‍ച്ചുഗീസ് കപ്പലുകള്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയായി. ബ്രസീല്‍വുഡിന്റെ കടത്തലില്‍ സംഘട്ടനങ്ങളും ആക്രമണങ്ങളും നിരന്തരം സംഭവിച്ചു.