-->
വ്യത്യസ്തവും വിചിത്രവുമായ ഒട്ടനവധി സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ജര്‍മനിയിലെ ബവേറിയയില്‍ നടന്ന ഒരു വിചിത്ര സംഭവമാണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരു ഫ്‌ലാറ്റ് സമുച്ചയത്തിലെ പല താമസക്കാരുടെയും അപാര്‍ട്‌മെന്റുകളില്‍ ഡോര്‍ബെല്ലുകള്‍ മുഴങ്ങി. എന്നാല്‍ കതകു തുറന്നു പുറത്തിറങ്ങിയപ്പോള്‍ ആരും ആരെയും കണ്ടതുമില്ല. ഇതോടെ താമസക്കാര്‍ പേടിച്ചു. ഇതെന്താണ്, വല്ല പ്രേതമോ പിശാചോ ആണോയെന്നുപോലും ആളുകള്‍ കരുതി.
അങ്ങനെ ആശങ്ക കൂടിയതോടെ താമസക്കാര്‍ പോലീസിനെ വിവരമറിയിച്ചു. അവര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ക്യാമറകളും മോഷന്‍ സെന്‍സറുകളുമൊക്കെ പരിശോധിച്ചെങ്കിലും മനുഷ്യരാരും ആ വഴി വന്നിട്ടില്ല. ഇതറിഞ്ഞതോടെ ആളുകള്‍ കൂടുതല്‍ പേടിച്ചു. എന്തായിരിക്കാം ഇതിന്റെ പിന്നില്‍ എന്ന കോലാഹലമായി. അപ്പോഴാണ് പോലീസ് ഒരു കാര്യം ശ്രദ്ധിച്ചത്. ഡോര്‍ബെല്ലുകളിലൂടെ കടന്നുപോകുന്ന കൊഴുപ്പുള്ള ദ്രാവകം അവരുടെ ശ്രദ്ധയില്‍പെട്ടു. ഒച്ചിന്റെ ശരീരത്തില്‍നിന്നു പുറന്തള്ളുന്നതുപോലെയുള്ള ദ്രാവകം. അതു പിന്തുടര്‍ന്ന പോലീസ് ഒടുവില്‍ കുറ്റവാളിയെ കണ്ടെത്തി. അതൊരു ഒച്ചുതന്നെയായിരുന്നു. ഒരു സ്ലഗ്.
ഒരു നെയിംപ്ലേറ്റില്‍ ഇരിക്കുകയായിരുന്നു അത്. ഡോര്‍ബെല്ലുകളിലൂടെ കടന്നുപോകുന്ന പാതയിലൂടെയാണ് ഒച്ച് ഭിത്തിയിലൂടെ സഞ്ചരിച്ചത്. പോകുന്ന പോക്കില്‍ ഡോര്‍ബെല്ലുകള്‍ തുടരെ മുഴങ്ങി. ഏതായാലും പോലീസ് ഒച്ചിനെ കസ്റ്റഡിയിലെടുത്തു. തൊട്ടടുത്ത് ഒരു കുറ്റിക്കാട്ടില്‍ തുറന്നുവിടുകയും ചെയ്തു.