-->
ടൂറിസം മേഖലയില്‍ ഏറ്റവും പേരുകേട്ട നഗരങ്ങളിലൊന്നാണ് പാരിസ്. പ്രണയിതാക്കളും വിനോദസഞ്ചാരികളും ഫാഷന്‍പ്രേമികളും ഇരച്ചെത്തുന്ന ഫ്രാന്‍സിന്റെ അഭിമാനനഗരമാണ് ഇവിടം. ആയിരകണക്കിന് ആളുകളാണ് ഓരോ വര്‍ഷവും ഇവിടേക്ക് വന്നെത്തുന്നത്. എന്നാല്‍ പാരിസ് നഗരത്തിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു ഇന്ത്യന്‍ വ്‌ളോഗര്‍. ഇന്ത്യന്‍ വ്‌ളോഗറായ വിനായക് മിശ്രയാണ് നഗരത്തിന്റെ മറ്റൊരു മുഖം തന്റെ വ്‌ളോഗിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
നമ്മുടെ ധാരണകളെയെല്ലാം തകിടം മറിക്കുന്നതാണ് ഈ വീഡിയോ. വൃത്തിഹീനമായ തെരുവുകള്‍, അലക്ഷ്യമായി പെരുമാറുന്ന മനുഷ്യരും കച്ചവടക്കാരും തുടങ്ങി ആളുകള്‍ വെറുത്തുപോകുന്ന ഒരു പാരിസ് നഗരത്തെയാണ് വിനായക് മിശ്ര കാണിച്ചുതരുന്നത്. ഈ പ്രദേശം ഇങ്ങനെയാണ് എന്നതുകൊണ്ട് പാരിസ് മോശമല്ല എന്ന് വിനായക് പറയുന്നുണ്ട്. വീഡിയോ തുടങ്ങുന്നത് തന്നെ തെരുവുകളില്‍ പലതരം കച്ചവടം ചെയ്യുന്ന കച്ചവടക്കാരെ കാണിച്ചുകൊണ്ടാണ്. ചപ്പുചവറുകള്‍ നിറഞ്ഞ, ആകെ വൃത്തിഹീനമായ റോഡാണ് വീഡിയോയില്‍ ഉള്ളത്. പേപ്പറുകളും മറ്റും നിലത്ത് വീണുകിടക്കുന്നതായി കാണാം. പലയിടങ്ങളിലും ആളുകള്‍ ബഹളം വെയ്ക്കുന്നതും മറ്റും കാണാം. എന്നാല്‍ പാരിസ് നഗരത്തിന്റെ കൃത്യം ഏത് ഭാഗമാണ് ഇതെന്ന് വിനായക് മിശ്ര പറഞ്ഞിട്ടില്ല.
വീഡിയോ വൈറലായതോടെ നിരവധി കമന്റുകളാണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോക്ക് താഴെ വന്നെത്തുന്നത്. അതില്‍ ഭൂരിഭാഗവും വംശീയതയും കുടിയേറ്റവിരുദ്ധതയും നിറഞ്ഞതാണ്. എന്നാല്‍ ചിലര്‍ പ്രദേശത്തെ ഭരണ സംവിധാനങ്ങളെയാണ് വിമര്‍ശിക്കുന്നത്. പ്രധാന നഗരങ്ങളില്‍ എല്ലാം ഇത്തരം കച്ചവടത്തെരുവുകള്‍ ഉണ്ടെന്നും എല്ലാ ദിവസവും അവിടെ വൃത്തിയാക്കേണ്ടത് പ്രാദേശിക ഭരണകൂടത്തിന്റെയടക്കം ഉത്തരവാദിത്വമാണെന്നും നിരവധി കമന്റുകളുണ്ട്.