-->
റോഡ് നിയമങ്ങള്‍ പാലിച്ചിട്ടും പണി കിട്ടുന്ന നിരവധിപേരുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നും പുറത്തുവരുന്നത്. ഒരാള്‍ക്ക് ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ ചുമത്തി. പക്ഷേ, കാറോടിക്കുമ്പോള്‍ എന്തിനാണ് ഹെമറ്റ് വയ്‌ക്കേണ്ടതെന്ന് ചോദിച്ച് ഡ്രൈവര്‍ രംഗത്തെത്തിയതോടെ സമൂഹ മാധ്യമങ്ങളില്‍ സംഗതി വൈറലായി. സെപ്റ്റംബര്‍ 8 ന് രാജ് നഗര്‍ എക്സ്റ്റന്‍ഷനിലെ അജ്‌നാര സൊസൈറ്റി ക്രോസിംഗിന് സമീപമാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യന്‍ മോട്ടോര്‍ വെഹിക്കിള്‍ നിയമ പ്രകാരം ഇരുചക്ര വാഹനങ്ങള്‍ ഹെല്‍മറ്റ് ഇല്ലാതെ ഓടിച്ചാല്‍ പിഴ ചുമത്തും. ഇരുചക്ര വാഹനയാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരമൊരു നിയമം. എന്നാല്‍ പലപ്പോഴും സൗകര്യാര്‍ത്ഥം പലരും ഹെല്‍മറ്റ് ധരിക്കാന്‍ തയ്യാറാകാറില്ല. പക്ഷേ, ദേവേഷ് കന്‍സാല്‍ പങ്കുവച്ച ഒരു മോട്ടോര്‍ വാഹന ചലാനില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് 1000 രൂപയാണ് പിഴ നിശ്ചയിച്ചത്. പക്ഷേ, കാര്‍ ഓടിച്ചതിനാണ് ഹെല്‍മറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് പിഴ ഈടാക്കുന്നതെന്ന് ദേവേഷ് ചലാന്റെ ചിത്രം സഹിതം സമൂഹ മാധ്യമത്തിലെഴുതി. ചാലാനില്‍ രണ്ട് ഫോട്ടോകളാണ് നല്‍കിയിരുന്നത്. ഒന്നില്‍ ഒരാള്‍ ബൈക്കില്‍ ഹെല്‍മറ്റില്ലാതെ പോകുന്ന ചിത്രവും മറ്റൊന്നില്‍ അവ്യക്തമായ ഒരു നമ്പര്‍ പ്ലേറ്റുമാണ് ഉണ്ടായിരുന്നത്.
പോസ്റ്റ് പെട്ടന്ന് തന്നെ വൈറലായതോടെ നിരവധി പേര്‍ ചിത്രം പങ്കുവച്ചു. ഇതോടെ മറുപടിയുമായി യുപി പോലീസും രംഗത്തെത്തി. അതൊരു 'മാനുഷിക പിഴവ്' എന്നായിരുന്നു യുപി പോലീസ് സംഭവത്തെ വിളിച്ചത്. 'ഇതൊരു മനുഷ്യ പിഴവാണ്. ഇതെങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താന്‍ ഞങ്ങള്‍ അന്വേഷണം നടത്തുകയാണെന്നും അഡീഷണല്‍ ഡിസിപി (ട്രാഫിക്) സച്ചിദാനന്ദ് എന്‍ഡിടിവിയോട് പറഞ്ഞു. അതേസമയം, നോ പാര്‍ക്കിംഗ് സോണില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഫോട്ടോ ഒരു ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ എടുത്തിരുന്നെന്നും എന്നാല്‍, ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്ര വാഹനയാത്രക്കാര്‍ക്കുള്ള പിഴ ചുമത്തുന്ന ചാലാനായി അബദ്ധത്തില്‍ അത് ഉപയോഗിക്കപ്പെട്ടതാണെന്നും പോലീസ് അറിയിച്ചു.
Without helmet challan of a car what's happening in uttar pradesh @CMOfficeUP pic.twitter.com/sN5XSi2xnA— Devesh Kansal (@kan40775) September 11, 2025