-->
കംഗാരുകളെപ്പോലെ തന്നെ ഓസ്‌ട്രേലിയയില്‍ നിരവധിയായി കാണപ്പെടുന്ന ജീവികളാണ് കൊയാലകള്‍. എന്നാല്‍ കൊയാലകളുടെ ജീവനത്തിനു സാരമായ പ്രതിസന്ധി സൃഷ്ടിക്കുന്ന രോഗമാണ് ബാക്ടീരിയ മൂലമുണ്ടാകുന്ന ക്ലമിഡിയ. കൊയാലകള്‍ക്കിടയില്‍ ഉയര്‍ന്ന വ്യാപനം ഈ രോഗത്തിനുണ്ട്. ക്ലമിഡിയ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി പുതിയൊരു വാക്‌സീന് ഓസ്‌ട്രേലിയ അംഗീകാരം നല്‍കി. ഇതാദ്യമായാണ് കൊയാലകള്‍ക്കായി വാക്‌സീന്‍ നല്‍കുന്നത്.
ഓസ്‌ട്രേലിയയിലെ പല ജീവികളെയും പോലെ മാര്‍സൂപ്പിയല്‍ അഥവാ സഞ്ചിമൃഗങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുന്നവയാണ് കൊയാലകള്‍. കണ്ടാല്‍ രോമാവൃതമായ ഓമനത്തമുള്ള രൂപമാണ് ഇവയ്ക്കു തീരെ ചെറിയ തലച്ചോറാണ്. ലോകത്തിലെ ഏറ്റവും കുഴിമടിയന്‍ ജീവിയേതാണെന്നു ചോദിച്ചാല്‍ പല ജന്തുവിദഗ്ധരും ആദ്യം തന്നെ കൊയാലയുടെ പേരു പറയും. ദിവസത്തില്‍ 18 മുതല്‍ 22 മണിക്കൂര്‍ വരെയാണ് ഇവ ഉറങ്ങുന്നത്. ഉണര്‍ന്നിരിക്കുന്ന ചുരുക്കം മണിക്കൂറുകള്‍ ഭക്ഷണം കഴിക്കാന്‍ മാത്രമായാണു വിനിയോഗിക്കുക.
തെക്കുകിഴക്കന്‍,കിഴക്കന്‍ ഓസ്‌ട്രേലിയയില്‍ സമൃദ്ധമായി യൂക്കാലി മരങ്ങള്‍ വളരുന്ന കാടുകളാണു കൊയാലകളുടെ പ്രധാന താമസ സ്ഥലം. യൂക്കാലി മരക്കൊമ്പുകളില്‍ താമസിക്കുന്ന കൊയാലകളുടെ സ്ഥിരം ഭക്ഷണം യൂക്കാലി മരത്തിലെ ഇലകളാണ്. ഒരു കിലോ വരെ ഇലകള്‍ കൊയാല ഒറ്റദിവസം അകത്താക്കും. യൂക്കാലിയിലകള്‍ ദഹിക്കാന്‍ പാടുള്ളതും പോഷകങ്ങള്‍ കുറഞ്ഞവയുമാണ്. ഇവയെ ദഹിപ്പിക്കാനായി ഒരുപാടു പണിയെടുക്കേണ്ടിവരും കൊയാലകളുടെ ദഹനവ്യവസ്ഥയ്ക്ക്. ഇതു മൂലമാണ് കൊയാലകള്‍ അധികം സമയവും കിടന്നുറങ്ങുന്നത്.