Saturday, March 14, 2026 Last Updated 6 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 14 Sep 2025 08.49 AM

മത്സ്യ മഴ: വര്‍ഷം തോറും എത്തുന്ന അപൂര്‍വ്വ പ്രതിഭാസത്തിന് പിന്നില്‍ ഇതാണ്

rain, fish, america

നമ്മളില്‍ ചിലരെങ്കിലും മത്സ്യമഴയെക്കുറിച്ച് കേട്ടിട്ടുണ്ടാകും. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഇത്തരം മത്സ്യമഴ പെയ്തിട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പ്രതിഭാസം എല്ലാ വര്‍ഷവും വന്നെത്തുന്ന ഒരിടമുണ്ട്. വടക്കന്‍ ഹോണ്ടുറാസിലെ യോറോ എന്ന പട്ടണത്തിലാണ് 'മത്സ്യമഴ' എന്നറിയപ്പെടുന്ന നിഗൂഢ പ്രതിഭാസം വര്‍ഷം തോറും നടക്കാറുള്ളത്. കേള്‍ക്കുന്ന നമുക്ക് അതിശയം തോന്നുമെങ്കിലും ഇവിടുത്തുകാര്‍ക്കിത് ഒരു ആഘോഷ നിമിഷമാണ്. വര്‍ഷത്തില്‍ മെയ് ജൂലൈ മാസത്തിലാണ് യോറോയില്‍ ഈ സംഭവം നടക്കുന്നത്. വര്‍ഷം തോറും നടക്കുന്ന ഈ പ്രതിഭാസം എന്താണെന്നതിനെക്കുറിച്ച് ഗവേഷകര്‍ അന്വേഷങ്ങള്‍ നടത്തിയിട്ടുണ്ട്.

ഈ മേഖലയിലുടനീളം വീശിയടിക്കുന്ന ശക്തമായ ഇടിമിന്നലിന്റെ പ്രതിഫലമായാണ് ആയിരക്കണക്കിന് ചെറുമീനുകള്‍ യോറോ പട്ടണങ്ങളിലെ തെരുവുകളിലും വയലുകളിലും ഒഴുകിയെത്തുന്നത്. ഒരു നൂറ്റാണ്ടിലേറെയായി പട്ടണത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിഭാസം ഗവേഷകരെ അത്ഭുതപ്പെടുത്തുന്നു എങ്കിലും ഇവിടുത്തുകാര്‍ക്ക് എന്നും സന്തോഷം നല്‍കുന്ന സംഭവമാണ്. വാട്ടര്‍സ്പൗട്ട് അഥവാ ജലസ്തംഭം ആണ് ഈ പ്രതിഭാസത്തിനു കാരണം എന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. കടലിലും വളരെ വിസ്തൃതമായ ജലാശയങ്ങളിലും കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു അസാധാരണ ചുഴലിയാണ് ജലസ്തംഭം, കടല്‍ ചുഴലി എന്നൊക്കെ പറയുന്ന പ്രതിഭാസം. മത്സ്യങ്ങള്‍, തവളകള്‍, നിരവധി ചെറിയ ജലജീവികള്‍ എന്നിവയെ അന്തരീക്ഷത്തിലേക്ക് വലിച്ചെടുക്കാന്‍ കടലില്‍ ഉണ്ടാകുന്ന ഈ ചുഴിക്ക് സാധിക്കും. പിന്നീട് കനത്ത മഴയോടൊപ്പം ഇവ കരയില്‍ വന്നു ചേരുകയാണ് ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള വിചിത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സെര്‍ബിയയില്‍ ആകാശത്ത് നിന്ന് തവളകള്‍ വീഴുന്നതും, ഓസ്‌ട്രേലിയയില്‍ ചിലന്തികള്‍ വീഴുന്നതും, യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ ചില പുഴുക്കള്‍ വീഴുന്നതും അനുഭവപ്പെട്ടിട്ടുണ്ട്.

എന്നാല്‍ മെയ് ജൂണ്‍ ജൂലൈ മാസങ്ങളില്‍ മത്സ്യ മഴ പെയ്യുമ്പോള്‍ അവ ശേഖരിക്കാനായി ബക്കറ്റും പാത്രങ്ങളും എടുത്തു വരുന്ന യോറോ പട്ടണത്തിലെ പ്രദേശവാസികള്‍ തങ്ങളുടെ സാംസ്‌കാരികവും ആത്മീയവുമായ രീതിയുമായി ഇതിനെ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നത്. മത്സ്യങ്ങള്‍ ശേഖരിച്ച് അവരിത് പാകം ചെയ്ത് കഴിക്കുകയും ചെയ്യും. ഈ പ്രതിഭാസത്തെ സംഗീതം, പരേഡുകള്‍, സമൂഹ വിരുന്നുകള്‍ എന്നിങ്ങനെ ഉള്ള വിവിധ തരത്തിലുള്ള പരിപാടികളിലൂടെ 'ഫെസ്റ്റിവല്‍ ഡി ലാ ലുവിയ ഡി പെസെസ്', എന്ന് പേരിട്ട് വലിയൊരു ആഘോഷമായി മാറ്റുകയാണ് ഇവിടത്തെ ജനങ്ങള്‍. പലപ്പോഴും നദികളോ തടാകങ്ങളോ ഇല്ലാത്ത പ്രദേശങ്ങളിലാണ് മല്‍സ്യങ്ങള്‍ വീഴുന്നത് എന്നതാണ് യോറോറിലെ ഈ പ്രതിഭാസത്തെ വ്യത്യസ്തമാക്കുന്നത്. ആകാശത്തു നിന്ന് നേരിട്ട് വീഴുന്നതല്ല, വെള്ളപ്പൊക്കം വഴി ഒഴുകി വരുന്നതാണ് ഈ മത്‌സ്യങ്ങള്‍ എന്നും പറയപ്പെടുന്നുണ്ട്.

Ads by Google
Sunday 14 Sep 2025 08.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW