Sunday, March 15, 2026 Last Updated 34 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 14 Sep 2025 08.01 AM

മരിച്ചുപോയ മുത്തശ്ശിയുടെ ഓര്‍മയ്ക്ക് വീഡിയോ ഗെയിം നിര്‍മ്മിച്ച് ചൈനീസ് യുവാവ്

man, video. game, grandmother

ചൈനയില്‍ നിന്നും പുറത്തുവരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നെറ്റീസണ്‍സിന്റെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മരിച്ചുപോയ മുത്തശ്ശിയോടുള്ള ആദരസൂചകമായി ഷൗ യിച്ചെന്‍ എന്ന യുവാവ് ഒരു വീഡിയോ ഗെയിം സൃഷ്ടിച്ച വാര്‍ത്തയാണ് വലിയ ശ്രദ്ധ നേടുന്നത്. മുത്തശ്ശിയുടെ ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 'ഗ്രാന്റ്മ' എന്ന പേരില്‍ ഒരു ലളിതമായ പിക്‌സല്‍ വീഡിയോ ഗെയിമാണ് ഷൗ യിച്ചെന്‍ ഉണ്ടാക്കിയിരിക്കുന്നത്. തന്റെ മുത്തശ്ശിയോടുള്ള സ്‌നേഹവാത്സല്യങ്ങളാണ് ഇത്തരമൊരു ഗെയിം ഉണ്ടാക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഷൗ പറയുന്നു.

അഞ്ച് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ഗെയിം, ഭക്ഷണം പാചകം ചെയ്യുക, കുളിക്കാന്‍ സഹായിക്കുക, വീണതിന് ശേഷം വീല്‍ചെയറില്‍ ഇരുത്തി പുറത്തേക്ക് കൊണ്ടുപോകുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ കളിക്കാരെ ക്ഷണിക്കുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുത്തശ്ശിയുടെ വേര്‍പാടിനെ പ്രതീകാത്മകമായി കാണിച്ച് കൊണ്ടാണ് ഗെയിം അവസാനിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗെയിമിലെ ടാസ്‌കുകള്‍ പൂര്‍ത്തിയാക്കാന്‍ കളിക്കാര്‍ 'അതെ' അല്ലെങ്കില്‍ 'ഇല്ല' എന്നീ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കണം. ഗെയിമിന്റെ അവസാനം, മുത്തശ്ശി കളിക്കാരനോട് നന്ദി പറഞ്ഞതിന് ശേഷം, മരണത്തെ സൂചിപ്പിച്ച് കൊണ്ട് ഒരു വലിയ പക്ഷി വന്ന് മുത്തശ്ശിയെ കൂട്ടിക്കൊണ്ട് പോകുന്നതോടെ ഗെയിം അവസാനിക്കുന്നു.

കഴിഞ്ഞ വര്‍ഷം മരിച്ച തന്റെ മുത്തശ്ശിയെ ശുശ്രൂഷിക്കാന്‍ ചെലവഴിച്ച സമയം ഓര്‍മ്മിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഈ ഗെയിം രൂപകല്‍പ്പന ചെയ്തത്. നൊസ്റ്റാള്‍ജിക് 'ഗെയിം ബോയ്' ഗ്രാഫിക്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഷൗ ഈ ഗെയിം ഉണ്ടാക്കിയത്. ഗെയിമിന്റെ ആദ്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചപ്പോള്‍, നിരവധി ആളുകളാണ് വൈകാരികമായി ഇതിനോട് പ്രതികരിച്ചത്. വീഡിയോ ഗെയിമുകള്‍ക്ക് കഥ പറയാനും ഓര്‍മ്മകള്‍ നിലനിര്‍ത്താനുമുള്ള ശക്തമായ ഉപാധിയാകാന്‍ കഴിയുമെന്ന് തന്റെ സൃഷ്ടിയിലൂടെ തെളിയിക്കാനാണ് ഷൗ ആഗ്രഹിക്കുന്നത്.

സെന്‍ട്രല്‍ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാന്‍ സ്വദേശിയാണ് ഷൗ. മൂന്ന് വയസ്സ് വരെ അദ്ദേഹത്തെ വളര്‍ത്തിയത് മുത്തശ്ശനും മുത്തശ്ശിയുമാണ്. തന്റെ മുത്തശ്ശി 'ശക്തയും എപ്പോഴും പുഞ്ചിരിക്കുന്നയാളുമായിരുന്നു എന്ന് ഷൗ ഓര്‍മ്മിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വീണതിനെ തുടര്‍ന്ന് മുത്തശ്ശി കിടപ്പിലായതോടെ ഷൗ ആണ് അവരെ ശുശ്രൂഷിച്ചത്. ആഴ്ചകള്‍ക്ക് ശേഷം ഓക്ടോബറില്‍ അവര്‍ മരിച്ചു. കഴിഞ്ഞ ജൂലൈയോടെ ഷൗ തന്റെ മുത്തശ്ശി ഗെയിം ഡിസൈന്‍ ചെയ്യാന്‍ തുടങ്ങി. ഫെബ്രുവരിയില്‍ അദ്ദേഹം ഇത് പൂര്‍ത്തിയാക്കുകയായിരുന്നു.

Ads by Google
Sunday 14 Sep 2025 08.01 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW