Thursday, March 12, 2026 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 13 Sep 2025 09.55 AM

' ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' ; മൂന്നാം ക്ലാസുകാരന്റെ ഉത്തരകടലാസ് പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി

post
photo-www.facebook.com/comvsivankutty

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ഉത്തരകടലാസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തലശ്ശേരി ഒ ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ.യുപി സ്‌കൂളിലെ മൂന്നാം ക്ലാസുകാരന്‍ അഹാന്‍ അനൂപ് എന്ന മിടുക്കന്റെ ഉത്തരകടലാസിന്റെ ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്.. 'ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സില്‍ പകര്‍ത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങള്‍..അഹാന്‍ അനൂപ്,തലശ്ശേരി ഒ ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യു പി സ്‌കൂള്‍. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്'' എന്ന അടിക്കുറിപ്പോടെയാണ് ഉത്തരകടലാസിന്റെ ചിത്രം മന്ത്രി പങ്കുവെച്ചത്.

ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കാന്‍ ആണ് ചോദ്യം. സ്പൂണും നാരങ്ങയും കളിയെ കുറിച്ചാണ് അഹാന്‍ എഴുതിയത്. ഒരു മൂന്നാം ക്ലാസുകാരന്റെ നിരീക്ഷണപാടവവും അതിലുപരി അവന്റെ കുഞ്ഞു മനസിലെ വലിയ നന്മയും ആണ് അവന്റെ ഉത്തരത്തില്‍ കാണാന്‍ സാധിക്കുന്നത്. അക്ഷരത്തെറ്റുകള്‍ ഒന്നും കൂടാതെയാണ് അഹാന്‍ തന്റെ ഉത്തരങ്ങള്‍ എഴുതിയത് എന്നതും ശ്രദ്ധേയമാണ്.

*ഒരു സമയം അഞ്ച് പേര്‍ക്ക് മത്സരിക്കാം
*എല്ലാവരും വായയില്‍ സ്പൂണ്‍ വെക്കുക നാരങ്ങ സ്പൂണില്‍ മേല്‍ വെക്കണം
*അടയാളപ്പെടുത്തിയിരിക്കുന്ന വരിയില്‍ നിന്നാണ് കളിക്കേണ്ടത്
*നിലത്തു വീണാല്‍ പിന്നെയും എടുത്തു വെച്ചു വേണം നടക്കേണ്ടത്
*വരി തെറ്റിയാല്‍ കളിയില്‍ നിന്ന് പുറത്താക്കും
*ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്

ഇതായിരുന്നു അഹാന്റെ ഉത്തരം. അവന്‍ ഏറ്റവും ഒടുവില്‍ എഴുതിയ വാക്കുകള്‍ ആണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് മന്ത്രി പങ്കുവെച്ച പോസ്റ്റിന് താഴെ പ്രതികരണങ്ങള്‍ അറിയിച്ച് എത്തുന്നത്. ' കേരളത്തിന്റെ മാനവിക പുരോഗതി, പുതുതലമുറയില്‍ സുരക്ഷിത്വമാണ്. അഭിനന്ദനങ്ങള്‍' എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്. ' നല്ല സന്ദേശം പകരുന്ന ആ കുഞ്ഞുമനസ്സിന് ആയിരം ഭാവുകങ്ങള്‍' എന്നാണ് മറ്റൊരു കമന്റ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW