-->
തിരുവനന്തപുരം: എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍ സ്‌ക്രീനിംഗ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്താനുമാണ് ഈ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് നടക്കും. പരമാവധി സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ വന്ന് ആരോഗ്യ പരിശോധന നടത്തണമെന്നും അതിനവരെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ കാലഘട്ടത്തില്‍ ഒട്ടേറെ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ആരോഗ്യ മേഖലയ്ക്കായി. കേരളത്തിലെ ശിശു മരണനിരക്ക് അമേരിക്കന്‍ ഐക്യനാടുകളിലെ ശിശു മരണ നിരക്കിനെക്കാളും കുറഞ്ഞതായി. ഈ നേട്ടത്തിനായി പ്രയത്‌നിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നു. ആരോഗ്യ മേഖലയില്‍ കൈവരിക്കുന്ന ഓരോ റെക്കോര്‍ഡും അടുത്ത വര്‍ഷം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്.