-->
ആകാശ വിനോദങ്ങള്‍ രസകരമാണെങ്കിലും പലപ്പോഴും ഇവ അപകടങ്ങള്‍ വിളിച്ചുവരുത്താറുണ്ട്. ഏതായാലും അത്തരമൊരു പറക്കലിലൂടെ മരണത്തെ മുഖാമുഖം കണ്ട ഒരു അമേരിക്കന്‍ പാരാഗ്ലൈഡറുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. യുഎസിലെ പരിചയസമ്പന്നനായ പാരാഗ്ലൈഡറായ 27 കാരനായ മൈക്കളിന്റെ ആകാശപ്പറക്കലാണ് ദുരന്തമായി മാറിയത്.
ഓഫീഷ്യല്‍ സ്ലാപ്പി കാറ്റ് എന്ന യൂട്യൂബ് പേജിലാണ് മൈക്കിളിന്റെ പാരാഗ്ലൈഡിംഗ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ ഏതാണ്ട് 1,500 ഉയരത്തില്‍ പറക്കവെ മൈക്കിളിന്റെ പാരാഗ്ലൈഡറില്‍ ഒരു ജന്മദിന ബലൂണ്‍ വന്ന് ഉടക്കിയത്. ഇതോടെ അദ്ദേഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. വീഡിയോയില്‍ ദൂരെ നിന്നും എന്തോ ഒന്ന് പറന്ന് വരുന്നത് കാണാം. ആ വസ്തു അടുത്തെത്തിയപ്പോള്‍ മൈക്കിള്‍ തന്റെ കാല് കൊണ്ട് അതിനെ ചവിട്ടിയകറ്റാന്‍ ശ്രമിച്ചു. എന്നാല്‍ അത് അദ്ദേഹത്തിന്റെ പാരാഗ്ലൈഡറിന്റെ കയറുകളില്‍ കുരുങ്ങി. പിന്നീടാണ് അത് ആറ് വയസുള്ള ഏതോ കുട്ടിയുടെ പിറന്നാളിന് പറത്തിവച്ച് ജന്മദിന ബലൂണാണെന്ന് വ്യക്തമാകുന്നത്.
വീഡിയോയില്‍ അദ്ദേഹം ഏറെ നേരം ആ ജന്മദിന ബലൂണിനെ എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ ഏറെ സാഹസപ്പെട്ട് അദ്ദേഹം തന്റെ യാത്ര അവസാനിപ്പിച്ച് താഴെയിറങ്ങുന്നു. മൈക്കിള്‍ ഭൂമിയിലിറങ്ങിയതിന് ശേഷമാണ് ആ ജന്മദിന ബലൂണ്‍ തന്റെ പാരാഗ്ലൈഡറില്‍ നിന്നും എടുത്ത് മാറ്റിയത്. പിന്നീട് ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍, തന്റെ ആറ് വര്‍ഷത്തെ പാരാഗ്ലൈഡിംഗ് അനുഭവത്തില്‍ ഇത്തരമൊരു അനുഭവം ആദ്യത്തെതാണെന്നും ഇത് മാരകമായിരുന്നെന്നും അഭിപ്രായപ്പെട്ടു.