-->
വിദേശീയര്‍ പലരും ഇന്ത്യയിലെത്തിയ ശേഷം ഈ നാടും സംസ്കാരവും രീതികളും അന്തരീക്ഷവുമൊക്കെ ഇഷ്ടപ്പെട്ടതിന്റെ പേരില്‍ ഇവിടെ തന്നെ താമസമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു സാധാരണ സന്ദര്‍ശനത്തിനായി എത്തിയവരാണ് പലപ്പോഴും പിന്നീട് ഇന്ത്യയില്‍ സെറ്റിലാകാന്‍ തീരുമാനിച്ചിട്ടുള്ളത്.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു റഷ്യന്‍ യുവതി താന്‍ എന്തുകൊണ്ടാണ് ഇന്ത്യയെ ഇഷ്ടപ്പെടുന്നത് എന്ന് പറയുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. 11 വർഷമായി ഇന്ത്യയില്‍ ജീവിക്കുന്നെന്നും, ഇന്ത്യ അങ്ങേയറ്റം സുരക്ഷിതമായ രാജ്യമെന്നുമാണ് ജൂലിയ അസ്ലാമോവ എന്ന റഷ്യൻ യുവതി പറയുന്നത്. എങ്ങനെയാണ് ഇന്ത്യ തന്നെ സ്വാധീനിച്ചതും രൂപപ്പെടുത്തിയതും എന്ന് പറഞ്ഞുകൊണ്ടാണ് 11 വർഷം ഇന്ത്യയില്‍ പൂർത്തിയാക്കിയതിനെ കുറിച്ചുള്ള വീഡിയോ ജൂലിയ ഷെയർ ചെയ്തിരിക്കുന്നത്. എന്തുകൊണ്ട് ഇന്ത്യയെ സ്നേഹിക്കുന്നു എന്നും ജൂലിയ കുറിക്കുന്നു. ഇന്ത്യയെ സ്നേഹിക്കാനുള്ള മൂന്ന് കാരണങ്ങളാണ് ജൂലിയ പറയുന്നത്.
‘‘ഇന്ത്യയിലേക്ക് താമസം മാറി 11 വർഷം പിന്നിട്ടതിന്റെ ആഘോഷം - ‘ഒരു വർഷത്തേക്ക് മാത്രം...’
ഇന്ത്യ എന്നെ എങ്ങനെ സ്വാധീനിച്ചുവെന്നും രൂപപ്പെടുത്തിയെന്നുമാണിത്.
ഇന്ത്യയിലെ ആതിഥ്യം വ്യത്യസ്തമായ തലത്തിലാണ്. ആളുകൾ വളരെ സ്വാഗതം ചെയ്യുന്നവരും, തുറന്ന മനസ്സുള്ളവരും, സഹായമനസ്കരുമാണ്. നല്ല സഹായസന്നദ്ധത ഉള്ളവരാണ്. ഉദാഹരണമായി, ഒരു സ്ഥലത്തേക്ക് പോകാനുള്ള വഴി ചോദിച്ചാല്‍ പോലും എല്ലാവരും സഹായിക്കാനെത്തും. എല്ലാവരും സഹായിക്കാൻ ശ്രമിക്കും. എല്ലാവരും...
ഇന്ത്യ ഒരു കാന്തിക രാജ്യമാണ്, എന്ത് കാണണമെന്നും എന്ത് വിശ്വസിക്കണമെന്നും ഈ രാജ്യം കാണിച്ചുതരുന്നു. അത് നിങ്ങൾ എന്താണ് കാണാനും വിശ്വസിക്കാനും, പ്രപഞ്ചത്തിന് എന്ത് നൽകണമെന്നും നിങ്ങളെ കാണിക്കുന്നു. അങ്ങനെ അല്ലെന്ന് അഭിപ്രായം പറയാറുള്ള സുഹൃത്തുക്കളുണ്ട്, പക്ഷേ അവർ മുൻധാരണകളോടെ ഇന്ത്യയെ സമീപിക്കുന്നതുകൊണ്ടാണ് അത്. എന്നെപ്പോലെ മറ്റുള്ളവർക്ക് - രാജ്യത്തേക്ക് ഏറ്റവും സ്വാഗതം ലഭിച്ചതും ഇവിടുത്തെ എല്ലാ സൗന്ദര്യവും കണ്ടതുമായ നിരവധി കഥകൾ എന്റെ പക്കലുണ്ട്... ഇന്ത്യ ശരിക്കും സുരക്ഷിതമായ ഒരു രാജ്യമാണ്....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് യുവതി വീഡിയോ പങ്കിട്ടിരിക്കുന്നത്.
സല്‍വാറൊക്കെ ധരിച്ച്, പൊട്ടൊക്കെ കുത്തി ശരിക്കും ഒരു ഇന്ത്യക്കാരിയെ പോലെയാണ് ജൂലിയ വീഡിയോയില്‍. 11 വർഷം മുമ്പ് ഇന്ത്യയിലേക്ക് വരുമ്പോള്‍ ഒരു വർഷം ജീവിച്ചിട്ട് തിരികെ പോകാം എന്നാണ് ജൂലിയ അസ്ലാമോവ കരുതിയിരുന്നത്. എന്നാല്‍, കഴിഞ്ഞ 11 വർഷമായി അവര്‍ ബെംഗളൂരുവിലാണ് കഴിയുന്നത്. ‘ഇന്ത്യയുടെ മരുമകള്‍’ എന്നാണ് ജൂലിയ തന്റെ സോഷ്യല്‍ മീഡിയാ ബയോയില്‍ കുറിച്ചിരിക്കുന്നത്. ഒരുപാട് പേര്‍ ജൂലിയയുടെ പോസ്റ്റിന് സ്നേഹമറിയിച്ചുകൊണ്ട് കമന്റുകള്‍ നല്‍കിയിട്ടുണ്ട്.
പലപ്പോഴും ഇന്ത്യയിലെ ജീവിതവുമായി ബന്ധപ്പെട്ട വീഡിയോകള്‍ ജൂലിയ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്യാറുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള ആളുകള്‍ക്ക് അത്ര പരിചിതമല്ലാത്ത കാര്യങ്ങളാവും മിക്കവാറും ജൂലിയ പങ്കിടാറുള്ളത്.