-->
യുഎഇ : ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യ- പാകിസ്താന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്നേ ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടത്തിന് തീകൊളുത്തിക്കഴിഞ്ഞു. ടൂര്‍ണമെന്റിന് മുന്നോടിയായി ചൊവ്വാഴ്ച നടന്ന ക്യാപ്റ്റന്മാരുടെ വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയും ഇന്ത്യ-പാക് പോരാട്ടത്തെ കുറിച്ച് പറഞ്ഞത്.
ഇന്ത്യ-പാക് മത്സരം തീപാറുമെന്ന്മുന്നറിയിപ്പുനല്‍കുകയാണ്ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്.കളത്തിലിറങ്ങിയാല്‍ എപ്പോഴും ആക്രമണോത്സുകത ഉണ്ടായിരിക്കുമെന്നും അഗ്രഷന്‍ ഇല്ലാതെ ക്രിക്കറ്റ് കളിക്കാന്‍ സാധിക്കില്ല. നാളെ ആരംഭിക്കുന്ന ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ വളരെ ആവേശത്തിലാണ്', ക്യാപ്റ്റന്‍ സൂര്യ പറഞ്ഞു. പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയും ഇന്ത്യന്‍ ക്യാപ്റ്റന്റെ അഭിപ്രായത്തോട് യോജിച്ച് സംസാരിച്ചു. 'അഗ്രഷന്‍ ഉള്ളവരെയെല്ലാം അവര്‍ കളിക്കളത്തില്‍ തുടരുന്നിടത്തോളം സ്വാഗതം ചെയ്യുന്നു', ആഗ മാധ്യമങ്ങളോട് പറഞ്ഞു.
പ്രസ് മീറ്റിനിടെ ഇരുക്യാപ്റ്റന്മാരും ഹസ്തദാനം ചെയ്യാതെ പിരിഞ്ഞതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വാര്‍ത്താ സമ്മേളനത്തിനൊടുവില്‍ അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാനെയും മറ്റുചില ക്യാപ്റ്റന്മാരെയും ആലിംഗനം ചെയ്ത സൂര്യ പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയെ ആലിംഗനം ചെയ്തില്ല. പ്രസ് മീറ്റില്‍ റാഷിദ് ഖാനും ശ്രീലങ്കന്‍ നായകന്‍ ചരിത് അസലങ്കയ്ക്കും നടുവിലായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇരുന്നത്.
അതേസമയം ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാവുകയാണ്. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം നാളെയാണ്. ആതിഥേയരായ യുഎഇയാണ് ഇന്ത്യയുടെ എതിരാളികള്‍. സെപ്റ്റംബര്‍ 14നാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം