-->
ദില്ലിയില്‍ ഈ വര്‍ഷം ജനുവരി ഒന്നിനും സെപ്റ്റംബര്‍ ആറിനും ഇടയില്‍ 163 ശുദ്ധ വായു ലഭിച്ച ദിനങ്ങള്‍ രേഖപ്പെടുത്തി. ഈ വര്‍ഷത്തെ കണക്കുകള്‍ കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ശ്രദ്ധേയമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2016 ല്‍ 110 ദിനങ്ങള്‍, 2017ല്‍ 152 ദിനങ്ങള്‍, 2018 ല്‍ 159 ദിനങ്ങള്‍ എന്നിങ്ങനെയായിരുന്നു ഡല്‍ഹിയിലെ ഓരോ വര്‍ഷത്തെയും ആകെ ശുദ്ധവായു ലഭിച്ച ദിനങ്ങളുടെ എണ്ണം.
2022 ല്‍ ഡല്‍ഹിയില്‍ 163 ശുദ്ധവായു ലഭിച്ച ദിനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തേത് ചരിത്രപരമായ നേട്ടമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കാരണം 2025 അവസാനിക്കാന്‍ നാലുമാസത്തോളം ബാക്കിനില്‍ക്കെയാണ് 163 ദിനങ്ങള്‍ ഡല്‍ഹിയില്‍ ഉണ്ടായത്. എണ്ണം ഇനിയും കൂടും എന്നാണ് പരിസ്ഥിതി മന്ത്രാലയവും പാരിസ്ഥിതിക വിദഗ്ദ്ധരും വിലയിരുത്തുന്നത്. കൂടാതെ ഈ നിര്‍ണായക നേട്ടത്തിലെ മറ്റൊരു നാഴികക്കല്ല് ആഗസ്റ്റ് മാസത്തിലെ 31 ദിവസങ്ങളും ക്ലീന്‍ എയര്‍ ഡേയായി രേഖപ്പെടുത്തി എന്നതാണ്. സെപ്റ്റംബര്‍ മാസത്തിലെ ആദ്യ ആറു ദിവസവും ഇതിന്റെ തുടര്‍ച്ചയായി തന്നെ ക്ലീന്‍ എയര്‍ ഡേ ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പരിസ്ഥിതി മന്ത്രി മഞ്ജിന്ദര്‍ സിംഗ് സിര്‍സയുടെ പ്രസ്താവന പ്രകാരം, ദില്ലി സര്‍ക്കാരിന്റെ ഡാറ്റാ അടിസ്ഥാനത്തിലുള്ള നിയന്ത്രണ നടപടികളാണ് ഈ സുപ്രധാന നേട്ടം കൈവരിക്കാന്‍ സഹായകമായത്. സ്വീകരിച്ച പ്രധാന മലിനീകരണ നിയന്ത്രണ നടപടികളില്‍ മെക്കനൈസ്ഡ് റോഡ് ശുചീകരണ സംവിധാനം, ബയോ മൈനിംഗ് ടെക്‌നോളജിയുടെ വിന്യാസം, മാലിന്യ നിയന്ത്രണ സംവിധാനങ്ങള്‍, കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കര്‍ശന നിയന്ത്രണം എന്നിവ ഉള്‍പ്പെടുന്നു.
വ്യവസായ മലിനീകരണം നിയന്ത്രിക്കാന്‍ സ്ഥിരമായ പരിശോധനകളും, വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണത്തിന് പുതിയ നിയമനിര്‍മാണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. വായുസൂചിക നിരീക്ഷണത്തിന് പുതിയ സാങ്കേതിക ഉപകരണങ്ങള്‍ സ്ഥാപിച്ച്, റിയല്‍ ടൈം ഡാറ്റ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് മലിനീകരണ നിയന്ത്രണ നടപടികള്‍ നടപ്പിലാക്കുന്നത്.