-->
മരപ്പട്ടിയെ ഉപയോഗിച്ച് തയ്യാറാക്കുന്ന കോപ്പി ലുവാക് കാപ്പിപ്പൊടി വില്‍ക്കുന്നതിലെ പ്രമുഖ കമ്പനിയായ 'റിച്ച് എക്‌സ്‌ക്ലൂസീവ് കോഫി' ഈ കാപ്പി വില്‍ക്കുന്നതില്‍നിന്നു പിന്മാറി. മൃഗസംരക്ഷണ സ്ഥാപനമായ പെറ്റയുടെ നേതൃത്വത്തില്‍ നടന്ന വലിയ ക്യാംപെയ്‌നു ശേഷമാണു തീരുമാനം. കമ്പനിയുടെ തീരുമാനത്തില്‍ അഭിനന്ദനമറിയിച്ച പെറ്റ, സമ്മാനമായി ഒരു ബോക്‌സ് ചോക്കലേറ്റ് നെതര്‍ലന്‍ഡ്‌സിലെ കമ്പനി കാര്യാലയത്തില്‍ എത്തിച്ചിട്ടുമുണ്ട്.
സിവറ്റ് കോഫി എന്ന പേരിലും കോപ്പി ലുവാക് അറിയപ്പെടുന്നുണ്ട്. വളരെ വിലയേറിയ കാപ്പിപ്പൊടി ഇനങ്ങളില്‍ ഒന്നാണ് കോപ്പി ലുവാക്. ഇന്തൊനീഷ്യയിലാണ് ഈ കാപ്പിപ്പൊടി തയാര്‍ ചെയ്യുന്ന രീതിയുടെ തുടക്കം. ഇന്തൊനീഷ്യയിലെ സുമാത്ര, ബാലി, സുലവെസി, ഈസ്റ്റ് ടയ്മൂര്‍ ദ്വീപുകളിലും ഫിലിപ്പീന്‍സിലുമൊക്കെ ഈ രീതിയുണ്ട്. മികവും രുചിയുമുള്ള കാപ്പിക്കുരുക്കള്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത ശേഷം ഇതു മരപ്പട്ടികള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയാണ് ഇതിലെ പ്രാഥമിക ഘട്ടം. മരപ്പട്ടിയുടെ ദഹനവ്യവസ്ഥ ഭാഗികമായി ഈ കാപ്പിക്കുരുക്കളെ ദഹിപ്പിക്കുകയും പുറന്തള്ളുകയും ചെയ്യും. മരപ്പട്ടിയുടെ വിസര്‍ജ്യത്തിനൊപ്പം പുറത്തുവരുന്ന ഈ പകുതി ദഹിച്ച കാപ്പിക്കുരുക്കള്‍ ശുചിയാക്കിയ ശേഷം പ്രത്യക രീതിയില്‍ ഉണക്കിപ്പൊടിച്ചാണ് കോപ്പി ലുവാക് ഉണ്ടാക്കുന്നത്. കിലോയ്ക്ക് 100 ഡോളര്‍ മുതല്‍ 1300 ഡോളര്‍ വരെ വില വരുന്ന കോപ്പി ലുവാക് വകഭേദങ്ങളുണ്ട്.
എന്നാല്‍ പരിസ്ഥിതി, മൃഗചൂഷണ വിഷയങ്ങളും ഈ കാപ്പിയുടെ നിര്‍മാണത്തിനു പിന്നില്‍ ആരോപിക്കപ്പെടുന്നുണ്ട്. ആദ്യകാലങ്ങളില്‍ ആളുകള്‍ മരപ്പട്ടി വിസര്‍ജിക്കുന്ന കാപ്പിക്കുരുക്കള്‍ക്കായി കാട്ടില്‍ തേടിയലഞ്ഞു ശേഖരിച്ചു തയാര്‍ ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ കാപ്പിയുടെ ഡിമാന്‍ഡ് തിരിച്ചറിഞ്ഞതോടെ ഈ രീതി വാണിജ്യവത്കരിക്കപ്പെട്ടു. മരപ്പട്ടികളെ കൂട്ടിലാക്കി ഇവയെ നിര്‍ബന്ധിതമായി കാപ്പിക്കുരു ഭക്ഷണമായി നല്‍കിയുള്ള കാപ്പിയുല്‍പാദന രീതി തുടങ്ങി. ഇത് മൃഗചൂഷണമാണെന്ന് പെറ്റ ഉള്‍പ്പെടെ പല ആക്ടിവിസ്റ്റ് സംഘടനകളും അഭിപ്രായപ്പെടുന്നു