-->
ഫിഡ്‌ലര്‍ ഞണ്ടുകളുടെ ഇണചേരല്‍ പ്രക്രിയ പഠിക്കാന്‍ റോബോട്ട് ഞണ്ടിനെ അയച്ച് ശാസ്ത്രജ്ഞര്‍. വടക്കന്‍ പോര്‍ച്ചുഗലില്‍ അധിവസിക്കുന്ന ഫിഡ്‌ലര്‍ ഞണ്ടുകളിലെ പെണ്‍വര്‍ഗ്ഗത്തിനു മുന്നിലേക്കാണ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഈ സുന്ദരന്‍ ഞണ്ടെത്തിയത്. പെണ്‍ ഞണ്ടുകളെ ആകര്‍ഷിക്കാന്‍ വലിയ കാല്‍ നഖങ്ങള്‍ വീശുന്ന ഇണ ചേരല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് കക്ഷി. പെണ്‍കുട്ടത്തിന്റെ ശ്രദ്ധ കവരാനായെങ്കിലും യഥാര്‍ത്ഥ ഞണ്ടാല്ലാത്തതിനാല്‍ പുതിയ അതിഥിക്ക് അധികനേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.
വേവി ഡേവ് എന്നാണ് ഈ റോബോട്ടിന്റെ പേര്. ഫിഡ്‌ലര്‍ ഞണ്ടുകളുടെ പ്രജനന പ്രക്രിയയില്‍ കാല്‍നഖം വീശല്‍ മത്സരത്തിന് വലിയ പങ്കുണ്ട്. ആണ്‍ ഞണ്ടുകളുടെ ഈ പ്രകടനം കണ്ടാണ് പെണ്‍ ഞണ്ടുകള്‍ ആരെ ഇണയായി തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത്. ആകര്‍ഷണം തോന്നിക്കഴിഞ്ഞാല്‍ പെണ്‍ ഞണ്ട് ആണ്‍ ഞണ്ടിന്റെ മാളത്തില്‍ പ്രവേശിച്ച് മുട്ടകള്‍ക്ക് ബീജസങ്കലനം നടത്താന്‍ അനുവദിക്കുന്നു. അവയുടെ ഇനത്തിന്റെ നിലനില്‍പ്പിന് അത്രത്തോളം പ്രധാനമാണ് ഈ മത്സരം.
ഈ പ്രക്രിയയെക്കുറിച്ച് കൂടുതല്‍ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് വേവി ഡേവിനെ ശാസ്ത്രജ്ഞര്‍ ഞണ്ടിന്‍ കൂട്ടത്തിനുള്ളിലേക്ക് കടത്തിവിട്ടത്. ഫിഡ്‌ലര്‍ ആണ്‍ ഞണ്ടുകളുടെ അതേ രൂപത്തിലാണ് വേവി ഡേവിനെ നിര്‍മിച്ചിരിക്കുന്നത്. നഖങ്ങളുടെ വലിപ്പം മാറ്റാവുന്ന രണ്ട് ഓപ്ഷനുകളാണ് റോബോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച് ശരാശരി നീളത്തിലും അമിത നീളത്തിലും നഖങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാവും. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചായിരുന്നു ബേബി ഡേവിന്റെ പ്രവര്‍ത്തനം.
റിയ ഫോര്‍മോസ നാച്ചുറല്‍ പാര്‍ക്കിലെ ഞണ്ടുകള്‍ നിറഞ്ഞ ചെളിത്തട്ടിലാണ് ഗവേഷകര്‍ റോബോട്ടിനെ പരീക്ഷിച്ചത്. മറ്റ് ആണ്‍ ഞണ്ടുകളുടെ അതേ രീതിയില്‍ ഡേവും കാല്‍ നഖങ്ങള്‍ ചലിപ്പിച്ചു കൊണ്ടിരുന്നു. അല്പസമയത്തിനുള്ളില്‍ തന്നെ ഡേവിന് മറ്റുള്ളവയില്‍ നിന്നും എന്തോ വ്യത്യസ്തത ഉണ്ടെന്ന് പെണ്‍ ഞണ്ടുകള്‍ മനസ്സിലാക്കിയെടുത്തു. അതുകൊണ്ട് അവര്‍ ഡേവിനെ അത്ര കാര്യമായി ഗൗനിച്ചില്ല. എന്നാല്‍ മത്സരത്തിന് പുതിയൊരു എതിരാളി ഉണ്ടെന്ന് ആണ്‍ ഞണ്ടുകള്‍ക്ക് കൃത്യമായി തിരിച്ചറിയാനായി.
തുടക്കത്തില്‍ ഒരു പെണ്‍ ഞണ്ടാണത് എന്ന ധാരണയില്‍ കടുത്ത മത്സരമാണ് അവ തമ്മില്‍ കാഴ്ച വച്ചത്. എന്നാല്‍ അവ പിന്നീട് യഥാര്‍ത്ഥ ഞണ്ടുകളിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു. എങ്കിലും ഡേവിന്റെ സാന്നിധ്യം മൂലം അവ സാധാരണയില്‍ താഴെ വേഗതയിലാണ് കാല്‍നഖങ്ങള്‍ ചലിപ്പിച്ചത്. കൂടുതല്‍ സമയം നഖങ്ങള്‍ ചലിപ്പിച്ച് പെണ്‍കൂട്ടത്തെ ആകര്‍ഷിക്കാന്‍ ശ്രമിച്ചതായും ' ഗവേഷകര്‍ തിരിച്ചറിഞ്ഞു. റോബോട്ട് ഞണ്ട് നഖത്തിന്റെ നീളം കുറച്ച് വീശി കാണിക്കുന്ന സമയങ്ങളില്‍ അതിനരികിലേക്ക് പെണ്‍ ഞണ്ടുകള്‍ എത്താന്‍ സാധ്യതയില്ലെന്ന് മനസ്സിലാക്കിയ ആണ്‍കൂട്ടം മാളങ്ങളിലേക്ക് പോകാതെ കാത്തിരിക്കുന്നതായും കണ്ടെത്തി. എതിരാളികള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കനുസരിച്ച് ആണ്‍ ഞണ്ടുകള്‍ അവയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുമെന്നും വിജയസാധ്യത കൂടുതലുള്ളപ്പോള്‍ അവ അതിനുവേണ്ടി പരമാവധി ശ്രമിക്കുമെന്നുമുള്ള നിഗമനത്തിലാണ് ഗവേഷകര്‍ എത്തിയത്.
എന്നാല്‍ അധികനേരം ഡേവിന് ആണ്‍പടയുമായി പോരടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. കരുത്തനായ ഒരാണ്‍ ഞണ്ട് റോബോട്ടിന്റെ കാല്‍നഖം പറിച്ചെടുത്ത് അതിനെ നശിപ്പിച്ചു. റോബോട്ടിന് ആ അവസ്ഥയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാല്‍ അതിനെ തിരികെ വിളിക്കേണ്ടി വന്നതായി ബയോമാത്തമാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് സ്‌കോട്ട്‌ലന്‍ഡിലെ എക്കോളജി മോഡലറും സ്റ്റാറ്റിസ്റ്റിഷ്യനുമായ ജോ വൈല്‍ഡ് പറയുന്നു.