-->
ഇന്ത്യയിലെ ജീവിത ചെലവിനെക്കുറിച്ച് ഒരു റഷ്യന്‍ യുവതി പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ജീവിക്കാന്‍ ചെലവ് കുറവ് മതി എന്ന് പറയുന്നത് ശരിയല്ല എന്നാണ് യുവതി പറയുന്നത്. ശരിക്കും വിദേശത്ത് ജീവിക്കുന്നതിനേക്കാള്‍ ചെലവ് കുറവാണ് അല്ലേ ഇന്ത്യയിലെ ജീവിതം? എന്നാല്‍, വിക്ടോറിയ കോവന്‍ എന്ന യുവതി പറയുന്നത് അത് അങ്ങനെയല്ല എന്നാണ്. നല്ല കാശുണ്ടെങ്കിലേ ഇന്ത്യയില്‍ ജീവിക്കാനാവൂ എന്നാണ് വിക്ടോറിയ പറയുന്നത്.
ഗുരുഗ്രാമില്‍ ജീവിക്കാനുള്ള തന്റെ ഒരു മാസത്തെ ഏറ്റവും അടിസ്ഥാനപരമായ ചെലവുകളെ കുറിച്ചാണ് വിക്ടോറിയ വീഡിയോയില്‍ വിശദീകരിക്കുന്നത്. അതില്‍ വാടകയായി പറയുന്നത് 1bhk ഒരു മാസം 1,20,000 രൂപയാണ്. യൂബര്‍ ബ്ലാക്കിന് ഒരു റൈഡിന് 1000 രൂപ, റെസ്‌റ്റോറന്റിലെ ഉച്ചഭക്ഷണത്തിന് 2500 രൂപ, ഇലക്ട്രിസിറ്റി 15,000 രൂപ, ഷോപ്പിംഗിന് 30,000 രൂപ, മരുന്നുകള്‍ക്ക് 20,000 രൂപ, സൗന്ദര്യസംരക്ഷണം 15,000 രൂപ, ഗ്രോസറി 40,000 രൂപ എന്നിങ്ങനെയാണ് വിക്ടോറിയ തന്റെ ചെലവുകളെ കുറിച്ച് വിശദീകരിക്കുന്നത്.
'ഇന്ത്യയിലെ ജീവിതം ചെലവ് കുറവാണെന്ന് പറയുന്നു, എന്നാല്‍ ഗുരുഗ്രാമിലെ തന്റെ ഒരു മാസത്തെ ചിലവ് ഇങ്ങനെയാണ്' എന്നാണ് അവള്‍ വീഡിയോയില്‍ എഴുതിയിരിക്കുന്നത്. ഗുരുഗ്രാമില്‍ നല്ലൊരു ജീവിതം ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ നിങ്ങളുടെ പോക്കറ്റിനെ അതിന് വേണ്ടി തയ്യാറാക്കിക്കോളൂ എന്നാണ് വിക്ടോറിയ വീഡിയോയുടെ കാപ്ഷനില്‍ പറഞ്ഞിരിക്കുന്നത്.