-->
ഇന്ത്യയില്‍ നിന്നും യുഎസിലേക്കുള്ള എല്ലാ തപാല്‍ സര്‍വ്വീസുകളും ഇന്ത്യന്‍ തപാല്‍ വകുപ്പ് അവസാനിപ്പിച്ചു. കത്തുകള്‍ കൊണ്ട് പോകാന്‍ ആളില്ലെന്ന കാരണം പറഞ്ഞായിരുന്നു ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ നീക്കം. 2025 ഓഗസ്റ്റ് 25 ന് ശേഷം തപാല്‍ ചരക്കുകള്‍ സ്വീകരിക്കാന്‍ യുഎസിലേക്ക് പോകുന്ന വിമാനക്കമ്പനികള്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ തപാല്‍ വകുപ്പ് യുഎസിലേക്കുള്ള തപാല്‍ സര്‍വ്വീസ് നിര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
100 ഡോളര്‍ (ഏതാണ്ട് 8,800 രൂപ) വരെ വിലയുള്ള കത്തുകള്‍, രേഖകള്‍, സമ്മാനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാത്തരം തപാല്‍ വസ്തുക്കളും അമേരിക്കയിലേക്ക് അയയ്ക്കുന്നത് തപാല്‍ വകുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 100 ഡോളര്‍ വരെയുള്ള മൂല്യമുള്ള കത്തുകള്‍, രേഖകള്‍, സമ്മാന വസ്തുക്കള്‍ എന്നിവ ഒഴികെയുള്ള എല്ലാത്തരം തപാല്‍ ഉല്‍പ്പന്നങ്ങളുടെയും ബുക്കിംഗും താല്‍ക്കാലികമായി, പൂര്‍ണ്ണമായി നിര്‍ത്തിവയ്ക്കാനും തപാല്‍ വകുപ്പ് വിജ്ഞാപനം പുറത്തിറക്കി.
ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് തപാലുകള്‍ കൊണ്ടുപോകാന്‍ കാരിയറുകള്‍ തയ്യാറാകാത്തതും ഇന്ത്യന്‍ തപാല്‍ വകുപ്പിന് അതിനുള്ള സംവിധാനങ്ങളില്ലാത്തതും മറ്റ് നിയന്ത്രണ സംവിധാനങ്ങളും കണക്കിലെടുത്താണ് നടപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ഓഗസ്റ്റ് 29 മുതല്‍ 800 ഡോളര്‍ (ഏതാണ്ട് 70,500 രൂപ ) വരെയുള്ള സാധനങ്ങള്‍ക്കുള്ള ഡ്യൂട്ടിഫ്രീ ഡി മിനിമിസ് ഇളവ് പിന്‍വലിക്കാന്‍ യുഎസ് ഭരണകൂടം തീരുമാനിച്ചതിന് പിന്നാലെയാണ് തപാല്‍ വകുപ്പിന്റെ നടപടി. ഇതോടെ യുഎസിലേക്ക് അയയ്ക്കുന്ന എല്ലാ അന്താരാഷ്ട്ര തപാല്‍ വസ്തുക്കളും, അവയുടെ മൂല്യം പരിഗണിക്കാതെ, ആ രാജ്യത്തിനനുസരിച്ചുള്ള അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക പവര്‍ ആക്ട് താരിഫ് ചട്ടക്കൂട് അനുസരിച്ച് കസ്റ്റംസ് തീരുവയ്ക്ക് വിധേയമായിരിക്കും.
വസ്ത്രങ്ങള്‍, ചെറിയ വലിപ്പത്തിലുള്ള പരവതാനികള്‍, രത്‌നങ്ങളും ആഭരണങ്ങളും, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, ഇലക്ട്രോണിക്‌സ്, പാദരക്ഷകള്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴി യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതോ നേരിട്ട് ഉപഭോക്താക്കളിലേക്ക് അയയ്ക്കുന്നതോ ആയ പ്രധാന ഉല്‍പ്പന്നങ്ങളില്‍ ചിലത്. ഏതാണ്ട് ഒരു മാസത്തോളം പ്രശ്‌നം നിലനില്‍ക്കുമെന്ന് കരുതുന്നതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് മാധ്യമങ്ങളോട് പറഞ്ഞു.