-->
യാത്രയയപ്പുകള്‍ പലപ്പോഴും ഏറെ വികാരനിര്‍ഭരമാണ്. ഇതുമായി ബന്ധപ്പെട്ട് പല വീഡിയോകളും നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടാകും. ഏറെ വികാരനിര്‍ഭരമായ ഈ വീഡിയോകള്‍ വേഗത്തില്‍തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ഇത്തരത്തില്‍ സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞുപോകുന്ന എമിറേറ്റ്‌സ് വിമാനത്തിലെ ജീവനക്കാരിയുടെ വികാരനിര്‍ഭരമായ വീഡിയോയും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
ക്യാബിന്‍ ക്രൂ ആയ സിമോണ സൗട്ട എന്ന യുവതിയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സഹപ്രവര്‍ത്തകര്‍ സിമോണ എന്ന് ഉറക്കെ പറയുകയും കയ്യടിക്കുകയും ചെയ്യുമ്പോള്‍ സിമോണ വികാരാധീനയാകുന്നതും കണ്ണീര്‍ തുടക്കുന്നതും വീഡിയോയില്‍ കാണാം. ക്യാബിന്‍ ക്രൂവിന്റെ യൂണിഫോം അണിഞ്ഞ് എല്ലാവരും ബസിലാണിരിക്കുന്നത്. 'എല്ലാത്തിന്റേയും അവസാനത്തിലെത്തുമ്പോള്‍ അത് എത്രത്തോളം വികാരനിര്‍ഭരമാകുമെന്ന് ആരും നിങ്ങളോട് പറയാറില്ലെന്നും വീഡിയോയ്‌ക്കൊപ്പം സിമോണ കുറിച്ചു. നാല് ദിവസം മുമ്പ് പങ്കുവെച്ച ഈ വീഡിയോ നാല്‍പതിനായിരത്തോളം ആളുകളാണ് ഇതുവരെ കണ്ടത്.
ഇതിന് താഴെ ഒട്ടേറെപ്പേര്‍ പ്രതികരിക്കുകയും ചെയ്തു. 'ജീവിതത്തിലെ പുതിയ അധ്യായത്തിന് എല്ലാ ആശംസകളും, സുന്ദരീ' എന്നാണ് ഒരാള്‍ കുറിച്ചത്.'ഇത് കണ്ടപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു, വിടവാങ്ങലുകള്‍ എപ്പോഴും കഠിനമാണ്' എന്നാണ് മറ്റൊരു ഉപയോക്താവ് പ്രതികരിച്ചത്.