-->
രാത്രിസമയങ്ങളില്‍ വാഹന അപകടങ്ങള്‍ കൂടുന്നത് പതിവാകുയാണ്. രാത്രിയിലെ മങ്ങിയ പ്രകാശം തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരത്തില്‍ അവ്യക്ത കാഴ്ചയെ പിന്തുടര്‍ന്ന് ബൈക്കോടിച്ച യാത്രക്കാരന്‍ തെറിച്ച് വീണത് ഓടുന്ന കാറിന് മുന്നിലേക്കാണ്. എന്നാല്‍ ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 22 ന് മലേഷ്യയിലെ ടെമര്‍ലോ പാലത്തിലാണ് സംഭവം. പാലത്തിന് മുകളിലോ പോകുന്നതിനിടെ പെട്ടെന്ന് മുന്നില്‍ കണ്ട ഒരു കോണ്‍ക്രീറ്റ് ഡിവൈഡറിന് മുകളിലേക്ക് വാഹനം ഓടിച്ച് കയറ്റിയതിനെ തുടര്‍ന്നായിരുന്നു അപകടം.
വൈറലാകുന്ന വീഡിയോയില്‍ ബൈക്ക് യാത്രക്കാരന്‍ കോണ്‍ക്രീറ്റ് ഡിവൈഡറിലേക്ക് കയറിയതിന് പിന്നാലെ അല്പ ദൂരം വായുവിലൂടെ സഞ്ചരിക്കുന്നത് കാണാം. പിന്നാലെ അദ്ദേഹം റോഡിലേക്ക് ഇറങ്ങുകയും വാഹനം റോഡിന് വശത്തെ ഡിവൈഡറില്‍ ഉരസി അല്പ ദൂരം മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. പിന്നാലെ ബൈക്കറുടെ നിയന്ത്രണം നഷ്ടമാവുകയും വാഹനം പാളി ബൈക്കര്‍ റോഡിലേക്ക് മറിയുകയും ചെയ്യുന്നു. അദ്ദേഹം തൊട്ട് പിന്നാലെ വന്ന കാറിന്റെ മുന്നിലേക്ക് ഉരുണ്ട് വീഴുകയും തെന്നി നീങ്ങുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ കാറിന്റെ ഡ്യാഷ് ക്യാമില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കാറിന് മുന്നിലേക്ക് വീണ ഇയാള്‍ പെട്ടെന്ന് തന്നെ ഉരുണ്ട് പിണഞ്ഞ് എഴുന്നേല്‍ക്കുന്നതും പിന്നാലെ കാര്‍ നിര്‍ത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ പിന്നാലെ മറ്റൊരു ബൈക്ക് വന്ന് നില്‍ക്കുന്നതും കാണാം. ഓഗസ്റ്റ് 30 ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വച്ചതിന് ശേഷം വീഡിയോ ഇതിനകം 22 ലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി പേര്‍ കുറിപ്പുകളുമായെത്തി. പലരും എന്തിനാണ് റോഡില്‍ ആ ഡിവൈഡറിന്റെ ആവശ്യമെന്ന് ചോദിച്ചു. മറ്റ് ചിലര്‍ ഒരല്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാനായിരുന്നെന്ന് എഴുതി.