-->
‘ലോക: ചാപ്റ്റർ 1 - ചന്ദ്ര’ എന്ന സ്ത്രീകേന്ദ്രീകൃത സൂപ്പർഹീറോ ചിത്രം തിയേറ്ററിൽ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖർ സല്‍മാൻ നിർമിച്ച ചിത്രം രാജ്യമെങ്ങും തരംഗം സൃഷ്ടിക്കുകയാണ്. സൂപ്പർഹീറോ എന്ന് പറയുമ്പോൾ ഇംഗ്ലീഷ് ചിത്രങ്ങള്‍ മാത്രം മനസ്സില്‍ വന്നിരുന്ന മലയാളികളുടെ മനസ്സിലേക്ക് ഇനിയെന്നും ‘ലോക’യാകും ആദ്യമെത്തുക. ലിമിറ്റഡ് ബഡ്ജറ്റില്‍ ഒരുക്കിയ ലോകോത്തര നിലവാരമുള്ള ചിത്രത്തില്‍ കല്യാണി പ്രിയദർശൻ ടൈറ്റില്‍ കഥാപാത്രമായ ചന്ദ്രയായും, നസ്ലെൻ മറ്റൊരു പ്രധാന വേഷത്തിലും എത്തി കൈയടി നേടുന്നുണ്ട്. ലോക എന്ന സിനിമയും, അതിലെ ചന്ദ്ര എന്ന സൂപ്പർ ഹീറോയും, മലയാള സിനിമയ്ക്ക് നാഴികക്കല്ലുകളായി മാറുകയാണ്.
ഈ സൂപ്പർഹീറോയ്ക്ക് വില്ലനെ അവസാനിപ്പിക്കാൻ മറ്റ് നായകന്മാരുടെ സഹായമില്ല. കാരണം അവള്‍ അതിന് പ്രാപ്തയാണ്. മറ്റ് സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ക്ക് കിട്ടാതെ പോയ ബോക്സ് ഓഫീസ് വിജയമാണ് ലോക നേടുന്നത്. സിനിമയിലെ കല്യാണിയുടെ പ്രകടനത്തിന് കിട്ടുന്ന പ്രശംസയ്ക്കും കൈയടിക്കും ഒരു കണക്കേയില്ല.
ഇപ്പോഴിതാ ഈ സന്തോഷം ആരാധകരുമായി പങ്കിടുകയാണ് കല്യാണി പ്രിയദര്‍ശന്‍. എന്താണ് സംഭവിക്കുന്നതെന്ന് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കിലും ഏറ്റവും സന്തോഷകരമായ ഒരു തിങ്കളാഴ്ചയാണിതെന്നാണ് കല്യാണി കുറിക്കുന്നത്. ‘‘എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് പൂർണ്ണമായി മനസ്സിലായി എന്ന് തോന്നുന്നില്ല... പക്ഷേ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും സന്തോഷകരമായ തിങ്കളാഴ്ചയാണിത്. എല്ലാവർക്കും സന്തോഷകരമായ ഒരു ഓണം ആശംസിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കല്യാണിയുടെ പോസ്റ്റ്. ഒപ്പം കേരള സ്റ്റൈല്‍ സാരിയില്‍ നിറഞ്ഞ ചിരിയോടെയുള്ള ചിത്രങ്ങളും ഊഞ്ഞാലാടുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ആരാധകര്‍ പലരും താരത്തിന്റെ പോസ്റ്റിനും ചിത്രങ്ങളും ലവ് ഇമോജി കമന്റായി നല്‍കുന്നുമുണ്ട്.