-->
വിവാഹമെന്നത് എല്ലാവരുടെയും ജീവിതത്തിലെ മറക്കാനാവാത്ത ഒരു മുഹൂര്‍ത്തമാണ്. ഏറ്റവും സ്പെഷ്യലായി ആ ദിവസത്തെ മാറ്റാന്‍ ഏതൊരു വരനും വധുവും ആഗ്രഹിക്കും. അതുകൊണ്ടു തന്നെ ആ ദിവസത്തില്‍ അവര്‍ക്ക് കിട്ടുന്ന സര്‍പ്രൈസുകളും അമൂല്യമാണ്. സാധാരണയായി കാര്യങ്ങള്‍ സംഭവിക്കുന്നതിനേക്കാള്‍ അവര്‍ക്കിഷ്ടം സര്‍പ്രൈസുകള്‍ തന്നെയാണ്. ആ ദിവസം അവര്‍ക്കു മുന്നില്‍ അതിഥിയായി എത്തുന്നത് ഒരു സെലിബ്രിറ്റിയാണെങ്കിലോ, അതും ഇന്റർനാഷണല്‍ സെലിബ്രിറ്റി കൂടിയാണെങ്കില്‍ പിന്നെ അമ്പരക്കുന്നതിന് മറ്റൊന്നും വേണ്ട.
ഇപ്പോഴിതാ അങ്ങനെയൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ലോസ് ആഞ്ജലിസിലെ ഒരു ഇന്ത്യൻ വധുവിനാണ് അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടലും സന്തോഷവും ഒരുമിച്ച് വന്നത്. പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറാണ് ഇന്ത്യന്‍ യുവതിയുടെ വിവാഹദിവസം സര്‍പ്രൈസ് നല്‍കിയത്. ലോസ് ആഞ്ജലിസിലെ വിവാഹ ആഘോഷങ്ങളില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ജസ്റ്റിൻ ടൂർ ന്യൂസ് എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ജസ്റ്റിൻ ബീബറുടെ ‘വൈറല്‍ എൻട്രി’ ദൃശ്യങ്ങളുള്ളത്. എല്ലാവരെയും അത്ഭുതപ്പെടുത്തി വിവാഹപ്പന്തലിലേക്ക് കടന്നുവരുന്ന ജസ്റ്റിൻ ബീബറെ ദൃശ്യങ്ങളില്‍ കാണാം. ലളിതമായ വേഷത്തിലാണ് ബീബര്‍ വരുന്നത്. വെളുത്ത ടീ-ഷർട്ടും നീല ഷോർട്ട്സും ധരിച്ച്, അതിനു മുകളിലായി സ്റ്റൈലിഷ് നീല ഫർ ജാക്കറ്റും അണിഞ്ഞാണ് ബീബര്‍ എത്തിയത്.
പച്ച സാരിയായിരുന്നു ഇന്ത്യന്‍ വധുവിന്റെ വേഷം. ബീബറിനൊപ്പമുള്ള ചിത്രത്തില്‍ വധുവിന്റെ മുഖത്ത് സന്തോഷവും അത്ഭുതവും ഒരേ പോലെ തെളിയുന്നുണ്ട്. ഗായകൻ അതിഥികളുമായി സന്തോഷത്തോടെ ഇടപഴകുന്നതും, പുഞ്ചിരിക്കുന്നതും, വധുവിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തതും പോസ്റ്റിലുണ്ട്.
ജസ്റ്റിൻ ബീബറുടെ ഹൃദയസ്പർശിയായ ഈ കടന്നുവരവിന ആരാധകർ സോഷ്യല്‍ മീഡിയയിലൂടെ സ്നേഹം ചൊരിയുന്നുണ്ട്. ‘വധു വളരെ ഭാഗ്യവതിയാണെന്നും അവള്‍ക്ക് ലഭിച്ച ഏറ്റവും മികച്ച സർപ്രൈസും വിവാഹ സമ്മാനവുമാണിത്, ഇത് വളരെ മനോഹരമായിരിക്കുന്നു. ഞാനായിരുന്നെങ്കില്‍ കരഞ്ഞുപോയേനെ, തനിക്ക് പങ്കാളി ഇതുവരെ ആയിട്ടില്ല, എങ്കിലും കല്യാണത്തിന് വരണം...’ എന്നതടക്കമാണ് രസകരമായ കമന്റുകള്‍.
ഇതാദ്യമായല്ല ജസ്റ്റിൻ ഒരു ഇന്ത്യൻ വിവാഹത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം, അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത് ചടങ്ങില്‍ ജസ്റ്റിൻ പങ്കെടുത്ത് ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിരുന്നു. രണ്ടുമാസം മുൻപാണ് ജസ്റ്റിന്റെ പുതിയ ആല്‍ബമായ സ്വാഗ് റിലീസ് ചെയ്തത്.