-->
യോഗയിലെ സുപ്രധാന യോഗാസനങ്ങളില്‍ ഒന്നാണ് ശവാസനം. ശരീരത്തിനും മനസിനും വിശ്രമം നല്‍കി അല്പ സമയം നീണ്ട് നിവര്‍ന്ന് മലര്‍ന്ന് കിടക്കുകയാണ് ശവസനമെന്നാല്‍. എന്നാല്‍, യുകെയിലെ ഒരു യോഗാ ക്ലാസിനിടെ ആളുകള്‍ ശവാസനം കിടന്നപ്പോള്‍ അത് കൂട്ടക്കൊലയെന്ന് തെറ്റിദ്ധരിച്ചു. പിന്നാലെ പോലീസായി, ആംബുലന്‍സുകളായി ആകെ കൂടി ബഹളമായി. യുകെയിലെ ലിങ്കണ്‍ഷെയറിലെ സീസ്‌കേപ്പ് കഫേയില്‍ 22 വയസുകാരി മില്ലി ലോസിന്റെ നേതൃത്വത്തില്‍ നടന്ന യോഗ ക്ലാസിലാണ് ഈ അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
2023 സെപ്റ്റംബര്‍ ഏഴിന് നടന്ന സംഭവത്തിന്റെ വീഡിയോ അടുത്തിടെ റിയല്‍ ഗൗരവ് ചൗഹാന്‍ എന്ന യോഗാ പരിശീലകന്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. 'ശവാസനം കണ്ട് തെറ്റിദ്ധരിച്ച് അയല്‍വാസി 911 ല്‍ വിളിച്ച് കൂട്ടക്കൊലയാണെന്ന് പരാതിപ്പെട്ടു' എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. ഇതിനകം രണ്ടര ലക്ഷത്തിന് മേലെ ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്. കൂട്ടക്കൊലയെ കുറിച്ച് അറിയിപ്പ് കിട്ടിയതിന് പിന്നാലെ പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ മാത്രമാണ് യോഗ പരിശീലകയും മറ്റുള്ളവരും സംഭവം അറിഞ്ഞത്.
പോലീസ് എത്തിയപ്പോഴും ആര്‍ക്കും അനക്കമൊന്നുമുണ്ടായിരുന്നില്ല. ഒടുവില്‍ അടുത്ത് പോയപ്പോള്‍ മാത്രമാണ് അത് യോഗാസനമാണെന്ന് പോലീസിനും വ്യക്തമായത്. തുടര്‍ന്ന് സംഭവം വിളിച്ച് അറിയിച്ച അയല്‍വാസിയെ പോലീസ് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. യോഗ പരിശീലക തന്റെ ഏഴ് വിദ്യാര്‍ത്ഥികളുമായി ക്ലാസ് അവസാനിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. വഴിയിലൂടെ പോയ രണ്ട് നായ നടത്തക്കാര്‍ കെട്ടിടത്തിന്റെ ജനലിലൂടെ എത്തി നോക്കുന്നത് മില്ലി ലോസ് കണ്ടിരുന്നു. എന്നാല്‍ അത് ഇത്തരമൊരു പ്രശ്‌നത്തിലേക്ക് എത്തിക്കുമെന്ന് കരുതിയില്ലെന്നും പിന്നീട് അവര്‍ പറഞ്ഞു.