-->
ഡെന്‍മാര്‍ക്കില്‍ നിന്ന് പുറത്തുവരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം ആകുന്നത്. മകളുടെ രോഗാവസ്ഥയിലായ പോണിയെ മൃഗശാലയ്ക്ക് ദാനം നല്‍കിയിരിക്കുകയാണ് ഒരു അമ്മ. സംഭവത്തിന് പിന്നാലെ ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 22 വയസുള്ള ജര്‍മന്‍ റൈഡിംഗ് ഹോസിനെയാണ് ആള്‍ബോര്‍ഗ് മൃഗശാലയ്ക്ക് പെര്‍നില്‍ സോള്‍ എന്ന 44കാരി ദാനം ചെയ്തത്.
13കാരിയായ മകള്‍ ആഞ്ജലീനയുടെ പ്രിയപ്പെട്ട പോണിയുടെ പേര് ചിക്കാഗോ 57 എന്നാണ്. കുറച്ച് കാലമായി തൊലിപ്പുറത്തുണ്ടായ എക്‌സിമ എന്ന രോഗത്താല്‍ കഷ്ടപ്പെടുകയായിരുന്നു ചിക്കാഗോ. വേനല്‍കാലമാകുമ്പോള്‍ കൊതുക് ശല്യത്തില്‍ അവസ്ഥ കൂടുതല്‍ മോശമായി. ശരീരം മുഴുവന്‍ മുറിവുകളും അതിലൂടെ അണുബാധയുമുണ്ടായി. ഇത് ചിക്കാഗോയുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്‌നത്തിലാക്കി. ജാക്കറ്റുകളും കാലുറകളും ഉപയോഗിച്ച് ചിക്കാഗോയെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടും രക്ഷയുണ്ടായില്ല. തുടര്‍ന്ന് ആരോഗ്യം കൂടുതല്‍ വഷളാകുകയായിരുന്നു.
അങ്ങനെ 2020ല്‍ തന്നെ ചിക്കാഗോയെ ദയാവധം ചെയ്യാനുള്ള തീരുമാനം ഉണ്ടായി. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചതോടെ ഇനി എന്താണ് ചെയ്യേണ്ടതെന്ന ചിന്ത ഉണ്ടായി. മകളോട് തന്നെ അമ്മ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. ഇതോടെ കുഴിച്ചുമൂടുക അല്ലെങ്കില്‍ ഗവേഷണത്തിനായി വിട്ടുകൊടുക്കുക എന്ന രീതികളെല്ലാം മനസിലൂടെ കടന്നു പോയെങ്കിലും മറ്റ് മൃഗങ്ങള്‍ക്ക് പോണിയുടെ ശരീരം ഉപയോഗപ്രദമാകട്ടെ എന്ന ചിന്തയാണ് ആഞ്ചലീനയുടെ മനസിലുണ്ടായത്. പ്രകൃതിയുടെ തന്നെ ഭക്ഷ്യശൃംഖലയുടെ ഭാഗമാണല്ലോ എന്നാണ് അവള്‍ ഇതിന് വിശദീകരണം നല്‍കിയതും.
ഇതോടെ സോള്‍ പോണിയെ മൃഗശാലയെ ഏല്‍പ്പിച്ചു. അവര്‍ ദയാവധം നടത്തിയതിന് പിന്നാലെ ചിക്കാഗോയെ സിംഹത്തിന് ഭക്ഷണമായി നല്‍കി. സോളിനെതിരെ വിമര്‍ശനം കനത്തതോടെ അവരെ പിന്തുണച്ച് മൃഗശാല അധികൃതരും രംഗത്തെത്തി. സാധാരണയായി ഇ്ത്തരത്തിലുള്ള ഡൊണേഷന്‍ തങ്ങള്‍ സ്വീകരിക്കാറുണ്ടെന്നും പലരും മുയലുകള്‍, കോഴികള്‍, ഗിനി പന്നികള്‍ എന്നിവയെ ഇത്തരത്തില്‍ നല്‍കാറുണ്ടെന്നും അവര്‍ പറയുന്നു.ഇവയെ എല്ലാം ദയാവധം നടത്തി സിംഹങ്ങള്‍, പോളാര്‍ ബിയറുകള്‍, സുമാത്രന്‍ കടുവകള്‍ എന്നിവയ്ക്കാണ് നല്‍കുന്നതെന്നും അവര്‍ വിശദീകരിക്കുന്നു.