-->
ആനകളുടെ വൈകാരികബുദ്ധി മറ്റു പല ജീവികളെയും അപേക്ഷിച്ചു വളരെ കൂടുതലാണ്. മൃഗങ്ങളിൽ ബുദ്ധിശക്തിയുള്ളതും വൈകാരികമായി പ്രതികരിക്കുന്നതുമായ ജീവിയാണ് ആന. ഓർത്തിരിക്കാനും ആത്മബന്ധം നിലനിർത്താനും ആനയ്ക്കുള്ള അത്രയും കഴിവ് മറ്റൊരു ജന്തുകൾക്കും ഇല്ലെന്നു തന്നെ പറയാം. മനുഷ്യരെപ്പോലെ സന്തോഷം, സ്നേഹം, ദുഃഖം, കരുണ, കോപം, സഹാനുഭൂതി എന്നിവയുൾപ്പെടെ സങ്കീർണ്ണമായ വികാരങ്ങൾ അവ പ്രകടിപ്പിക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ ആനയുടെ വൈകാരിക ചേഷ്ട മനസിലാകുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
റിസർവിലെ പുൽമേട്ടിലൂടെ ഒരു കൊമ്പനാന നടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പെട്ടെന്ന് ആന തന്റെ മുൻപിലുള്ള ഒരു വെളുത്ത വസ്തു കാണുന്നു. അതെന്താണെന്ന് തന്റെ തുമ്പിക്കൈ കൊണ്ട് തിരിച്ചും മറിച്ചും പരിശോധിക്കുന്നു. അല്പ നേരത്തെ പരിശോധനയില്‍ അത് എന്നോ മരിച്ച് പോയ മറ്റൊരു ആനയുടെ തലയോട്ടിയാണെന്ന് തിരിച്ചറിയുന്നു. ഇതോടെ അസ്വസ്ഥനായ ആന അലറിക്കരഞ്ഞ് കൊണ്ട് പുല്‍മേടും അരുവികളും റോഡും മറികടന്ന് കാട്ടിലൂടെ ലക്ഷ്യമില്ലാതെ ഓടുന്നു. ഓടുന്നതിനിടയിൽ അസ്വസ്ഥനായി ചെവികൾ ആട്ടുന്നതും കണ്ണുകൾ നിറയുന്നതും കാണാം.
വർഷങ്ങൾക്ക് മുമ്പെങ്ങോ മരിച്ചു പോയ തന്റെ പൂർവികർ ആരുടെയോ ഒരു തലയോട്ടി അപ്രതീക്ഷിതമായി കണ്ട് അസ്വസ്ഥനാകുന്ന ആന ഉറക്കെ കരഞ്ഞ് ഓടിപ്പോകുന്ന ഹൃദയസ്പർശിയായ ദൃശ്യങ്ങൾ ആരെയും ഈറനണിയിക്കും. റെഡി സെറ്റ് സഫാരി എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയിലെ ക്ലാസറി പ്രൈവറ്റ് ഗെയിം റിസർവിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് ക്യാപ്ഷനിൽ നിന്നും വ്യക്തമാണ്.
വീഡിയോ വൈറൽ ആയതോടെ പലരും കമന്റുകളും കുറിക്കുന്നുണ്ട്. 'ആനയുടെ കരച്ചിൽ കേട്ട് തങ്ങൾക്കും സങ്കടം വന്നു, ആനകൾ ഒരിക്കലും ഒന്നും മറക്കില്ല, ആ തലയോട്ടി പരിശോധിച്ചപ്പോൾ തന്റെ പ്രിയപ്പെട്ടവരുടെ തലയോട്ടിയാണെന്ന് അവൻ തിരിച്ചറിഞ്ഞു, അതാണ് അത്രയും വലിയൊരു നിലവിളി, വിശ്വസിക്കാന്‍ പറ്റുന്നില്ല..' എന്നതടക്കമാണ് കമന്റുകൾ.