-->
ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി പിന്നീട് പറവ ചിത്രത്തിലെ കഥാപാത്രത്തിലൂടെ കൈയടി നേടിയ യുവതാരമാണ് അര്‍ജുന്‍ അശോകന്‍. അച്ഛന്‍ ഹരിശ്രീ അശോകന്റെ ലേബലിലാണ് സിനിമയിലേക്ക് എത്തിയതെങ്കിലും ചുരുക്കം സിനിമകളിലൂടെ തന്നെ തന്റേതായൊരു ഐഡന്റിറ്റി താരം നേടിയെടുത്തു. നര്‍മ്മരസമുള്ള കഥാപാത്രങ്ങളും ക്യാരക്ടര്‍ റോളുമടക്കം ചെയ്ത് അര്‍ജുന്‍ കൈയടി നേടിയിട്ടുണ്ട്. ഏതൊരു കഥാപാത്രവും തന്റെ കൈയില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചിട്ടുണ്ട്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് താരത്തിന്റെ ‘തലവര’ സിനിമ തിയേറ്ററുകളിലെത്തിയത്. ചില സിനിമകൾ കാണുമ്പോൾ നാമറിയാതെ കണ്ണ് നിറയും, ഉള്ളൊന്ന് പിടയും അത്തരമൊരു അനുഭവമാണ് തന്റെ പുത്തന്‍ സിനിമയിലൂടെ അര്‍ജുന്‍ പ്രേക്ഷകർക്ക് സമ്മാനിച്ചത്. കാണുന്ന ഏതൊരാളിന്റെയും നെഞ്ചിൽ തൊടുന്ന അഭിനയം കാഴ്ചവച്ച് കരിയറിൽ തന്നെ ഏറെ വെല്ലുവിളി ഉയർത്തുന്ന വേഷം അതിഗംഭീരമായി അർജുൻ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്. ചിത്രം കണ്ട ശേഷം നിറകണ്ണുകളോടെ ഇറങ്ങുന്ന അർജുൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് അര്‍ജുന്‍ അശോകന്‍. സിനിമ കണ്ടിറങ്ങിയ ശേഷം പ്രേക്ഷകരുടെ ഫീഡ്ബാക്ക് കണ്ട് കണ്ണുനിറഞ്ഞു പോയെന്നും ആദ്യം താഴേക്ക് ഇറങ്ങണോ വേണ്ടയോ എന്ന് സംശയിച്ചെന്നും കുഞ്ചാക്കോ ബോബനാണ് എനര്‍ജി തന്നതെന്നും പറയുകയാണ് അര്‍ജുന്‍.
‘‘തലവര തിയേറ്ററില്‍ കണ്ടപ്പോള്‍ എന്റെ കൈയില്‍ നിന്ന് പോയി. എനിക്കത് വളരെ രസകരമായിട്ട് ഫീല്‍ ചെയ്തു. വീട്ടില്‍ നിന്ന് എല്ലാവരും ഉണ്ടായിരുന്നു ആ ഷോ കാണാന്‍. ഞാന്‍ സിനിമ കണ്ടിറങ്ങിയ ശേഷം താഴെ പ്രേക്ഷകരെ കണ്ടപ്പോള്‍ അല്‍പ്പം പേടിച്ചു. ഒരു സൈഡില്‍ അപ്പോള്‍ ചാക്കോച്ചന്‍ നില്‍പ്പുണ്ടായിരുന്നു. എന്റെ നില്‍പ്പ് കണ്ട് ചാക്കോച്ചന്‍ ‘നെഞ്ചും വിരിച്ച് ഇറങ്ങിക്കോ’ എന്ന് പറഞ്ഞു. അതു കേട്ടപ്പോള്‍ ഞാന്‍ മകള്‍ അന്‍വിയെയും പിടിച്ചങ്ങ് ഇറങ്ങി. പരിപാടി ഒക്കെയാടോ, നെഞ്ചും വിരിച്ചങ്ങ് ഇറങ്ങിക്കോ എന്ന ചാക്കോച്ചന്റെ വാക്കുകള്‍ തന്ന സന്തോഷം കുറച്ചൊന്നുമല്ല. അപ്പോള്‍ എന്നോടത് പറയാന്‍ ഒരാളവിടെ ഉണ്ടായി. ചാക്കോച്ചന്‍ അതു പറഞ്ഞപ്പോഴാണ് എനിക്കത് ഒക്കെ ആയത്.
കാരണം എനിക്കറിയില്ല ആളുകള്‍ ഈ സിനിമയെ എങ്ങനെ എടുത്തിട്ടുണ്ടെന്ന്, ഞാന്‍ ആരോടും ചോദിച്ചിട്ടില്ല. പക്ഷേ ഈ സിനിമ കണ്ടിറങ്ങിയ എല്ലാവരുടെയും കണ്ണൊക്കെ നിറഞ്ഞപ്പോള്‍ ഞാനും കരഞ്ഞു. കാരണം ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടുണ്ട് ഈ സിനിമ തിയേറ്ററിലേക്ക് എത്തിക്കാന്‍. ഞാന്‍ മാത്രമല്ല ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച നിര്‍മ്മാതാക്കളായ മഹേഷേട്ടനും ഷെബിനിക്കയും സംവിധായകന്‍ അഖിലുമടക്കം എല്ലാവരും. ആ ടെന്‍ഷനോടെയാണ് സിനിമ കാണാന്‍ ഞങ്ങള്‍ പോയതും.
സിനിമയുടെ ക്ലൈമാക്സില്‍ എല്ലാവരും കൈയടിക്കുന്ന ഒരു രംഗമുണ്ട്. അതു വരും മുമ്പു തന്നെ പ്രേക്ഷകര്‍ കൈയടിക്കുന്നത് കണ്ടപ്പോള്‍ ഞങ്ങളുടെ എല്ലാവരുടെയും കിളി പോയി. സിനിമ വര്‍ക്കായെന്ന് മനസ്സിലായി. എല്ലാവരുടെയും കണ്ണുനിറയുന്നത് ഞാന്‍ കണ്ടു. പക്ഷേ ഞാന്‍ ആരെയും നോക്കാന്‍ പോയില്ല, നോക്കിയാല്‍ ഞാനും കരയുമെന്ന് ഉറപ്പായിരുന്നു. അവരെ ഒന്ന് കൈവീശി കാണിച്ച് അന്‍വിയ്ക്കൊപ്പം ഞാന്‍ പുറത്തിറങ്ങി. മാധ്യമപ്രവര്‍ത്തകരും ക്യാമറയുമൊക്കെ ഉണ്ടായിരുന്നു അവിടെ. അതോടെ വെളിയിലേക്ക് ഇറങ്ങണോ വേണ്ടയോ എന്നൊക്കെയൊരു ടെന്‍ഷനായിരുന്നു എനിക്ക്. ഇറങ്ങിയാല്‍ എന്തെങ്കിലും ചോദിക്കുമോ എന്ത് പറയണം എന്നൊക്കെയായിരുന്നു മനസ്സില്‍. കാരണം ആളുകള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നെനിക്കറിയില്ല. ഞാന്‍ ആരോടും ചോദിച്ചിട്ടില്ല. അപ്പോഴാണ് ചാക്കോച്ചന്‍ വന്നിത് പറയുന്നത്. അതോടെ ഒരു മനസ്സുഖം കിട്ടി, എനര്‍ജി വന്നു. അങ്ങനെയാണ് താഴേക്ക് ഇറങ്ങിയത്....’’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ‘തലവര’ അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തികഞ്ഞ കൈയ്യടക്കത്തോടെ ഉള്ളിൽ തട്ടും വിധമാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് തിയേറ്റര്‍ വിട്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും പറയുന്നത്.