-->
കമല്ഹാസന് ബംഗാളി പഠിച്ചത് നടി അപര്‍ണ സെന്നിനെ ഇംപ്രസ് ചെയ്യാനായിരുന്നുവെന്ന് ശ്രുതിഹാസന്‍. അപര്‍ണ സെന്നിനോട് കമല്‍ഹാസന് കടുത്ത പ്രണയമായിരുന്നുവെന്നാണ് ശ്രുതിഹാസന്‍ പറയുന്നത്. കൂലിയില്‍ തനിക്കൊപ്പം അഭിനയിച്ച സത്യരാജിനൊപ്പമുള്ളൊരു ടോക്ക് ഷോയിലായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തല്‍.
തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് ശ്രുതി. ഒന്നിലധികം ഭാഷകള്‍ അറിയുമെന്നതില്‍ ശ്രുതിയെ അഭിനന്ദിക്കുകയായിരുന്നു സത്യരാജ്. ഇത് നിനക്ക് അച്ഛനില്‍ നിന്നും കിട്ടിയ ഗുണമാണെന്നും അദ്ദേഹം ബംഗാളി പഠിച്ചാണ് ബംഗാളി സിനിമയില്‍ അഭിനയിച്ചതെന്നും സത്യരാജ് ചൂണ്ടിക്കാണിച്ചു. എന്നാല്‍ അത് അങ്ങനെയല്ലെന്നാണ് ശ്രുതി പറയുന്നത്.
''അച്ഛന്‍ എന്തിനാണ് ബംഗാളി പഠിച്ചതെന്ന് അറിയുമോ? ആ സമയത്ത് അദ്ദേഹത്തിന് അപര്‍ണ സെന്നിനോട് പ്രണയമായിരുന്നു. അവരെ ഇംപ്രസ് ചെയ്യിക്കാനാണ് അദ്ദേഹം ബാംഗാളി പഠിച്ചത്. അല്ലാതെ സിനിമയ്ക്ക് വേണ്ടിയൊന്നുമല്ല'' എന്നാണ് ശ്രുതി പറഞ്ഞത്. പിന്നീട് കമല്‍ ഹേ റാം എന്ന സിനിമയില്‍ റാണി മുഖര്‍ജി അവതരിപ്പിച്ച കഥാപാത്രത്തിന് അപര്‍ണ എന്ന് പേരിട്ടതും അവരെ ബംഗാള്‍ സ്വദേശിയാക്കിയതുമെല്ലാം അപര്‍ണ സെന്നിനോടുള്ള പ്രണയം മൂലമാണെന്നും ശ്രുതി പറയുന്നുണ്ട്.