-->
സൗത്ത് ഇന്ത്യന്‍ ആരാധകര്‍ മുഴുവന്‍ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ലോകേഷ് കനകരാജ്-രജിനികാന്ത് കോമ്പോയിലെത്തുന്ന കൂലി. മാസ്റ്റർ, വിക്രം, ലിയോ എന്നീ ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ സമ്മാനിച്ച ലോകേഷിന്റെ സിനിമയില്‍ ആദ്യമായി തലൈവര്‍ എത്തുന്നു എന്നത് തന്നെയാണ് കൂലി സിനിമയ്ക്ക് വേണ്ടി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന്. പ്രീ-ബുക്കിങില്‍ അടക്കം പുതിയ റെക്കോർഡുകള്‍ സിനിമ സൃഷ്ടിക്കുന്നുണ്ട്.
ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. ജയിലറിനുശേഷം രജിനിക്ക് ലഭിക്കാൻ പോകുന്ന മറ്റൊരു ബോക്സ് ഓഫീസ് ഹിറ്റാകും കൂലി. ദേവ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രജിനികാന്ത് അഭിനയിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 14നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. സിനിമയുടെ അപ്ഡേഷനുകള്‍ പോലെ തന്നെ കൂലിയുടെ ഇവന്റ് പരിപാടിയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ കാത്തിരുന്നത് പരിപാടിയിലെ രജനികാന്തിന്റെ പ്രസംഗത്തിനായിരുന്നു. നായകൻ രജിനികാന്ത് അടക്കം നാഗർജുന, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ, ആമിർ ഖാൻ തുടങ്ങി സിനിമയിലെ താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ തലൈവരുടെ സ്പീച്ച് വൈറലായശേഷം ചില വിമർശനങ്ങള്‍ നടന് എതിരെ ഉയരുന്നുണ്ട്. വേദിയില്‍ എല്ലാവരെയും പേരെടുത്ത് വിളിച്ചാണ് രജനികാന്ത് സംസാരിക്കുന്നതും പ്രശംസിക്കുന്നതും. എന്നാല്‍ സൗബിനെക്കുറിച്ചും ശ്രുതി ഹസ്സനെക്കുറിച്ചും രജനികാന്ത് സംസാരിച്ചത് അത്ര ശരിയായില്ല എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. സൗബിനെ മുടിയുടെ കാര്യത്തില്‍ കളിയാക്കിയെന്നും അത് ബോഡി ഷെയിമിങ് ആണെന്നുമാണ് ചര്‍ച്ചകള്‍.
‘‘കൂലിയിലെ ഒരു പ്രധാന കഥാപാത്രം ആര് ചെയ്യുമെന്ന് സംശയത്തില്‍ ഇരിക്കുമ്പോഴാണ് ലോകേഷ് സൗബിന്റെ കാര്യം പറഞ്ഞത്. മഞ്ഞുമ്മല്‍ ബോയ്സില്‍ അഭിനയിച്ചയാളാണ് സൗബിൻ എന്നൊക്കെ പറഞ്ഞു. യാല്‍ എന്ന കഥാപാത്രം ചെയ്യാൻ സൗബിന് സാധിക്കുമോ കഷണ്ടിയാണല്ലോ പൊക്കമില്ലല്ലോ ഇയാളെ കൊണ്ട് പറ്റുമോയെന്ന് തോന്നി. ഇദ്ദേഹം എങ്ങനെ ആ കഥാപാത്രം ചെയ്യുമെന്ന് ഞാന്‍ ലോകേഷിനോട് ചോദിച്ചു. അപ്പോള്‍ ലോകേഷ് പറഞ്ഞു, ‘നോക്കിക്കോ സാർ ഗംഭീര ആർട്ടിസ്റ്റാണ് 100 ശതമാനം നല്ലത് ആയിരിക്കുമെന്ന്, അങ്ങനെയാണ് സൗബിനെ കാസറ്റ് ചെയ്തത്...’’ രജനികാന്ത് പറഞ്ഞു.
ശ്രുതി ഹാസനെ ഗ്ലാമർ ഗേള്‍ എന്ന് രജിനികാന്ത് വിശേഷിപ്പിച്ചതിന് എതിരെയും കമന്റുകള്‍ വരുന്നുണ്ട്. പ്രീതി രാജശേഖർ എന്ന കഥാപാത്രത്തെയാണ് ശ്രുതി കൂലിയില്‍ അവതരിപ്പിക്കുന്നത്. ശ്രുതി ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് കൂലിയിലെ വേഷം. ‘‘ശ്രുതിയാണ് പ്രീതിയായി അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടു. വളരെ ഇംപോർട്ടന്റായ കഥാപാത്രമാണ്. ശ്രുതി ഹാസനാണ് റോള്‍ ചെയ്യുന്നതെന്ന് ലോകേഷ് പറഞ്ഞപ്പോള്‍ ആ കുട്ടിയോട് ഇക്കാര്യം ചോദിച്ചുവോ എന്നാണ് ഞാൻ ആദ്യം ചോദിച്ചത്.
ത്രി സിനിമയുടെ സമയത്ത് ശ്രുതിയെ കണ്ടിട്ടുണ്ട്. അതിനുശേഷമുള്ള ശ്രുതിയുടെ സിനിമകളും കണ്ടിരുന്നു. അവള്‍ ഗ്ലാമർ ഗേളല്ലേ എങ്ങനെ ഈ കഥാപാത്രം ചെയ്യുമെന്ന് ഞാൻ ലോകേഷിനോട് ചോദിച്ചു. ശ്രുതി സൂപ്പറായി ചെയ്യും എന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി...’’ എന്നാണ് രജിനികാന്ത് പറഞ്ഞത്. അവസാനം ശ്രുതിയെ പുകഴ്ത്തി പറയുകയും ചെയ്തു തലൈവര്‍.
ഇവന്റില്‍ രജനികാന്ത് ആമിർ ഖാനെ കുറിച്ചും പറഞ്ഞിരുന്നു. ‘‘ബോളിവുഡില്‍ ഒരു വശത്ത് ഷാരൂഖ് ഖാൻ മറുവശത്ത് സല്‍മാൻ ഖാൻ അവരുടെ ഇടയില്‍ നെഞ്ച് വിരിച്ച് നില്‍ക്കുന്നുണ്ടല്ലോ ആമിർ ഖാൻ....’’ എന്നായിരുന്നു അത്. രജനികാന്ത് ആകെ മൊത്തം 40 മിനിറ്റ് ആണ് വേദിയില്‍ സംസാരിച്ചത്.
പ്രസംഗത്തിലെ ഈ ഭാഗങ്ങളാണ് ചർച്ചകളില്‍ നിറഞ്ഞത്. സൗബിനെ ബോഡി ഷെയിം ചെയ്യുന്നതുപോലെ രജിനി സംസാരിച്ചതായി തോന്നി കമന്റുകള്‍. ‘ശ്രുതിയെ ഗ്ലാമർ ഗേളെന്ന് സൂപ്പർ സ്റ്റാർ പറഞ്ഞത് ഉള്‍ക്കൊള്ളാനായില്ല. ആരെങ്കിലും സുഹൃത്തിന്റെ മകളോട് ഇങ്ങനെ പറയുമോ?. ശ്രുതി പോലും അവിടെ ഇരുന്ന് ചമ്മി. ഇത്തരം പദപ്രയോഗങ്ങള്‍ ഒഴിവാക്കാമായിരുന്നു’ എന്നായിരുന്നു വിമര്‍ശനങ്ങള്‍.
പക്ഷേ രജനികാന്ത് അവരെ കളിയാക്കിയത് അല്ലെന്നും അദ്ദേഹം എല്ലാ ഇവന്റുകളിലും ഇങ്ങനെയാണ് സംസാരിക്കുന്നതെന്നും പറഞ്ഞ് നിരവധി പേർ രംഗത്തെത്തി. മുൻപും നടൻ ഇത്തരം ഇവന്റുകളില്‍ കളിയാക്കിയും തമാശ രൂപേണയും പല കാര്യങ്ങള്‍ പറയാറുണ്ടെന്നും പലരും കുറിച്ചു.
എന്നാല്‍ ‘രജനികാന്ത് കളിയാക്കിയാല്‍ പ്രശ്നമില്ല മറിച്ച് മോഹൻലാലോ മമ്മൂട്ടിയോ ഇതുപോലത്തെ പരാമർശങ്ങള്‍ നടത്തിയിരുന്നുവെങ്കില്‍ എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നേനേ എന്നാണ് പലരും കുറിക്കുന്നത്. മുൻപ് ഇതുപോലെ സംവിധായകൻ ജൂഡ് ആന്തണിയുടെ മുടിയെ ചൊല്ലി മമ്മൂട്ടി പറഞ്ഞ കമന്റ് സോഷ്യല്‍ മീഡിയയില്‍ ചർച്ചാവിഷയം ആയിരുന്നു. ഒരു തമിഴ് സിനിമയുടെ ഇവന്റില്‍ മറ്റ് ഇൻഡസ്ട്രികളിലെ നടന്മാരായ സൗബിൻ, ആമിർ ഖാൻ എന്നിവരെ കളിയാക്കി സംസാരിച്ചിട്ട് അതൊക്കെ തമാശ ആണെന്ന് എങ്ങനെ പറയാൻ കഴിയും...’ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.