-->
പാലക്കാട് : ഡ്രീം ഇലവനുമായുള്ള 358 കോടിയുടെ സ്‌പോൺസർഷിപ്പ് കരാർ അവസാനിച്ചതായി ബിസിസിഐ. പണം വച്ചുള്ള ഓൺലൈൻ ഗെയിമുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിച്ചുകൊണ്ടുള്ള 'പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് ബിൽ 2025' പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയതോടെയാണ് ഡ്രീം ഇലവന്റെ പിന്മാറ്റം.
'2025 ലെ ഓൺലൈൻ ഗെയിമിങ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബിൽ പാസാക്കിയതിന് ശേഷം ഡ്രീം 11നുമായുള്ള ബന്ധം ബിസിസിഐ അവസാനിപ്പിക്കുകയാണ്. ഭാവിയിൽ അത്തരം ഒരു സംഘടനയുമായും ഇടപഴകില്ലെന്ന് ബിസിസിഐ ഉറപ്പാക്കും,' അദ്ദേഹം പറഞ്ഞു.ബിൽ നിലവിൽ വരുന്നതോടെ വരുമാനം നിലക്കുന്നതിനാൽ സ്‌പോൺസർഷിപ്പിൽ നിന്ന് പിന്മാറുന്നതിനുള്ള തീരുമാനം ഡ്രീം ഇലവൻ ബിസിസിഐയെ അറിയിച്ചിരുന്നു.
ഇന്ന് ബിസിസിഐ അത് അംഗീകരിക്കുകയും ചെയ്തു. ബിസസിഐ സെക്രട്ടറി ദേവചിത്ത് സൈകിയ ഡ്രീം ഇലവനുമായുള്ള എല്ലാ ബന്ധവും ബിസിസിഐ അവസാനിപ്പിച്ചതായി പറഞ്ഞു. 2023 മുതൽ ബിസിസിഐയുമായി ഒപ്പുവച്ച ഡ്രീം ഇലവന്റെ കരാർ 2026ലാണ് അവസാനിക്കുക. 358 കോടി ചിലവഴിച്ചാണ് ഡ്രീം ഇലവൻ മൂന്ന് വർഷത്തേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌പോൺസർമാരായത്. ഇന്ത്യയിലെ പ്രധാന ഫുട്‌ബോൾ ലീഗായ ഐഎസ്എല്ലിന്റെ ഫാന്റസി പങ്കാളികളും ഡ്രീം ഇലവനാണ്.