-->
തൃശ്ശൂർ: രാഹുലിന്റെ രാജി ആവശ്യപ്പെട്ട് ഐഎൻടിയുസി യുവജന വിഭാഗം സംസ്ഥാന കമ്മിറ്റി. തൃശ്ശൂർ ഐഎൻടിയുസി ഭവനിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് ആവശ്യം ഉയർന്നത്. രാഹുൽ മാങ്കൂട്ടത്തിൽ മൂക്കാതെ പഴുത്തതാണെന്നും എംഎൽഎ സ്ഥാനം തിരിച്ച് വാങ്ങണമെന്നും യോഗത്തിൽ വിമര്‍ശനം ഉയര്‍ന്നു .
ഒരു സ്ത്രീയെ കൊല്ലാൻ തനിക്ക് നിമിഷങ്ങൾ മതിയെന്ന് പറയുന്നത് ക്രിമിനൽ മനസ്സാണ്. അതിന് രാഹുലിന് ആത്മവിശ്വാസം നൽകുന്നത് രാഷ്ട്രീയ പ്രിവിലേജാണ്. കോൺഗ്രസിന്റെ മൂല്യവും ചരിത്രവും അറിയാത്തവർ പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നുവെന്ന് യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. പാർട്ടി ഭാരവാഹിത്വം ക്രിമിനൽ കുറ്റകൃത്യങ്ങൾക്കുള്ള പ്രിവിലേജായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. എംഎൽഎ സ്ഥാനവും പാർട്ടി അധികാര സ്ഥാനങ്ങളും തിരികെ വാങ്ങണം. വോട്ട് ചെയ്ത ജനങ്ങൾക്ക് തിരികെ വിളിക്കാൻ അധികാരമില്ല. എന്നാൽ പാർട്ടി തിരിച്ച് വിളിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാൻ നേരത്തെ പ്രതികരിച്ചിരുന്നു. കേരളത്തിലെ സ്ത്രീകളുടെ മനസാക്ഷിക്കൊപ്പം നില്‍ക്കുക എന്ന ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടതുണ്ട്. രാഹുലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കേന്ദ്ര, സംസ്ഥാന നേതൃത്തോട് സംസാരിച്ചിരുന്നുവെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.