-->
കൊല്ലം സുധിയോടുള്ള അതേ സ്നേഹം അദ്ദേഹത്തിന്റെ ആൺമക്കളായ കിച്ചുവിനോടും റിഥുലിനോടും പ്രേക്ഷകർക്കുണ്ട്. സുധിയുമായും രേണുവുമായും ബന്ധപ്പെട്ട് പലവിധ പ്രശ്നങ്ങളും വിവാദങ്ങളും ഉണ്ടായപ്പോഴും എല്ലാവരും ചിന്തിച്ചിരുന്നത് കിച്ചുവിന്റെയും റിതുലിന്റെയും ഭാവി ജീവിതത്തെ കുറിച്ചായിരുന്നു. അച്ഛൻ പോയെങ്കിലും എന്തിനും ഏതിനും സഹായമായും അഭയമായും റിതുലിന് ഒപ്പം മൂത്തചേട്ടനായ കിച്ചുവുണ്ട്. ഒന്നാം ക്ലാസുകാരമായ റിഥപ്പന്റെ ആറാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് കിച്ചു.
രേണു സുധി ഇന്നലത്തെ എപ്പിസോഡിലൂടെ തന്നെ ഹൗസ്മേറ്റ്സിനൊപ്പം എത്തി തന്റെ പ്രിയപ്പെട്ട മകന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. എല്ലാവരും ഒരുമിച്ച് ഷോയ്ക്കുശേഷം സുധിലയത്തിൽ വന്ന് റിഥപ്പനെ കാണുമെന്നും ഹൗസ്മേറ്റ്സ് അറിയിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് രേണു ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ പങ്കെടുക്കാനായി രേണു ചെന്നൈയിലേക്ക് പോയത്.
അമ്മ അടുത്തില്ലെന്ന സങ്കടം തന്റെ കുഞ്ഞ് അനിയന് ഉണ്ടാകാതിരിക്കാൻ ഗംഭീരമായ പിറന്നാൾ ആഘോഷമാണ് കിച്ചുവിന്റെ നേതൃത്വത്തിൽ ഒരുക്കിയത്. അനിയന് വേണ്ടി പുത്തനുടുപ്പുകളും അവനിഷ്ടമുള്ള പലഹാരങ്ങളും ബെർത്ത്ഡെ കേക്കുമെല്ലാമായാണ് കിച്ചു കൊല്ലത്ത് നിന്നും കോട്ടയത്തെ സുധിലയത്തിൽ എത്തിയത്. ഒപ്പം മറ്റൊരു സർപ്രൈസും കിച്ചു റിതുലിന് നൽകി.
സുധിയുടെ അമ്മയേയും സഹോദരനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും ഇത്തവണ സുധിലയത്തിലേക്ക് കിച്ചു ഒപ്പം കൂട്ടിയിരുന്നു. ഏറെ നാളുകൾക്കുശേഷമാണ് തന്റെ അച്ഛന് പ്രിയപ്പെട്ടവരെ റിഥപ്പൻ കാണുന്നത്. മാത്രമല്ല അച്ഛന്റേയും അമ്മയുടേയും വേണ്ടപ്പെട്ടവർക്കൊപ്പം നല്ലൊരു പിറന്നാൾ ആഘോഷിക്കാൻ റിഥുലിന് സാധിക്കുന്നതും ഇത് ആദ്യമാണ്. സുധിലയത്തിന്റെ ഗൃഹപ്രവേശനത്തിന് സുധിയുടെ അമ്മയും സഹോദരനുമെല്ലാം വന്നിരുന്നു.
പിന്നീട് രേണു അഭിനയത്തിലേക്ക് ഇറങ്ങിയശേഷവും വീടിന്റെ നിർമ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ടും വിവാദമുണ്ടായശേഷം സുധിയുടെ കുടുംബത്തിൽ നിന്നും ആരും സുധിലയത്തിലേക്ക് വന്നിരുന്നില്ല. വല്ലപ്പോഴും കിച്ചു മാത്രം വന്ന് റിഥുലിനെ കണ്ട് മടങ്ങുകയാണ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം മുതൽ കിച്ചുവും കൊല്ലത്തെ ബന്ധുക്കളും സുധിലയത്തിലുണ്ട്. കിച്ചുവിനെ കൂടാതെ രണ്ട് ചേച്ചിമാരെ കൂടി സ്വന്തമായി കിട്ടിയ സന്തോഷത്തിലാണ് റിഥുൽ.
ചേട്ടൻ വാങ്ങിത്തന്ന പുത്തനുടുപ്പും കൂളിങ് ഗ്ലാസുമെല്ലാം വെച്ചായിരുന്നു റിഥുലിന്റെ പിറന്നാൾ കേക്ക് കട്ടിങ്. ചേട്ടന്റെ ആവശ്യപ്രകാരം കിച്ചുവിനൊപ്പം ലൈവിൽ വന്ന് തനിക്ക് പിറന്നാൾ ആശംസകൾ നേർന്നവർക്ക് നന്ദി അറിയിക്കുകയും ചെയ്തു റിഥുൽ. രേണു കൂടി ഉണ്ടായിരുന്നുവെങ്കിൽ പിറന്നാൾ ദിനത്തിൽ റിഥുലിനെ കുറച്ച് കൂടി സന്തോഷവാനായി കാണാമായിരുന്നുവെന്നും കമന്റുകളുണ്ട്.
മക്കളെ രണ്ടുപേരെയും കാണാതെയും സംസാരിക്കാതെയും ഇരിക്കുന്നത് വലിയൊരു മാനസീക വിഷമമാണെന്ന് ഹൗസിൽ വെച്ച് ഇടയ്ക്കിടെ രേണു കരയുകയും പറയുകയും ചെയ്യാറുണ്ട്. അഭിനയത്തിലേക്ക് ഇറങ്ങിയശേഷം രേണു മിക്ക ദിവസങ്ങളിലും വീട്ടിലുണ്ടാവാറില്ല.
പക്ഷെ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും രണ്ട് മക്കളേയും രേണു മുടങ്ങാതെ വിളിച്ച് സംസാരിക്കും. ഹൗസിൽ ഫോൺ പോലും നിഷിദ്ധമാണ്. അതിനാൽ മക്കളുടെ ശബ്ദം പോലും കേൾക്കാൻ പറ്റുന്നില്ലെന്നതാണ് രേണുവിനെ തളർത്തുന്നത്. റിഥുലിന്റെ പിറന്നാളിന്റെ വിശദമായ വ്ലോഗ് വീഡിയോ യുട്യൂബ് ചാനലിൽ വൈകാതെ പങ്കിടുമെന്നും കിച്ചു പറഞ്ഞു. സുധിയുടേയും രേണുവിന്റെയും കുടുംബാംഗങ്ങളെ ഒറ്റ ഫ്രെയിമിൽ കണ്ടതിൽ സന്തോഷമുണ്ടെന്നും കമന്റുകളുണ്ട്.