Thursday, March 12, 2026 Last Updated 7 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 21 Aug 2025 05.17 PM

‘‘പ്രണവ് സിനിമയിലഭിനയിച്ചതു കണ്ടതു കൊണ്ടാകാം വിസ്മയക്കും അങ്ങനെ തോന്നിയത്; എന്റെ മകളായതിനാല്‍ അവര്‍ക്കിനിയും സിനിമ കിട്ടണം എന്നില്ല, സ്വയം തെളിയിക്കണം...’’ മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നത്. ഇ​പ്പോഴിതാ അതിനെക്കുറിച്ച് തുറന്നു പറയുകയാണ് മോഹന്‍ലാല്‍.
uploads/news/2025/08/797036/Untitled-5.jpg
Mohanlal about vismaya mohanlal's big screen entry (Image Source: Youtube)

മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി നിലനില്‍ക്കുന്ന താരരാജാവാണ് മോഹന്‍ലാല്‍. 40 വർഷത്തിലേറെയായി മോഹൻലാൽ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. അഭ്രപാളികളില്‍ അതിശയങ്ങൾ സൃഷ്ടിക്കുന്ന മലയാളത്തിന്റെ മഹാനടന്‍ സ്ക്രീനില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന മോഹൻലാൽ കൊച്ചു കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ലാലേട്ടനാണ്. കരയുമ്പോള്‍ ഒപ്പം കരഞ്ഞും, ചിരിക്കുമ്പോഴും കൂടെ ചിരിച്ചും മലയാളി എന്നും മോഹൻലാലിനൊപ്പമുണ്ട്.
മോഹന്‍ലാലിന്റെ കുടുംബത്തോടും പ്രേക്ഷകര്‍ക്ക് ഒരു വലിയ ഇഷ്ടവും ഹൃദയം നിറയെ സ്നേഹവും ബഹുമാനവുമൊക്കെയുണ്ട്. ഭാര്യ സുചിത്രയുടെയും മക്കളായ പ്രണവിന്റെയും വിസ്മമയുടെയും വിശേഷങ്ങളെല്ലാം ആരാധകര്‍ ഹൃദയപൂര്‍വ്വം ഏറ്റെടുക്കാറുണ്ട്. യാത്രകളും സാഹസികതയുമൊക്കെ ഇഷ്ടപ്പെടുന്ന പ്രണവ്, താന്‍ അഭിനയിച്ച ​ചുരുക്കം സിനിമകളിലൂടെ തന്നെ ഒരു അഭിനേതാവെന്ന നിലയില്‍ കൈയടി നേടിയ താരപുത്രനാണ്. അന്നുമുതല്‍ മകള്‍ വിസ്മയ എന്നാണ് സിനിമയില്‍ തുടക്കം കുറിക്കുകയെന്ന് പ്രേക്ഷകര്‍ ചോദിക്കുന്നുണ്ടായിരുന്നു.
ഒരു മാസത്തിനു മുമ്പ് സംവിധായകന്‍ ജൂഡ് ആന്തണിയുടെ സിനിമയിലൂടെ വിസ്മയ സിനിമാലോകത്തേക്ക് എത്തുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്കിടയിലേക്ക് എത്തിയിരുന്നു. ‘തുടക്കം’ എന്ന സിനിമയിലൂ​ടെ അരങ്ങേറ്റം കുറിക്കുന്ന താരപുത്രിക്ക് നിറഞ്ഞ സ്നേഹമാണ് ആരാധകര്‍ നല്‍കിയത്.
ഇപ്പോഴിതാ മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മോഹന്‍ലാല്‍. ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞത് വിസ്മയയാണെന്നും പ്രണവിന്റെ സിനിമകള്‍ കണ്ടാവും ആ ഇഷ്ടം വന്നതെന്നും തന്റെ മകനും മകളും വലിയ ആക്ടേഴ്‌സാകണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും എല്ലാം ഒരു ഭാഗ്യമാണെന്നും പറയുകയാണ് മോഹന്‍ലാല്‍. പ്രണവിന് പിന്നാലെ മോഹൻലാലിന്റെ മകള്‍‌ വിസ്മയയുടെ സിനിമാ പ്രവേശനം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. താരരാജാവിന്റെ പിന്മുറക്കാർ‌ സിനിമാലോകത്ത് സജീവമാകുന്നു എന്നുള്ളതാണ് ഇതില്‍ ഏറ്റവും സന്തോഷം.
മകളുടെ സിനിമാ പ്രവേശനത്തിന് ആശംസ നേർന്നുകൊണ്ട് വികാര നിർഭരമായ കുറിപ്പ് ലാലേട്ടൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിസ്മയ സിനിമയിലെത്താനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് മോഹൻലാല്‍.

അവർക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞെന്നും ഒരുപക്ഷേ പ്രണവ് സിനിമയിലഭിനയിച്ചതു കണ്ടതു കൊണ്ടാകാം വിസ്മയക്കും അങ്ങനെ തോന്നിയതെന്നും മോഹൻലാല്‍ പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘‘അവർക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞു. സ്കൂളിലൊക്കെ ആക്ടിംഗ് ചെയ്തിട്ടുണ്ട്. ആക്ടിങ് സ്കൂളിലൊക്കെ പഠിച്ചയാളാണ് അവർ. ആക്ടിംഗ് കോഴ്സുകള്‍ ചെയ്തിട്ടുണ്ട്. ഡാന്‍സ് കോഴ്സുകള്‍ ചെയ്തിട്ടുണ്ട്, പെയിന്റിംഗ് കോഴ്സുകള്‍ പഠിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നൊരു കുട്ടിയാണ്. മാര്‍ഷല്‍ ആര്‍ട്സുകള്‍ പഠിച്ചിട്ടുണ്ട്. മുവായ് തായ് എന്ന മാര്‍ഷല്‍ ആര്‍ട്സ് അടക്കം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നൊരു കുട്ടിയാണ്.
ആ കുട്ടി സിനിമയില്‍ അഭിനയിക്കണമെന്ന് താല്പര്യം പ്രകടിപ്പിച്ചു. തുടർച്ചയായി സിനിമ ചെയ്യണമെന്നൊന്നും പറഞ്ഞില്ല. ഒരു സിനിമ ചെയ്യണമെന്നേ പറഞ്ഞുള്ളൂ. ഒരുപക്ഷേ പ്രണവ് സിനിമയിലഭിനയിച്ചതു കണ്ടതു കൊണ്ടാകാം വിസ്മയക്കും അങ്ങനെ തോന്നിയത്. എനിക്കും സിനിമ ചെയ്യാൻ സമയമായി, ഐ ആം പ്രിപ്പയേർഡ് എന്ന് പറഞ്ഞപ്പോഴാണ് ഈ സിനിമയുണ്ടായത്. ജൂഡ് ആന്തണിയുടെ ഒരു കഥ ഇവർക്ക് വളരെ ആപ്റ്റ് ആയിട്ട് തോന്നി. അതും മാർഷ്യല്‍ ആർട്സുമായി ബന്ധമുള്ള സിനിമയാണ്.
ആ കഥ വിസ്മയയോട് പറഞ്ഞപ്പോള്‍, ഞങ്ങള്‍ കേള്‍ക്കുകയും ചെയ്തപ്പോള്‍ ഈ സിനിമയുണ്ടായി. പ്രണവും അങ്ങനെയായിരുന്നു. അയാള്‍ സ്കൂളിലെ ബെസ്റ്റ് ആക്ടർ ഒക്കെയായിരുന്നു. പക്ഷേ അഭിനയത്തോട് വലിയ പ്രതിപത്തിയൊന്നും ഉണ്ടായിരുന്നില്ല. ഒരുഘട്ടം വന്നപ്പോള്‍ ഒരു സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് അയാള്‍ സിനിമയിലെത്തിയത്. ഒരു ആക്ടറുടെ മകനോ മകളോ സിനിമയിലെത്തണമെന്ന് ഒരു നിർബന്ധവുമില്ല. തങ്ങള്‍ക്ക് സ്വന്തമായി ഒരു പ്രൊഡക്ഷന്‍ ഹൗസും മറ്റ് സൗകര്യങ്ങളുമെല്ലാമുള്ളതു കൊണ്ടാണ് അവര്‍ക്ക് സിനിമ ചെയ്തു കൊടുക്കാന്‍ സാധിക്കുന്നത്.
മോഹന്‍ലാലിന്റെ മകളായതു കൊണ്ട് അവര്‍ക്ക് നാളെ ഒരു സിനിമ കിട്ടില്ല. അവര്‍ സ്വയം തെളിയിക്കേണ്ടതുണ്ട്. അവര്‍ എക്‌സൈറ്റഡാണോ എന്ന കാര്യം എനിക്കറിയില്ല. അങ്ങനെയായിരിക്കുമെന്ന് കരുതുന്നു. നമ്മുടെ ഫാമിലിയെല്ലാം സിനിമയുമായി ബന്ധമുള്ളവരാണ്. വൈഫിന്റെ കുടുംബമൊക്കെ സിനിമയുമായി ബന്ധപ്പെട്ടവരായതു കൊണ്ട് അതിലെ എക്‌സൈറ്റ്‌മെന്റ് എനിക്ക് അത്ര അറിയില്ല. എനിക്ക് അങ്ങനെയില്ല. നന്നായി ചെയ്താല്‍ അവര്‍ക്ക് കൊള്ളാം. എന്റെ മകനും മകളും വലിയ ആക്ടേഴ്‌സാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എന്നെക്കുറിച്ച്‌ പോലും ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടില്ല. ഇതെല്ലാം ഒരു ഭാഗ്യമാണ്....’’ മോഹന്‍ലാല്‍ പറഞ്ഞു.
ആരാധകര്‍ ഏറെ കാത്തിരുന്നൊരു ചോദ്യത്തിനുള്ള മറുപടിയാണ് പ്രേക്ഷകരുടെ സ്വന്തം ലാലേട്ടന്‍ ഈ അഭിമുഖത്തിലൂടെ പറഞ്ഞത്. കമന്റുകളിലൂടെ ലാലേട്ടന്റെ മറുപടിക്ക് ലൈക്കും കമന്റുകളും നല്‍കുന്നുണ്ട് ആരാധകര്‍. ‘ലാലേട്ടന്‍ തന്റെ മകനെ​/മകളെ ഒരു വ്യക്തിയായി പരിഗണിക്കുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്..., എന്തൊരു ബഹുമാനമാണ് സ്വന്തം മോളായ വിസ്മമയ്ക്കു പോലും നല്‍കുന്നത്... അവർ, കുട്ടി എന്നൊക്കെ ആണ് പറയുന്നത്, ലവ് യൂ ലാലേട്ടാ... മഹത്തായ വ്യക്തിത്വം, എന്തു പക്വതയുള്ള അഭിപ്രായം.... യാതൊരു അഹങ്കാരവുമില്ല..... അവരുടെ ഭാവി മക്കൾക്കുതന്നെവിടുന്നു...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Thursday 21 Aug 2025 05.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW