-->
കൊച്ചി: ഈ ക്രിമിനലിനെ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടി തനിക്ക് മെസേജ് അയച്ചിരുന്നതായി യുവനേതാവിനെതിരേ വിവാദ വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമപ്രവര്‍ത്തക. ഇക്കാര്യത്തില്‍ താന്‍ ഒറ്റയ്ക്ക് നിന്ന് ധൈര്യത്തോടെ സംസാരിക്കുകയാണെന്നും തനിക്കെതിരേ സൈബര്‍ ആക്രമണം ഉണ്ടാകുന്നുണ്ടെന്നും എന്നാല്‍ അതിനെ ഭയക്കുന്നില്ലെന്നും പ്രതികരിച്ചു.
യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമാണ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കൂടുതല്‍ പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. യുവനേതാവിനെതിരേ കൂടുതല്‍ പേര്‍ക്ക് പരാതിയുണ്ടെന്നും അവരാരും സമൂഹത്തെ ഭയന്ന് തുറന്നുപറയാന്‍ തയാറാകുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് പറയുന്നു, തെരഞ്ഞെടുപ്പ് വരുന്നതുകൊണ്ടുളള ഗിമ്മിക്സ് ആണ്, മറ്റ് പാര്‍ട്ടിക്കാര്‍ ഒപ്പം നില്‍ക്കുന്നുണ്ട്. സ്പോണ്‍സര്‍ ചെയ്യുന്നുണ്ട് എന്നൊക്കെ പറയുന്നുണ്ട്. തനിക്കെതിരേ വലിയ രീതിയില്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്നും എന്നാല്‍ ഭയമില്ലെന്നും അത് അയാളെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നും പറഞ്ഞു. സൈബര്‍ ആക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വന്നത്. അതുകൊണ്ട് അത് കാര്യമാക്കുന്നില്ലെന്നും സൈബര്‍ ആക്രമണം ഈ വ്യക്തിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നതെന്നും പറഞ്ഞു.
യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെ തനിക്കുനേരെ രൂക്ഷമായ സൈബര്‍ ആക്രമണമുണ്ടായെന്നും നടി പറയുന്നു. ശരി തന്റെ ഭാഗത്താണെങ്കില്‍ കാലം അത് തെളിയിക്കുമെന്നും സൈബര്‍ ആക്രമണം കൊണ്ട് പിന്മാറുമെന്ന് കരുതേണ്ടെന്നും പറഞ്ഞു.
ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാമോ എന്ന ചോദ്യം ഉയര്‍ത്തിയാണെന്നതിനാലാണ് വ്യക്തിയുടെ പേരുപറയാത്തതെന്നും വ്യക്തിപരമായ വിഷയമല്ല എന്നും പല പെണ്‍കുട്ടികളും ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നുണ്ട് എന്നതുകൊണ്ട് തുറന്നുപറഞ്ഞു എന്ന് മാത്രമാണെന്നും പറഞ്ഞു.