-->
കോഴിക്കോട് : പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുമ്പോള്‍ ചെറിയപെരുന്നാളാഘോഷിക്കാന്‍ ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളില്‍ കേരളത്തിലേക്കെത്തുന്നവരുടെ തിരക്ക്. നേരിട്ട് വിമാന സര്‍വീസ് ലഭ്യമല്ലാത്തിടങ്ങളില്‍ നിന്ന് സൗദിയിലെ വിമാനത്താവളങ്ങളിലും മസ്‌കത്ത് വിമാനത്താവളത്തിലും ഷാര്‍ജയിലുമെത്തി യാത്ര തുടരുകയാണ് പ്രവാസികള്‍. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഗള്‍ഫ് നഗരങ്ങളില്‍നിന്ന് കേരളത്തിലേക്കു പറന്ന വിമാനങ്ങളില്‍ ഫുള്‍ ലോഡ് യാത്രക്കാരായിരുന്നു.
മണിക്കൂറുകള്‍ കണക്ഷന്‍ ഫ്ളൈറ്റുകള്‍ക്കായി കാത്തിരുന്നും യാത്ര ചെയ്തവരാണേറെയും. ജിദ്ദ, ദമാം, റിയാദ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ പതിവില്‍ കവിഞ്ഞ തിരക്ക് അനുഭവപ്പെട്ടു. ബഹ്റൈനില്‍നിന്ന് നേരിട്ട് വിമാനങ്ങളില്ലാത്തതിനാല്‍ വിവിധ സംഘടനകളും എയര്‍ലൈനുകളും ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് ഫ്ളൈറ്റുകളാണ് പ്രവാസികള്‍ക്ക് സഹായകരമായത്. ഫെബ്രുവരി 28ന് ആദ്യ അക്രമമുണ്ടായ ദിവസം മുതല്‍ ബഹ്്‌റൈന്‍ വ്യോമപാത അടച്ചിട്ടിരിക്കുകയാണ്.
ബഹ്്‌റൈനിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ നിന്നാണ് ഇറാനെ ലക്ഷ്യമാക്കി ആദ്യ അക്രമമുണ്ടായത്. അതു കൊണ്ടു തന്നെ ഇറാന്റെ രൂക്ഷമായ തിരിച്ചടിയും നേരിടേണ്ടി വരുന്നതും ഗള്‍ഫിലെ കൊച്ചുരാജ്യമായ ബഹ്‌റൈനാണ്. ബഹ്‌റൈന്‍ വിമാനത്താവളം പ്രവര്‍ത്തനരഹിതമാണ്. കഴിഞ്ഞ ദിവസം ഇറാന്‍ വിമാനത്താവളത്തിലെ ഒരു വലിയ ഇന്ധന ടാങ്ക് ബോംബിട്ട് തകര്‍ത്തിരുന്നു. വിമാനങ്ങളെല്ലാം ദമാം വിമാനത്താവളത്തിലേക്ക് മാറ്റിയതിനാല്‍ ഒരു വിമാനവും നശിച്ചില്ല. വ്യോമാക്രമണ സൈറണ്‍ മുഴങ്ങുന്നതും ആളുകള്‍ മൊബൈല്‍ ഫോണുകളുമായി ബാല്‍ക്കണിയിലേക്ക് ഓടുന്നതും പതിവാണ്. പൊട്ടിത്തെറിക്കുന്ന മിസൈലുകള്‍ രാത്രി ആകാശത്തെ പ്രകാശിപ്പിക്കുന്നു.
ഫെബ്രുവരി 28 ന് യുഎസും ഇസ്രയേലും ബോംബാക്രമണം നടത്തിയതുമുതല്‍ ഇറാനില്‍ നിന്നുള്ള തുടര്‍ച്ചയായ പ്രതികാര വ്യോമാക്രമണങ്ങളെയാണ് ബഹ്‌റൈന്‍ നിവാസികള്‍ നേരിടുന്നത്. ഇറാനിലെ ധനകാര്യ സ്ഥാപനത്തിന് നേരെ ഇസ്രായില്‍-യു.എസ് അക്രമമുണ്ടായതിന്റെ പ്രത്യാഘാതവും ഇവിടേക്ക് തന്നെ. യു.എസ് ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ഇറാന്‍ നോട്ടമിടാന്‍ സാധ്യതയേറെയാണ്. ഇത്തരം സ്ഥാനങ്ങള്‍ക്കടുത്തു നിന്ന് താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. മലയാളികളുടെ ആശങ്ക ഇരട്ടിപ്പിക്കുന്നത് നിലയ്ക്കാത്ത മിസൈല്‍ ആക്രമണങ്ങളാണ്.
സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും ബാങ്കുകളും അടച്ചിടുകയും ചെയ്തതിനാല്‍, കൂടുതല്‍ പ്രവാസികള്‍ അവരുടെ കുടുംബങ്ങളെ സുരക്ഷിതമായി നാട്ടിലേക്ക് അയയ്ക്കാന്‍ ആഗ്രഹിക്കുന്നു,യു.എസ് പ്രതിരോധ സംവിധാനമുള്ളത് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും താമസക്കാര്‍ക്കും ആശ്വാസം പകരുന്നു. പ്രതിരോധിച്ച മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീഴുന്നതും ഭീഷണിയാണ്. ബഹ്‌റൈനിലെ നാല് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പൗരന്മാരില്‍ മൂന്ന് ലക്ഷം മലയാളികളുണ്ട്, എല്ലാവരും സുരക്ഷിതരാണ്. എന്നിരുന്നാലും, മുന്‍ കരുതലെന്ന നിലയില്‍ കുടുംബത്തെ നാട്ടിലയക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. എയര്‍ ഇന്ത്യ ബഹ്‌റൈനിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തണമെന്നതാണ് പ്രവാസികളുടെ അടിയന്തരാവശ്യം.
* സി.ഒ.ടി അസീസ്