Friday, March 20, 2026 Last Updated 55 Min 48 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 19 Mar 2026 11.38 PM

കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിപ്പട്ടി: ഖാര്‍ഗെയും രാഹുലും കണ്ണുരുട്ടി, ‘വിധേയനായി’ സുധാകരന്‍, എം.പിമാരില്‍ ആര്‍ക്കും സീറ്റില്ല കണ്ണൂര്‍ കലാപം അടിച്ചമര്‍ത്തി ഹൈക്കമാന്‍ഡ്‌

uploads/news/2026/03/831165/k1.jpg

ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡിന്റെ കര്‍ശന നിലപാടിനു മുന്നില്‍ കെ. സുധാകരന്‍ എം.പി. വഴങ്ങിയതോടെ സംസ്‌ഥാനത്തെ കോണ്‍ഗ്രസില്‍ സ്‌ഥാനാര്‍ഥിപ്പട്ടിക വിവാദത്തിനു വിരാമം. താന്‍ എന്നും പാര്‍ട്ടിക്കു വിധേയനെന്നും കോണ്‍ഗ്രസ്‌ വിടില്ലെന്നും കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്നും സുധാകരന്‍ വ്യക്‌തമാക്കി.
''പാര്‍ട്ടിയില്‍ തുടരും, പ്രവര്‍ത്തിക്കും. പുതിയ കാര്യങ്ങളുമായി മുന്നോട്ടുപോകും. സ്‌ഥാനാര്‍ഥിത്വം നിഷേധിച്ചതല്ലേയുള്ളൂ, പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കിയില്ലല്ലോ. സ്വതന്ത്രനായി മത്സരിക്കില്ല. പാര്‍ട്ടിയുടെ അംഗീകാരമുണ്ടെങ്കില്‍ മത്സരിക്കും. ഇല്ലെങ്കില്‍ ഇല്ല. എല്ലായിടത്തും എനിക്ക്‌ ആളുകളുണ്ട്‌. അത്‌ കമ്മിറ്റി ഉണ്ടാക്കാനും നേതാക്കന്മാരെ ഉണ്ടാക്കാനുമല്ല.
പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്‌. പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ല. പാര്‍ട്ടി എത്രയോ വലുതാണ്‌. ഞാന്‍ എത്രയോ ചെറുതാണ്‌. ഞാന്‍ പാര്‍ട്ടിയെ എന്ത്‌ വെല്ലുവിളിക്കാനാണ്‌? പാര്‍ട്ടിക്കു വിധേയനായി നില്‍ക്കാനാണ്‌ തീരുമാനം. അതനുസരിച്ച്‌ മുന്നോട്ടുപോകും''- സുധാകരന്‍ പറഞ്ഞു. ഡല്‍ഹില്‍നിന്നു വിമാനത്താവളത്തിലേക്കു പോകവേ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡും കെ. സുധാകരനും രണ്ടുദിവസമായി രൂക്ഷമായ തര്‍ക്കത്തിലായിരുന്നു. കണ്ണൂര്‍ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്നായിരുന്നു സുധാകരന്റെ നിലപാട്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.പിമാര്‍ മത്സരിക്കേണ്ടെന്നു ഹൈക്കമാന്‍ഡും ഉറച്ച നിലപാടെടുത്തു. അങ്ങനെയെങ്കില്‍ താന്‍ കടുത്ത തീരുമാനത്തിലേക്കു പോകുമെന്ന്‌ സുധാകരന്‍ സൂചന നല്‍കിയതോടെ നേതൃത്വം വഴങ്ങിയെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സ്വരം കടുപ്പിച്ചതോടെ സുധാകരന്‍ പാര്‍ട്ടിക്കു വഴങ്ങുകയായിരുന്നു. ഖാര്‍ഗെ നേരിട്ട്‌ വിളിച്ചതോടെ സുധാകരന്‍ അയഞ്ഞു. എം.പിമാരില്‍ ഒരാള്‍ക്ക്‌ സീറ്റ്‌ നല്‍കിയാല്‍ മറ്റുള്ളവര്‍ക്കും കൊടുക്കേണ്ടിവരുമെന്ന്‌ ഖാര്‍ഗെ സുധാകരനോട്‌ പറഞ്ഞതായാണ്‌ സൂചന. കണ്ണൂരില്‍ ടി.ഒ. മോഹനനാണ്‌ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയെന്നു വ്യക്‌തമായതോടെ സ്വതന്ത്രനായി സുധാകരന്‍ മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം.
എ.കെ. ആന്റണി, രമേശ്‌ ചെന്നിത്തല തുടങ്ങി മുതിര്‍ന്നനേതാക്കളും കണ്ണൂര്‍ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇടപെട്ടിരുന്നു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഫോണില്‍ വിളിച്ച്‌ സുധാകരന്‍ ഗുഡ്‌ ബൈ പറഞ്ഞതായും അഭ്യൂഹമുയര്‍ന്നിരുന്നു. ഡല്‍ഹിയിലെത്തിയശേഷവും തന്നെ തഴയുന്നതില്‍ സുധാകരന്‍ കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. 'നമ്മളോടൊക്കെ ആര്‌ ചര്‍ച്ച ചെയ്യാന്‍, നമ്മളൊക്കെ ആരാണ്‌' എന്ന ചോദ്യമാണ്‌ അദ്ദേഹം ആദ്യം ഉയര്‍ത്തിയത്‌. പ്രശ്‌നം പരിഹരിക്കപ്പെട്ടതോടെ സുധാകരന്‍ ഇന്ന്‌ വിളിച്ചുചേര്‍ക്കാനിരുന്ന പത്രസമ്മേളനവും വേണ്ടെന്നുവച്ചു. സുധാകരനൊപ്പം നിയമസഭാ സീറ്റ്‌ ആവശ്യപ്പെട്ട യു.ഡി.എഫ്‌. കണ്‍വീനര്‍ അടൂര്‍ പ്രകാശിനും ഹൈക്കമാന്‍ഡിന്റെ കടുത്ത നിലപാട്‌ നിരാശ സമ്മാനിച്ചു.

Ads by Google
സ്വന്തം ലേഖകന്‍
Thursday 19 Mar 2026 11.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW