-->
ന്യൂഡല്‍ഹി : ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷ തെറ്റിക്കാതെ മലയാളി താരം സഞ്ജു സാംസണും ടീമിലിടം നേടി. സൂര്യകുമാർ യാദവ് തന്നെയാണ് ക്യാപ്റ്റൻ. ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി എത്തി. ജസ്പ്രീത് ബുമ്രയും തിരിച്ചെത്തി. ശ്രേയസ് അയ്യരെ ടീമിലേക്ക് പരിഗണിക്കാത്തത് ശ്രദ്ദേയമായി.
സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ടീമിലെത്തി. ഇംഗ്ലണ്ടില്‍ തിളങ്ങിയ വാഷിംഗ്ടണ്‍ സുന്ദറെ പരിഗണിച്ചില്ല. അര്‍ഷ്ദീപ് സിംഗിനും ജസ്പ്രീത ബുമ്രക്കുമൊപ്പം മൂന്നാം പേസറായി ഹര്‍ഷിത് റാണ ടീമിലെത്തി. അതോടെ പ്രസിദ്ധ് കൃഷ്ണ പുറത്തായി. പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും സ്പിന്‍ ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേലും ടീമിലുണ്ട്.
ട്വന്റി20 ഫോർമാറ്റിലുള്ള ടൂർണമെന്റിന്റെ ആതിഥേയർ ഇന്ത്യയാണെങ്കിലും മത്സരങ്ങൾ യുഎഇയിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28ന് നടക്കും. സെപ്റ്റംബർ 14ന് ദുബായിൽ വച്ചാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം. ഇന്ത്യ, പാക്കിസ്ഥാൻ, യുഎഇ, ഒമാൻ ടീമുകളാണ് എ ഗ്രൂപ്പിലുള്ളത്. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഹോങ്കോങ് ടീമുകളാണ് ബി ഗ്രൂപ്പില്‍.