-->
മുംബൈയിലെ ഭക്ഷണപ്രേമികള്‍ക്ക് ഏറെയിഷ്ടമുളള സ്നാക്സാണ് വട പാവ്. തെരുവോരങ്ങളിലടക്കം സ്വാദിന്റെ വൈവിധ്യം തീര്‍ക്കുന്ന വട പാവ് കച്ചവടക്കാര്‍ മുംബൈയില്‍ എണ്ണമെടുക്കാവുന്നതില്‍ അധികമാണ്. മുംബൈയില്‍ മാത്രം ഇരുപതിനായിരം വടാ പാവ് കച്ചവടക്കാർ ഉണ്ടെന്നാണ് കണക്കുകള്‍.
ഇപ്പോഴിതാ ഇവരില്‍ ഒരാളായ തന്റെ അമ്മയെ കുറിച്ച് മാർക്കറ്റിങ് മാനേജറായ മകള്‍ ഇഷിഷ ധന്‍മെഹര്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് ജീവിതം പടുത്തുയർത്തിയ വടാ പാവ് കച്ചവടക്കാരിയായ അമ്മയെകുറിച്ച് അഭിമാനത്തോടെയാണ് ഇഷിക ലിങ്ക്ഡിനിലൂടെ പങ്കിട്ടത്. 11 വർഷങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ ഒരു ബിഎംസി ആശുപത്രിക്ക് പുറത്താണ് ഇഷികയുടെ അമ്മ തന്റെ വട പാവ് കട ആരംഭിച്ചത്. ഇഷികയുടെ അമ്മൂമ്മ ആ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു.
‘‘എന്റെ അമ്മ മുംബൈയിൽ ഒരു വട പാവ് സ്റ്റാൾ നടത്തുന്നു. ബിഎംസി ആശുപത്രിക്ക് പുറത്ത്. എന്റെ നാനി ആശുപത്രിക്കുള്ളിൽ ജോലി ചെയ്യുന്നു. 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് തുടങ്ങിയപ്പോൾ കാര്യങ്ങൾ അത്ര സുഗമമായിരുന്നില്ല. ഓരോ ദിവസവും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നു. കട തർക്കപ്പെടും, എന്തെങ്കിലും മോഷണം പോകും, ചുറ്റുമുള്ളവർ കളിയാക്കും ആശുപത്രി ജീവനക്കാർ പോലും ശാന്തമായി സമാധാനത്തോടെ ജോലി ചെയ്യാൻ അമ്മയെ അനുവദിക്കില്ല. എന്നാല്‍ പിൻവാങ്ങാൻ അമ്മ തയ്യാറായതുമില്ല, പരാതിപ്പെടാനും നിന്നില്ല.
അമ്മ തന്റെ കഠിനാധ്വാനം തുടർന്നു. വില്‍ക്കുന്ന ഭക്ഷണം ശുചിത്വമുള്ളതാണെന്ന് തെളിയിച്ചു. എല്ലാം വീട്ടില്‍ തയ്യാറാക്കിയതാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തി. അങ്ങനെ ആളുകളെ തന്റെ ഭക്ഷണത്തിന്റെ ആരാധകരാക്കി. പതുക്കെ, അമ്മ അവരെ സ്നേഹിക്കാൻ പ്രേരിപ്പിച്ചു. ഒരിക്കല്‍ മാറ്റി നിർത്തിയവർ ഇപ്പോള്‍ ആശുപത്രി പിക്നിക്കുകള്‍ക്ക് അമ്മയെ ക്ഷണിക്കുന്നു.
ആളുകളുമായി ബന്ധം സ്ഥാപിക്കാനുള്ള മിടുക്ക് അമ്മയ്ക്കുണ്ട്. മറാത്തി, ഗുജറാത്തി, തെലുഗു, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ അമ്മ പഠിച്ചെടുത്തു, ആളുകളോട് അവരുടെ മാതൃഭാഷയില്‍ സംസാരിച്ചാണ് അമ്മ കച്ചവടം നടത്തിയിരുന്നത്. ഭയപ്പെടാതെ ചോദ്യം ചോദിക്കുകയും ഭക്ഷണങ്ങള്‍ വാങ്ങിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്കു. ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നു, വിശ്വാസം വളർത്തുന്നു. അതാണ് അമ്മയുടെ പ്രത്യേകത. സഹായങ്ങള്‍ ചോദിച്ചില്ലെങ്കിലും അമ്മയെത്തേടി സഹായങ്ങള്‍ എത്തി.
വട പാവിന്റെ ട്രെൻഡുകള്‍ മാറുന്നതിനനുസരിച്ച് അമ്മ തന്റെ വിഭവങ്ങളിലും മാറ്റം കൊണ്ടുന്നു. സുഹൃത്തിനെ കാണാനെത്തുന്ന ആവേശത്തോടെ ചില കസ്റ്റമേഴ്സ് അവിടെ ഇടയ്ക്ക് എത്തും. ഔപചാരിക വിദ്യാഭ്യാസം ഇല്ലെങ്കിലും ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, ഉദ്യോഗസ്ഥർ എന്നിവർ ബഹുമാനത്തോടെയാണ് അമ്മയെ കാണുന്നത്. എന്തുകൊണ്ട്? കാരണം അമ്മ യഥാർത്ഥയാണ്. കർക്കശക്കാരിയാണ്. ഒരിക്കലും പുഞ്ചിരിക്കുന്നത് നിർത്തുന്നില്ല. ചെയ്യുന്നതിനെ അമ്മ ഇഷ്ടപ്പെടുന്നു.
എന്റെ അമ്മയുടെ കഷ്ടപ്പാടുകളെ കുറിച്ചോ പോരാട്ടത്തെക്കുറിച്ചോ അല്ല ഈ പോസ്റ്റ്. മറിച്ച് ഒരാളുടെ വ്യക്തിത്വം എങ്ങനെ അവരുടെ ശക്തിയാക്കാം എന്നതിനെ കുറിച്ചാണ്. കൃത്യമായി ആശയവിനിമയം നടത്തി സംസാരിക്കാനും സത്യസന്ധമായ ബന്ധങ്ങള്‍ കെട്ടിപ്പടുത്താനുമാണ് ഞാന്‍ അമ്മയില്‍ നിന്ന് പഠിച്ചത്....അമ്മയില്‍ നിന്ന് എനിക്ക് ലഭിച്ചത് ഇത്രയേയുള്ളുവെങ്കിലും എനിക്ക് ആവശ്യമുള്ളതെല്ലാം അതിലുണ്ട്...’’ ഇഷിക കുറിച്ചു. അന്ദേരി ഈസ്റ്റിലെ മറോലിലാണ് ഇവരുടെ വടാ പാവ് കട പ്രവർത്തിക്കുന്നത്.
പോസ്റ്റ് വൈറലായതോടെ ഇതിനു താഴെ പലരും കമന്റുകള്‍ കുറിക്കുന്നുണ്ട്. പ്രചോദനം തരുന്ന പോസ്റ്റാണെന്നും കട എവിടെയാണെന്നും അമ്മയുടെ ചിത്രം തന്നെ അവരുടെ വിജയത്തെ സൂചിപ്പിക്കുന്നെന്നും പലരും കമന്റുകളില്‍ കുറിച്ചു.