-->
കൊച്ചി: വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണത്തിനിടയില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ലാത്ത സുരേഷ്‌ഗോപി ഇന്ന് തൃശൂരിലെത്തും. വിവാദത്തിനിടയില്‍ നടന്ന വലിയ സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് ബിജെപി. വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണത്തില്‍ മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും താരം മൗനം തുടരുകയാണ്. ഇന്ന് തൃശൂരില പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാവിലെ 9.30 തൃശ്ശൂരിലെത്തുന്ന കേന്ദ്രമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. ന്യൂഡല്‍ഹിയില്‍ നിന്നും പുലര്‍ച്ചെ 2.30 ഓടെ തിരുവനന്തപുരത്തെത്തിയ സുരേഷ് ഗോപി 5.15 ന് തിരുവനന്തപുരത്ത് നിന്നും വന്ദേഭാരതിലാണ് തൃശ്ശൂരിലേക്ക് പുറപ്പെട്ടത്. വോട്ടര്‍പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും കേന്ദ്ര മന്ത്രി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ഡല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും സുരേഷ് ഗോപി ഒഴിഞ്ഞുമാറുകയായിരുന്നു.
ഇന്നലെ രാത്രി സംഘടിപ്പിച്ച സിപിഐഎം ഓഫീസ് മാര്‍ച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സുരേഷ്‌ഗോപി ആശുപത്രിയിലെത്തി സന്ദര്‍ശിക്കുന്നുണ്ട്. അതിനിടെ ഇന്ന് പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. ഇന്നലെ എംപിയുടെ ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചതില്‍ പ്രതിഷേധിച്ച് സിപിഐഎമ്മിനെതിരേ ബിജെപി സിപിഎം ജില്ലാക്കമ്മറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിന് മുന്നില്‍ സ്ഥാപിച്ച എം പിയുടെ പേരെഴുതിയ ബോര്‍ഡിലാണ് വിപിന്‍ എന്നയാള്‍ കരി ഓയില്‍ ഒഴിച്ചത്. ഇതിന് പിന്നാലെയാണ് സിപിഐഎം ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.