Sunday, March 15, 2026 Last Updated 46 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 11 Aug 2025 03.06 PM

ഇതു താന്‍ട്രാ പോലീസ് ; രൂക്ഷമായ ഗതാഗതകുരുക്ക് മാറ്റാന്‍ റോഡിലൂടെ ഓടി ആംബുലന്‍സിന് വഴി ഒരുക്കി എഎസ്​ഐ അപര്‍ണ്ണ ലവകുമാര്‍; ബിഗ് സല്യൂട്ടുമായി ജനങ്ങള്‍

തൃശൂര്‍ ടൗണില്‍ ആംബുലന്‍സിന് പോകാനായി വഴിയൊരുക്കി നല്‍കിയ എഎസ്ഐ അപര്‍ണ്ണ ലവകുമാറിന്റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്.
ASI Aparna Lavakumar
Aparna Lavakumar ASI clearing the way for an ambulance (Image Source: Instagram)

ചിലപ്പോഴൊക്കെ ട്രാഫിക് പോലീസുകാര്‍ ദൈവത്തിന്റെ കരങ്ങളായി മാറാറുണ്ട്. പ്രത്യേകിച്ച് ആംബുലന്‍സ് പോലെ പിടയുന്ന ജീവനുമായി പറക്കുന്ന വാഹനങ്ങള്‍ക്ക് വഴിയൊരുക്കി കൊടുക്കുമ്പോള്‍. വലിയ ഗതാഗതക്കുരുക്കിനിടയില്‍ ആംബുലന്‍സിന് പോകാനുള്ള വഴി തടസ്സപ്പെടുമ്പോള്‍ വഴിയൊരുക്കി കൊടുക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇതിനു മുമ്പും സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി മാറിയിട്ടുണ്ട്.
ഇപ്പോഴിതാ അക്കൂട്ടത്തില്‍ ബിഗ് സല്യൂട്ട് ഏറ്റുവാങ്ങുകയാണ് എഎസ്ഐ അപര്‍ണ്ണ ലവകുമാര്‍. തൃശ്ശൂർ കോലോത്തും പാടത്ത് അശ്വിനി ജംഗ്ഷനിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം നടന്നത്. രൂക്ഷമായ ​ഗതാ​ഗതക്കുരുക്കിനിടെ അത്യാസന്ന നിലയിൽ രോ​ഗിയുമായി വന്ന ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കുന്ന അപർണയെ വീഡിയോയില്‍ കാണാം. തനിക്കു മുന്നില്‍ പാഞ്ഞു പോകുന്ന ആ ആംബുലൻസിൽ ഒരു ജീവനുണ്ടെന്നും, ആ ജീവന്റെയും സമയത്തിന്റെയും വില മനസ്സിലാക്കുകയും ചെയ്ത അപര്‍ണ്ണ ഗതാ​ഗതക്കുരുക്ക് രൂക്ഷമാണെന്ന് തിരിച്ചറിഞ്ഞതോടെ ആംബുലൻസിന് പിന്നാലെ ഓടിവന്ന് മുന്നിലുള്ള വാഹനങ്ങളിലെ ഡ്രൈവർമാരോട് വാഹനം ഒതുക്കാന്‍ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം.
ഏറെ ദൂരം ഓടി മറ്റു വാഹനങ്ങളെ റോഡിന്റെ വശങ്ങളിലേക്ക് ഒതുക്കുകയും ആംബുലൻസിന് സുഗമമായി പോകാൻ വഴിയൊരുക്കുകയും ചെയ്ത ശേഷമാണ് അവർ പിന്മാറിയത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്കുള്ള യാത്രയിലായിരുന്നു ആംബുലൻസ്. ആംബുലന്‍സിന്റെ മുന്നിലിരുന്നവര്‍ തന്നെയാണ് എഎസ്ഐ അപര്‍ണ്ണയുടെ വൈകാരികമായ ജോലി നിര്‍വഹണം ​ക്യാമറയില്‍ പകര്‍ത്തിയതും, പങ്കിട്ടതും. വീഡിയോ വൈറലായതോടെ നിറഞ്ഞ കൈയടിയും ബിഗ് സല്ല്യൂട്ടുമാണ് ജനങ്ങള്‍ അപര്‍ണ്ണയ്ക്ക് നല്‍കുന്നത്.

തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐയാണ് അപർണ്ണ ലവകുമാർ. 2002-ൽ കേരള പോലീസിന്റെ ഭാഗമായ അപർണ 2009-ൽ ഒല്ലൂർ പോലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളായിരുന്നപ്പോഴാണ് ആദ്യമായി വാർത്തകളിൽ നിറഞ്ഞത്. ഒരു സ്ത്രീയുടെ മൃതദേഹം ബില്ലടയ്ക്കാതെ വിട്ടുനൽകാൻ വിസമ്മതിച്ച ആശുപത്രി അധികൃതർക്കു മുന്നിൽ വീട്ടുകാർ ബുദ്ധിമുട്ടുന്നതു കണ്ട അപർണ, അന്ന് ആ വീട്ടുകാര്‍ക്ക് തന്റെ മൂന്നുസ്വർണവളകൾ ഊരി കൊടുത്തു.
ഒരാളുടെ ക്രൂരമായ ആക്രമണത്തിനു വിധേയയായി കൊല്ലപ്പെട്ട നിരാലംബയായ സ്ത്രീയുടെ മൃതദേഹം മണിക്കൂറുകളോളം അനാഥമായി കിടക്കേണ്ടിവന്നത് ഒരു സ്ത്രീയായ തന്റെ മനസ്സിനെ വേദനിപ്പിച്ചുവെന്നും അതുകൊണ്ടാണ് അത്തരമൊരവസ്ഥയിൽ ഇങ്ങനെ ചെയ്തതെന്നുമായിരുന്നു അന്ന് അപർണ പറഞ്ഞത്. ഈ സംഭവം അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
പിന്നീട് 2019-ൽ, മുടി കൊഴിഞ്ഞ കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കി നൽകുന്നതിനായി തന്റെ മുടി മുഴുവനായി മുറിച്ചുനൽകി മൊട്ടയടിച്ചതോടെ വീണ്ടും അപർണ വാർത്തയിലെ താരമായി. ഇരിങ്ങാലക്കുടയിലെ തൃശ്ശൂർ റൂറൽ വനിതാ പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്നു അന്ന് അപർണ ലവകുമാർ. തന്റെ ഉത്തരവാദിത്തങ്ങൾ തീരുന്നില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ മിടുക്കി ഉദ്യോഗസ്ഥ.

Ads by Google
Monday 11 Aug 2025 03.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW