-->
മലയാള സിനിമയിലെ താരസംഘടനയ്ക്ക് അടുത്തിടെയായി ശനിദശ തന്നെയാണ്. ഓരോന്ന് കഴിയുമ്പോള്‍ ഓരോന്നായിട്ടുള്ള പ്രശ്നങ്ങള്‍ നിറയുകയാണ്. അടുത്തിടെയായി താരസംഘടനയിലെ നേതൃത്വം സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പും അതിന് വേണ്ടി മത്സരിക്കാനെത്തുന്ന വ്യക്തികളുടെ ബാക്ക്ഗ്രൗണ്ടുമൊക്കെയാണ് വാര്‍ത്തകളില്‍ നിറയുന്നത്.
നേതൃത്വ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ശ്വേത മേനോന്റെ പേരില്‍ വന്ന വിചിത്രമായ കേസാണ് സിനിമാലോകത്തും സോഷ്യല്‍ മീഡിയയിലും അമ്പരപ്പും ചര്‍ച്ചയും സൃഷ്ടിക്കുന്നത്. സാമ്പത്തിക ലാഭത്തിനുവേണ്ടി സിനിമയില്‍ അശ്ലീലരംഗങ്ങളില്‍ അഭിനയിച്ചെന്നാണ് നടി ശ്വേത മേനോന് എതിരെ തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരി പരാതി നല്‍കിയിരിക്കുന്നത്.
ഈ പരാതിയില്‍ എറണാകുളം സിജെഎം കോടതി നിർദേശത്തെത്തുടർന്ന് എറണാകുളം സെൻട്രല്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ സിനിമാരംഗത്തു നിന്നും സാംസ്കാരിക രംഗത്തു നിന്നുമെല്ലാം നിരവധി പേരാണ് ശ്വേതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോഴിതാ ശ്വേതയ്ക്ക് പിന്തുണയുമായി അഭിനേതാവായ ഇര്‍ഷാദ് പങ്കിട്ട കുറിപ്പും ശ്രദ്ധ നേടുകയാണ്. സെൻസർഷിപ്പ് ലഭിച്ച സിനിമകളില്‍ അഭിനയിച്ചതിന് അഭിനേതാക്കളെ തേടി കേസ് എത്തുന്നതിനെ ആക്ഷേപഹാസ്യരൂപേണ കുറിക്കുന്ന ഇര്‍ഷാദ് പാഠം ഒന്ന് ഒരു വിലാപത്തില്‍ അഭിനയിച്ചതിന് ഇനി തനിക്കും മീര ജാസ്മിനുമൊക്കെ കേസിനെ നേരിടേണ്ടി വരുമോ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നത്.
‘‘അറിഞ്ഞിടത്തോളം മീര ജാസ്മിൻ ഇപ്പോള്‍ അമേരിക്കയില്‍ ആണെന്ന് കേള്‍ക്കുന്നു. സേതുരാമ അയ്യരെ ഇറക്കി അന്വേഷിച്ചിട്ടും ഏതെങ്കിലും വക്കീലിനെ ബന്ധപ്പെട്ടോ എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല!
ഞാൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ കൊടുക്കണോ? അതോ ഒളിവില്‍ പോണോ?...’’ എന്നാണ് ഇര്‍ഷാദ് കുറിച്ചിരിക്കുന്നത്. ഒപ്പം ശ്വേത മേനോന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള ഹാഷ് ടാഗും നല്‍കിയിട്ടുണ്ട്. സ്റ്റാന്‍ഡ് വിത്ത് ശ്വേത മേനോന്‍, പ്രൊട്ടക്ട്ആര്‍ട്ടിസ്റ്റ് റൈറ്റ്സ്, മിസ്യൂസ് ഓഫ് ലോ, സെന്‍സര്‍ഷിപ്പ്, ആര്‍ട്ടിസ്റ്റിക് ഫ്രീഡം തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് പോസ്റ്റ്.
ശ്വേതയും നടൻ ദേവനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ശ്വേത മേനോന്‍ അമ്മ പ്രസിഡന്‍റാകാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് പുതിയ കേസ് ഉയർന്നു വന്നിരിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
തനിക്കെതിരേ എടുത്ത കേസില്‍ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ നടപടി വസ്തുതകള്‍ പരിശോധിക്കാതെയാണ് കോടതി നടപടികളെന്നും രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിലാണ് താൻ അഭിനയിച്ചതെന്നും അതിന് പുരസ്കാരങ്ങളടക്കം ലഭിച്ചിരുന്നുവെന്നും നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ശ്വേത ഹർജി നല്‍കിയിരിക്കുന്നത്.